12 ചുവപ്പുസിഗ്നലുകൾ മറികടന്ന് പാഞ്ഞ യുവാവിനെ അതിസാഹസികമായി പിടികൂടി ഷാർജ പൊലീസ്. മണിക്കൂറിൽ 160 വേഗതയിൽ കാർ ഓടിച്ച ലാൻഡ് ക്രൂയിസർ പ്രാഡോയിലാണ് 28കാരൻ ചീറിപ്പാഞ്ഞത്. യുവാവിനെ ക്രിമിനൽ കോടതിയിൽ ഹാജരാക്കി.

അജ്മാനിലെ വ്യവസായ മേഖലയിൽ വാഹനപരിശോധന ഭയന്നാണ് യുവാവ് ഷാർജ ഭാഗത്തേക്ക് കുതിച്ചത്. ഇയാളെ പൊലീസ് പിന്തുടരുകയായിരുന്നു. പലയിടങ്ങളിലും അപകടമുണ്ടാകേണ്ടതായിരുന്നു എന്ന് പൊലീസ് പറയുന്നു. വാഹനം നിര്‍ത്താൻ ആവശ്യപ്പെട്ടെങ്കിലും അമിതവേഗത്തിൽ കുതിക്കുകയായിരുന്നു യുവാവ്.

സ്വന്തം നാട്ടുകാരനായ മറ്റൊരാളും യുവാവിനൊപ്പമുണ്ടായിരുന്നു. 10 പട്രോൾ ടീമുകളെ കൂടി വ്യന്യസിച്ചാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. റോ‍ഡ് ഡിവൈഡറിലിടിച്ച് വാഹനം നിന്നപ്പോൾ മുന്നിലെത്തിയ പൊലീസിനെ ഇടിച്ചിട്ട് വാഹനവുമായി കടന്നുപോകാൻ ശ്രമിച്ചെങ്കിലും തങ്ങൾ ടയറിന്റെ കാറ്റഴിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പട്രോൾ സംഘത്തിൽ നിന്ന് രക്ഷപ്പെടാനാണ് താൻ വാഹനം അമിതവേഗത്തിലോടിച്ചതെന്ന് യുവാവ് സമ്മതിച്ചു.