ലണ്ടന്‍: ലൈംഗികാരോപണങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം 22 ജീവനക്കാരെ പുറത്താക്കിയെന്ന് ചാരിറ്റബിള്‍ സംഘടനകളുടെ അന്താരാഷ്ട്ര തലത്തിലുള്ള കോണ്‍ഫെഡറേഷനായ ഓക്‌സഫാം. ചാരിറ്റികള്‍ക്ക് നല്‍കുന്ന ഫണ്ടുകളില്‍ നിരീക്ഷണം വേണമെന്ന് ക്യാംപെയിനര്‍മാര്‍ സര്‍ക്കാരുകളോട് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് കുറ്റാരോപിതര്‍ക്ക് എതിരെ തങ്ങള്‍ സ്വീകരിച്ച നടപടികളേക്കുറിച്ച് വിശദീകരണവുമായി ഓക്‌സ്ഫാം രംഗത്തെത്തിയത്. ഹോളിവുഡ് നിര്‍മാതാവായ ഹാര്‍വി വെയിന്‍സ്‌റ്റെയിനെതിരെ ആരോപണങ്ങള്‍ ഉയരുകയും വെളിപ്പെടുത്തലുകളുമായി നടിമാരുള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയതും ലൈംഗികാരോപണങ്ങളില്‍ സ്വീകരിച്ച നടപടികളേക്കുറിച്ച് വ്യക്തമാക്കാന്‍ ഓക്‌സ്ഫാമിനെ പ്രേരിപ്പിച്ചു.

5000ത്തോളം ജീവനക്കാരാണ് ഓക്‌സ്ഫാമിന് ഉള്ളത്. ഇവരില്‍ 87 പേര്‍ക്കെതിരെ കഴിഞ്ഞ വര്‍ഷം ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. മുന്‍ വര്‍ഷത്തേക്കാള്‍ 36 ശതമാനം വര്‍ദ്ധനയാണ് ഇക്കാര്യത്തില്‍ രേഖപ്പെടുത്തിയത്. ഡോണര്‍മാരും സര്‍ക്കാരുകളും തങ്ങള്‍ നല്‍കുന്ന ഫണ്ടുകളുടെ ഗുണഭോക്താക്കളെക്കുറിച്ച് കൂടുതല്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്ന് മെഗാന്‍ നോബര്‍ട്ട് എന്ന ചാരിറ്റി പ്രവര്‍ത്തക റോയിട്ടേഴ്‌സിനോട് പറഞ്ഞു. സൗത്ത് സുഡാനില്‍ ഐക്യരാഷ്ട്രസഭാ സമാധാന സേനക്കൊപ്പം പ്രവര്‍ത്തിക്കുന്നതിനിടെ സഹപ്രവര്‍ത്തകനാല്‍ ബലാല്‍സംഗം ചെയ്യപ്പെട്ട ഇവരാണ് റിപ്പോര്‍ട്ട് ദി അബ്യൂസ് എന്ന ക്യാംപെയിന്‍ ഗ്രൂപ്പ് സ്ഥാപിച്ചത്.

ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളില്‍ 75 ശതമാനത്തിലും നടപടിയെടുക്കാറുണ്ടെന്ന് ഓക്‌സ്ഫാം പറയുന്നു. 53 ആരോപണങ്ങള്‍ പോലീസിന് കൈമാറി. 33 എണ്ണത്തില്‍ ആഭ്യന്തര അന്വേഷണം നടത്തിയെന്നും ഓക്‌സ്ഫാം അറിയിച്ചു.