ഓക്‌സ്ഫാം ലൈംഗികാരോപണങ്ങള്‍; പുതിയ വെളിപ്പെടുത്തലുമായി മുന്‍ എക്‌സിക്യൂട്ടീവ്; ചാരിറ്റി ഷോപ്പുകളിലെ കൗമാരക്കാരായ വോളന്റിയര്‍മാര്‍ പീഡിപ്പിക്കപ്പെടുന്നു; നേതൃത്വത്തിനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് ആവശ്യം

by News Desk 5 | February 13, 2018 5:43 am

ലണ്ടന്‍: പ്രമുഖ ചാരിറ്റിയായ ഓക്‌സ്ഫാമിലെ ലൈംഗികാരോപണങ്ങള്‍ പെരുകുന്നു. ചാരിറ്റിയുടെ യുകെയിലുള്ള ഷോപ്പുകളില്‍ വോളന്റിയര്‍മാരായി ജോലി നോക്കുന്ന കൗമാരക്കാര്‍ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെടുന്നതായി മുന്‍ സേഫ്ഗാര്‍ഡിംഗ് മേധാവിയായിരുന്ന ഹെലന്‍ ഇവാന്‍സ് വെളിപ്പെടുത്തി. വിദേശരാജ്യങ്ങളിലെ ചില വോളന്റിയര്‍മാര്‍ സഹായം നല്‍കുന്നതിനായി ലൈംഗിക ദുപുയോഗം നടത്തിയെന്നും അവര്‍ പറഞ്ഞു. ചാരിറ്റിയില്‍ തന്റെ മേലധികാരികള്‍ താന്‍ നല്‍കിയ തെളിവുകള്‍ അവഗണിച്ചുവെന്നും തന്റെ നിര്‍ദേശങ്ങള്‍ ചെവിക്കൊണ്ടില്ലെന്നും ആരോപിച്ച ഇവാന്‍സ് ഇതാണ് താന്‍ ഓക്‌സ്ഫാം വിടാന്‍ കാരണമെന്നും വിശദീകരിച്ചു.

യുകെയിലെ ചാരിറ്റി ഷോപ്പുകളുടെ മാനേജര്‍മാര്‍ നടത്തുന്ന ലൈംഗിക ചൂഷണങ്ങള്‍ മറച്ചുവെക്കപ്പെടുകയാണെന്നും ബലാല്‍സംഗമാണ് പലയിടത്തും നടക്കുന്നതെന്നും അവര്‍ ആരോപിച്ചു. പത്ത് ശതമാനം ജീവനക്കാരും ലൈംംഗികമായി പീഡിപ്പിക്കപ്പെടുകയോ അതിന് സാക്ഷികളാകുകയോ ചെയ്തിട്ടുണ്ടെന്നും ഇവാന്‍സ് പറഞ്ഞു. ഓക്‌സ്ഫാം ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് പെന്നി ലോറന്‍സ് ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ രാജിവെച്ചതിനു പിന്നാലെയാണ് ഇവാന്‍സ് ഈ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്. എയിഡ് മേഖലയിലെ ലൈംഗികാരോപണങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ചെയ്തു.

ബ്രിട്ടനിലെ വോളന്റിയര്‍മാര്‍ ക്രിമിനല്‍ പരിശോധനകള്‍ക്ക് വിധേയരാകാറില്ലെന്നുള്ള ഇവാന്‍സിന്റെ പരാതി മുതിര്‍ന്ന ഓക്‌സ്ഫാം മാനോജര്‍മാരും ചാരിറ്റി കമ്മീഷനും ഹോം ഓഫീസും അവഗണിച്ചതായും പരാതിയുണ്ട്. ഇവാന്‍സിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ഓക്‌സ്ഫാം എക്‌സിക്യൂട്ടീവുകള്‍ക്കും യുകെയിലെ ചില മുതിര്‍ന്ന ജീവനക്കാര്‍ക്കുമെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. ചാരിറ്റി പൊതുധനം ഉപയോഗിക്കുന്ന വിഷയത്തിലും എതിര്‍പ്പുകള്‍ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്.

എയിഡ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുന്നൂറോളം പേര്‍ ലൈംഗിക ചൂഷണങ്ങള്‍ക്ക് വിധേയരായിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം മുന്‍ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് സെക്രട്ടറി പ്രീതി പട്ടേല്‍ പറഞ്ഞിരുന്നു. പീഡനങ്ങള്‍ വ്യക്തമാണെന്നും അവ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. വെളിപ്പെടുത്തലുകളിലുള്ളത് മഞ്ഞുമലയുടെ മേല്‍ഭാഗം മാത്രമാണെന്ന് വ്യക്തമാക്കിയ അവര്‍ ഖേലയില്‍ വലിയ തോതിലുള്ള പീഡനങ്ങളാണ് നടക്കുന്നതെന്നും വ്യക്തമാക്കി.

Source URL: /index.php/oxfam-scandal-deepens-with-allegations-of-sex-for-aid-and-abuse-in-charity-shops/