സംസ്ഥാന സര്‍ക്കാരിന്റെ പ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതില്‍ യുകെ മലയാളി അസോസിയേഷനുകള്‍ക്ക് ഓക്സ്മാസ് മാതൃകയായി. പൊന്നിന്‍ ചിങ്ങത്തിലെ തിരുവോണനാളിനെ വരവേല്‍ക്കുവാന്‍ വേണ്ടി നാടും നഗരവും, വര്‍ണ്ണാഭമായ അലങ്കാരങ്ങള്‍ കൊണ്ടും ആഘോഷങ്ങള്‍ക്കു വേണ്ടിയും ഒരുങ്ങിക്കൊണ്ടിരിക്കുമ്പോള്‍, തികച്ചും ആകസ്മികവും, കേരള ചരിത്രത്തില്‍ കേട്ടുകേള്‍വി ഇല്ലാത്തതും നാളിതുവരെ ഉണ്ടായിട്ടില്ലാത്തതുമായ മഹാപ്രളയം ഉണ്ടായി. ഈ പ്രളയത്തില്‍ കേരളത്തിന്റെ അങ്ങോളും ഇങ്ങോളും ഉള്ളതായ താഴ്ന്ന പ്രദേശങ്ങളിലേയും, നദീതീരങ്ങളിലും ഉണ്ടായിരുന്ന സകല ആളുകളുടെയും സ്വപ്നങ്ങള്‍ കടപുഴക്കി കൊണ്ട് അനേകം ആളുകളുടെ ജീവനും, സ്വത്തും, സമ്പത്തും നിമിഷ നേരം കൊണ്ട് മഹാപ്രളയത്തില്‍ ഒലിച്ചുപോയി. ഈ മഹാവിപത്തില്‍ പെട്ട് ഉഴലുന്ന ജനവിഭാഗത്തിന്റെ കണ്ണുനീരൊപ്പാന്‍ വേണ്ടി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച സഹായ നിധിയിലേക്ക് ഓക്‌സ്‌ഫോര്‍ഡ് മലയാളി അസോസിയേഷനും വലിയ ഒരു കൈത്താങ്ങ് ആയി.

നവോത്ഥാന നേട്ടങ്ങളിലൂടെ കേരളം കൈവരിച്ച സാഹോദര്യവും സമൂഹ നന്മയും കൈമുതലായുള്ള ലോക മലയാളി സമൂഹത്തോട് കേരള മുഖ്യമന്ത്രി നടത്തിയ സഹായാഭ്യര്‍ത്ഥനയെ തുടര്‍ന്ന് ഓക്‌സ് ഫോര്‍ഡിലെ ഏറ്റവും വലിയ മലയാളി കൂട്ടയ്മയായ ഓക്‌സ്മാസ് ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ റദ്ദാക്കിക്കൊണ്ട് മഹാപ്രളത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായം ചെയ്യുന്നതിനായി ഓണാഘോഷ പരിപാടികളുടെ തുകയും, കമ്മറ്റിയുടെ പ്രത്യേക താത്പര്യപ്രകാരം അംഗങ്ങളില്‍ നിന്ന് പിരിച്ചെടുത്ത തുകയും കൂടിചേര്‍ത്ത് എട്ട് ലക്ഷം രൂപയുടെ ചെക്ക്, ഓക്‌സ്മാസ് പ്രസിഡന്റ് ശ്രീ.ജോബി ജോണ്‍ തിരുവനന്തപുരത്തു നേരിട്ടെത്തി ബഹു. കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനു കൈമാറി. തുക ഏറ്റുവാങ്ങി കൊണ്ട് മുഖ്യമന്ത്രി ഓക്മാസ് പ്രവര്‍ത്തനങ്ങളെ പറ്റി അന്വേഷിക്കുകയും കമ്മറ്റിക്കാരെയും, അംഗങ്ങളെയും പ്രത്യേക നന്ദി അറിയിക്കുകയും ചെയ്തു.