അംഗബലം കൊണ്ടും സംഘടനാ പ്രവര്‍ത്തങ്ങള്‍കൊണ്ടും ഓക്‌സ്‌ഫോര്‍ഡിലെ ഏറ്റവും വലിയ സംഘടനയായ ഓക്സ്മാസിന്റെ ക്രിസ്തുമസ്, പുതുവത്സരാഘോഷം നിറഞ്ഞ സദസില്‍ വച്ച് പ്രൗഢഗംഭീരമായി ആഘോഷിച്ചു. യേശുക്രിസ്തുവിന്റെ തിരുപ്പിറവി വിളിച്ചറിയിക്കുന്നു കരോളില്‍ ഗായകസംഘത്തിന്റെ അകമ്പടിയോടു കൂടി ക്രിസ്തുമസ് പാപ്പാ (വര്‍ഗീസ് ജോണ്‍) വേദിയില്‍ എത്തി ക്രിസ്തുമസ് സന്ദേശം നല്ലിയതോടെ ആഘോഷപരിപാടികള്‍ ആരംഭിച്ചു. സമാജം പ്രസിഡന്റ് ജോബി ജോണിന്റെ അധ്യക്ഷതയില്‍ കൂടിയ പൊതു സമ്മേളനത്തില്‍ സെക്രട്ടറി സജി തെക്കേക്കര സ്വാഗതവും പ്രമോദ് കുമരകം, ബിനോയ് വര്‍ഗീസ്, മീന മനോജ് ആശംസകളും പ്രിന്‍സി വര്‍ഗീസ് നന്ദിയും അറിയിച്ചു.

നമ്മുടെ സംസ്‌കാരത്തെയും മൂല്യങ്ങളെയും പൈതൃ കത്തെയും വരും തലമുറയിലേക്കു കൈമാറുന്നതിനും, സമാജ അംഗങ്ങള്‍ തമ്മില്‍ ഉള്ള പരസ്പര സ്‌നേഹവും ഐക്യവും ഊട്ടി ഉറപ്പിക്കാന്‍ ഇങ്ങനെയുള്ള ആഘോഷങ്ങള്‍ സഹായകമാകട്ടെ എന്ന് സെക്രട്ടറിയും, നമ്മുടെ സമൂഹത്തില്‍ സംഘടനാ പ്രവര്‍ത്തനത്തിന്റെ ആവശ്യകതയെയും പരിപാടികളെ പറ്റിയും പ്രസിഡന്റ് യും സൂചിപ്പിക്കുകയും കലാപരിപാടികളുടെ വിജയത്തിന് വേണ്ടി ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചു വരുന്ന ആര്‍ട്‌സ് കോര്‍ഡിനേറ്റേഴ്സ് ശ്രീ. രൂപേഷ് ജോണ്‍, ജിനിതാ നൈജോ, സോണിയ സന്തോഷ് എന്നിവരെ പൊതുയോഗത്തില്‍ അനുമോദിക്കുകയും ചെയ്തു.

തുടര്‍ന്ന് നടന്ന കലാ പരിപാടികളുടെ ആദ്യ ഇനമായ ഓക്സ്മാസ് ഡാന്‍സ് അക്കാദമിയിലെ 60ല്‍പരം കുട്ടികളെ അണിനിരത്തി സുജാത ടീച്ചര്‍ അണിയിച്ചൊരുക്കിയ വെല്‍ക്കം ഡാന്‍സ് അക്ഷരാര്‍ത്ഥത്തില്‍ സദസിനെ വിസ്മയം കൊള്ളിച്ചു, കൂടാതെ ആഘോഷപരിപാടികള്‍ക്ക് മാറ്റുകൂട്ടുന്നതിനു വേണ്ടി നയനമനോഹരങ്ങളായ നൃത്തനൃത്യങ്ങള്‍, രസകരങ്ങളായ സ്‌കിറ്റുകള്‍, കോമഡി പരിപാടികള്‍, ശ്രവണ സുന്ദരമായ ഗാനങ്ങള്‍, ഭക്തിനിര്‍ഭരമായ കരോള്‍ ഗാനങ്ങള്‍, സിനിമാറ്റിക് ബാലേ എല്ലാം തികച്ചും അംഗങ്ങളെ ആനന്ദത്തില്‍ ആറാടിച്ചു. ഇതോടൊപ്പം ഓക്സ്മാസ് ഡാന്‍സ് അക്കാദമി കുട്ടികളുടെ ഗ്രേഡ് എക്സാമിനേഷന്റെ സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തുകയുണ്ടായി.

സംഘടനാ പ്രവര്‍ത്തനത്തില്‍ അംഗങ്ങളുടെ സംഘ ബോധത്തില്‍ പരസ്പര സഹകരണത്തില്‍ യുകെയിലെ വലിയ സമാജങ്ങളുടെ പട്ടികയില്‍ ഇടം നേടിയ ഓക്സ്മാസ് വേറെ ഒരു സഘടനകളുടെയും പിന്‍ബലമില്ലാതെ അതിന്റെ ജൈത്രയാത്ര തുടരുകയാണ്. സമാജ അംഗങ്ങളുടെ ആത്മാര്‍ത്ഥമായ സഹകരണം ഒന്നുമാത്രമാണ് ഓക്സ്മാസിന്റെ പ്രവര്‍ത്തന വിജയമെന്ന് ഒരിക്കല്‍ കൂടി തെളിച്ചുകൊണ്ട് മുന്നോട്ടു പോകുകയാണ്. ഏപ്രില്‍ 27 നടക്കുന്നു ഈസ്റ്റര്‍ &വിഷു ആഘോഷവേളയില്‍ കൂടുതല്‍ കരുത്തോടെ ഐക്യത്തോടെ കാണാമെന്ന വിശ്വാസത്തോടെ ആഘോഷപരിപാടികള്‍ അവസാനിച്ചു.