പി.സി. ജോര്‍ജ് എംഎൽഎ മുണ്ടക്കയത്ത് എസ്റ്റേറ്റ് തൊഴിലാളികളെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്നു പരാതി. ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട പരാതിയെത്തുടര്‍ന്നാണ് എംഎൽഎ സ്ഥലത്തെത്തിയത്. ആസിഡ് ഒഴിക്കുമെന്ന് എംഎല്‍എ ഭീഷണിപ്പെടുത്തിയെന്നും തൊഴിലാളികള്‍ ആരോപിച്ചു.

മുണ്ടക്കയത്ത് ഹാരിസൺ എസ്റ്റേറ്റിലെ ഭൂമി കയ്യേറിയതുമായി ബന്ധപ്പെട്ട പ്രശ്നത്തിലാണ് സ്ഥലം എംഎൽഎകൂടിയായ പി.സി. ജോർജ് ഇടപെട്ടത്. എംഎൽഎ സ്ഥലത്ത് എത്തിയതറിഞ്ഞ് തൊഴിലാളികളും സ്ഥലത്തെത്തി. ഇതേത്തുടർന്നാണ് സ്ഥിതി സംഘർഷഭരിതമായത്. രൂക്ഷമായ വാക്കുതർക്കമാണ് ഇരുപക്ഷവും തമ്മിൽ ഉണ്ടായത്. ഇതിനിടെ പി.സി. ജോർജ് ഉപയോഗിച്ച ചില വാക്കുകൾ പിൻവലിക്കണമെന്ന് തൊഴിലാളികൾ നിലപാടെടുത്തു. ഇതു നടക്കില്ലെന്ന് പി.സി. ജോർജും വ്യക്തമാക്കി. ഇതോടെ കൂടുതൽ തൊഴിലാളികൾ സ്ഥലത്തെത്തി. പി.സി. ജോർജ് മടങ്ങിപ്പോകണമെന്ന് മുദ്രാവാക്യം മുഴക്കി. ഇതോടെ പ്രകോപിതനായ പി.സി. ജോർജ് കയ്യിലുണ്ടായിരുന്ന പിസ്റ്റളെടുത്ത് തൊഴിലാളികൾക്ക് നേരെ ചൂണ്ടുകയായിരുന്നു. ഇതോടെ, ജോർജിനൊപ്പം ഉണ്ടായിരുന്നവരും ചില തൊഴിലാളി നേതാക്കളും ഇടപെട്ട് രംഗം ശാന്തമാക്കി.

അതേസമയം പാവപ്പെട്ട തൊഴിലാളികളുടെ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചവര്‍ക്ക് നേരെയാണ് താന്‍ തോക്കെടുത്തതെന്ന് പി സി ജോര്‍ജ് പ്രതികരിച്ചു. കയ്യിലുള്ളത് ലൈസൻസുള്ള തോക്കാണ്. വേണ്ടിവന്നാൽ വെടിയുതിർക്കാനും മടിക്കില്ല. പ്രശ്നത്തിന് പരിഹാരം കാണാൻ ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.