ന്യൂഡൽഹി∙ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡനപരാതി നൽകിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച കേസിൽ പി.സി.ജോർജ് എംഎൽഎ നേരിട്ടു ഹാജരാകുക തന്നെ വേണമെന്ന് ദേശീയ വനിതാ കമ്മിഷൻ അറിയിച്ചു. ജോർജിനു വേണ്ടി അഭിഭാഷകൻ ഹാജരായതിൽ കമ്മിഷൻ അതൃപ്തി രേഖപ്പെടുത്തി. ഈ മാസം 13–ന് നേരിട്ടു ഹാജരാകാൻ കമ്മിഷൻ നിർദേശം നൽകി.

അപകീർത്തികരമായ പരാമർശം നടത്തിയെന്ന കന്യാസ്ത്രീയുടെ പരാതിയിൽ കഴിഞ്ഞ ദിവസം പി.സി.ജോർജിനെതിരെ കേസെടുത്തിരുന്നു. കുറവിലങ്ങാട് പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. ഐപിസി 509 –ാം വകുപ്പു പ്രകാരം എടുത്ത കേസിൽ ഒരു വർഷം വരെ തടവും പിഴയും ലഭിക്കാം. അടുത്ത ദിവസം പി.സി. ജോർജിന്റെ മൊഴി എടുക്കും. അറസ്റ്റു ചെയ്താലും ജാമ്യം ലഭിക്കും. അറസ്റ്റ് അടക്കമുള്ള നടപടികൾക്കു നിയമസഭാ സ്പീക്കറുടെ അനുമതി പൊലീസ് തേടും.

കന്യാസ്ത്രീക്കെതിരെ മോശം പരാമർശം നടത്തിയതിൽ ദുഃഖമുണ്ടെന്നു പി.സി.ജോർജ് പറഞ്ഞിരുന്നു. ഒരു സ്ത്രീക്കെതിരെയും ഉപയോഗിക്കാൻ പാടില്ലാത്ത വാക്കാണത്. വൈകാരികമായി നടത്തിയ പരാമർശത്തിൽ ദുഃഖമുണ്ട്. എന്നാൽ, മറ്റാരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.