ചലച്ചിത്ര പിന്നണിഗാനാലാപനരംഗത്ത് അന്‍പതുവര്‍ഷം പൂര്‍ത്തിയാക്കിയ മലയാളികളുടെ സ്വന്തം ദേവഗായകന്‍ ശ്രീ. പി. ജയചന്ദ്രന്റെ ശബ്ദം ഇന്നും കാല്‍പനികവും നിത്യഹരിതവുമാണ്. കാലം കാത്തുസൂക്ഷിച്ച മധുരസ്വരവും ആലാപനവുമാണ് അദ്ദേഹത്തിന്റേത്. കുംഭമാസത്തിലെ തിരുവാതിര നക്ഷത്രമായ 2016 ഫെബ്രുവരി 18നാണ് അദ്ദേഹത്തിന്റെ എഴുപത്തിരണ്ടാം പിറന്നാള്‍. മാര്‍ച്ച് 3ന് ജന്മദിനവും. ഗാനാലാപനരംഗത്ത് അന്‍പതുവര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ കാലാതിവര്‍ത്തിയായ ആയിരക്കണക്കിന് മധുരഗാനങ്ങളില്‍ക്കൂടി ഓരോ മലയാളിയുടെയും ഹൃദയത്തില്‍ സ്ഥാനം പിടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഓരോ ഗാനവും നമ്മുടെ മനസ്സുകളില്‍ അനുഭൂതികളുടെ വസന്തം സൃഷ്ടിക്കുന്നു.
ശ്രീ. പി. ജയചന്ദ്രന്റെ അനുഗ്രഹീതശബ്ദം കാലം കഴിയുംതോറും ചെറുപ്പമായിക്കൊണ്ടിരിക്കുന്ന ഒരു പ്രതിഭാസമാണ്. ഇക്കഴിഞ്ഞ 2015ലും ഈ നിത്യഹരിതഗായകന്റെ ശബ്ദത്തില്‍ ഇരുപതിലേറെ അതിമനോഹരങ്ങളായ ഗാനങ്ങള്‍ നാം ആസ്വദിച്ചു. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ഹിറ്റ് ഗാനങ്ങളും ജയേട്ടന്റേതുതന്നെ. ‘ചിറകൊടിഞ്ഞ കിനാവുകള്‍’ എന്ന ചിത്രത്തില്‍ ഹരിനാരായണന്‍ദീപക് ദേവ് ടീമിന്റെ ‘നിലാക്കുടമേ..നിലാക്കുടമേ’ എന്ന സുന്ദരഗാനം കഴിഞ്ഞ ഒരു വര്‍ഷത്തോളമായി സംഗീതസ്‌നേഹികളുടെ പ്രിയഗീതമാണ്. ഈ പ്രകൃതിയുടെ സമസ്തസൌന്ദര്യങ്ങളും സ്വന്തം പ്രണയിനിക്ക് സമര്‍പ്പിക്കുന്ന പ്രണയഭാവങ്ങളുടെയുള്ളില്‍ നോവിന്റെ ഒരു കണികയെ ഗാനത്തില്‍ ആദ്യന്തം ജ്വലിപ്പിച്ചുനിര്‍ത്തുന്ന ശ്രേഷ്ഠമായ ആലാപനവൈഭവം വേറിട്ടുനില്ക്കുന്നു. ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഗാനങ്ങള്‍ എക്കാലവും മലയാളിക്ക് പ്രിയമാണ്.

‘ജിലേബി’ എന്ന ചിത്രത്തിലെ ‘ഞാനൊരു മലയാളി’, ‘ഉടോപ്യയിലെ രാജാവ്’ എന്ന ചിത്രത്തിലെ ‘ചന്തം തെളിഞ്ഞൂ ചന്ദ്രിക വന്നൂ’, ‘മൈ ഗോഡ്’ എന്ന ചിത്രത്തിലെ ‘പണ്ട് പണ്ടാരോ’ എന്നിവ ജയചന്ദ്രന്റെ ശബ്ദത്തില്‍ കഴിഞ്ഞ വര്‍ഷം കേട്ട ഇത്തരത്തിലുള്ള ഗാനങ്ങളാണ്. മലയാളിയ്ക്ക് ഇന്ന് അന്യമായിക്കൊണ്ടിരിക്കുന്ന ആ പഴയ കാലത്തെ നല്ല സ്മരണകള്‍ ഉണര്‍ത്തി മനസ്സുകളിലെ ‘മതിലുകളും’ ‘അതിരുകളും’ ഇല്ലാതാക്കുന്ന ഗാനമാണ് ഈസ്റ്റ്‌കോസ്റ്റ് വിജയന്‍ രചിച്ച് ബിജിബാല്‍ സംഗീതം നല്കിയ ഞാനൊരു മലയാളി.

ജയചന്ദ്രന്റെ ഓരോ ഗാനവും നിലാവിന്റെ സുഖാനുഭൂതി പകര്‍ന്നുനല്‍കുന്നവയാണ്. ദേവഗായകന്റെ മുഴക്കമുള്ള മധുരസ്വരത്തിലുള്ള ‘ചന്തം തെളിഞ്ഞൂ ചന്ദ്രിക വന്നൂ’ എന്ന ഗാനം സ്‌നേഹത്തിന്റെ ചന്ദ്രിക പെയ്യിക്കുന്നു. ഇതുപോലെ അടിമുടി മലയാളിത്തം നിറഞ്ഞുനില്ക്കുന്ന റഫീക്ക് അഹമ്മദും ബിജിബാലും ചേര്‍ന്നൊരുക്കിയ ‘പണ്ടു പണ്ടാരോ കൊണ്ടുകളഞ്ഞൊരു’ എന്ന ഗാനം ജയചന്ദ്രന്റെ കാല്‍പ്പനികമായ ആലാപനത്താല്‍ ധന്യമാകുമ്പോള്‍ ഓരോ ശ്രോതാവിന്റെയും മനസ്സില്‍ സ്വര്‍ഗീയമായ ആനന്ദാനുഭൂതി നിറയുന്നു. ബാല്യകാലത്തിന്റെ നിഷ്‌കളങ്കതയും കൊച്ചുപിണക്കങ്ങളും പ്രണയവുമെല്ലാം ആവിഷ്‌കരിക്കുന്ന ഗാനമാണ് ‘ആന മയില്‍ ഒട്ടകം’ എന്ന ചിത്രത്തിലെ ‘വരിനെല്ലിന്‍ പാടത്ത്’. ഈ ഗാനം ആലപിക്കുമ്പോഴുള്ള സൂക്ഷ്മമായ ഭാവപ്രകടനങ്ങള്‍ ദേവഗായകന്റെ സ്വരത്തിന് എന്നും പതിനാറാണെന്ന് ഓരോ ശ്രോതാവിനും തോന്നിപ്പിക്കുന്നു.

ലളിതമായ വരികളും സംഗീതവും ഒരുമിച്ചുചേര്‍ന്ന ഏവര്‍ക്കും ആസ്വാദ്യകരവും വ്യത്യസ്തവുമായ ഒരു ഗാനമാണ് ‘എന്നു നിന്റെ മോയ്തീനി’ലെ ‘ശാരദാംബരം ചാരു ചന്ദ്രികാ ധാരയില്‍’. അയത്‌നലളിതമായ ആലാപനത്തിലൂടെ ഹൃദയങ്ങള്‍ തമ്മിലുള്ള പ്രണയത്തിന്റെ ആഴം ആവിഷ്‌കരിക്കുന്ന ഒരു ഗീതമാണ് ‘എന്റെ ജനലരികിലിന്ന് ഒരു ജമന്തിപ്പൂ വിരിഞ്ഞു’. സരളമായ സംഗീതത്തിന്റെ ഭാഷയിലൂടെയുള്ള ഈ ഗാനം ‘സു സുധി വാത്മീകത്തില്‍’ സന്തോഷ് വര്‍മ്മ ബിജിബാല്‍ ടീമിന്റെതാണ്. നിര്‍മ്മലമായ അനുരാഗത്തിന് വര്‍ണ്ണനാതീതമായ തലങ്ങള്‍ ഉണ്ടെന്ന് ആലാപനവൈഭവത്തിലൂടെ അദ്ദേഹം വീണ്ടും തെളിയിച്ച ഗാനം.

സ്വപ്നതുല്യമായ കൗതുകങ്ങളും അദ്ഭുതങ്ങളും ഓരോ സംഗീതാസ്വാദകനും അനുഭവിച്ചറിയാനാകുന്ന രണ്ടു ഗാനങ്ങളാണ് 2015ല്‍ ജയചന്ദ്രന്‍ ആലപിച്ചത്. ‘ഞാന്‍ സംവിധാനം ചെയ്യും’ എന്ന ചിത്രത്തിലെ ‘മറന്നോ സ്വരങ്ങള്‍’,ജയചന്ദ്രന്റെ സ്വരവിശേഷം കൊണ്ട് ശ്രദ്ധേയമാണ് ‘ഉറുമ്പുകള്‍ ഉറങ്ങാറില്ല’ എന്ന ചിത്രത്തിലെ ‘മുത്തേ മുത്തേ സ്വപ്നം പോലെ’ എന്ന മധുരമായ വിരഹഗാനവും, ഇവ രണ്ടും യുഗ്മഗാനങ്ങളാണ്. ‘റോക്ക്സ്റ്റാര്‍’ എന്ന ചിത്രത്തിലെ ‘അരികില്‍ നിന്നരികില്‍’ എന്ന ഗാനം ആരംഭിക്കുന്നതുതന്നെ ജയചന്ദ്രന്റെ സ്വരത്തിലെ ഹൃദയഹാരിയായ ഒരു ഹമ്മിങ്ങിലൂടെയാണ്. ഭാവതീവ്രമായ ആലാപനം പ്രണയിക്കുന്ന മനസ്സുകലെ അകലാതെ അരികത്തുതന്നെ നിര്‍ത്തുന്ന പ്രതീതി സൃഷ്ടിക്കുന്നു.അനുരാഗത്തിന്റെ സുഖം പകരുന്ന മറ്റൊരു ഗാനം.

എല്ലാം നഷ്ടപ്പെട്ട് തേങ്ങുന്ന ഒരു മനസ്സിന്റെ ദു:ഖത്തിന്റെ തീവ്രത അനുപമമായ ഭാവസ്പര്‍ശത്തില്‍ വികാരഭരിതമായ ആലാപനത്തിലൂടെ നമ്മുടെ ഹൃദയങ്ങളിലെത്തിക്കുന്ന കുക്കിലിയാര്‍ എന്ന ചിത്രത്തിലെ ‘മതിലേഖ മിഴി ചാരി മറയുന്നതെന്തേ..ഒരു വാക്കു പറയാതെ അകലുന്നതെന്തേ..’ എന്ന ഗാനം എത്ര കേട്ടാലും മതിവരില്ല. അസാമാന്യഭാവസ്പര്‍ശത്തിലൂടെ അദ്ദേഹത്തിന്റെ അനുപമമായ ആലാപനശൈലി വ്യക്തമാക്കുന്ന മറ്റൊരു ഗാനമാണ് ‘കളിയച്ഛനി’ലെ ‘പാപലീലാലോലനാവാന്‍’. ദേവഗായകന്‍ ജയചന്ദ്രന്റെ നിത്യഹരിതസ്വരത്തില്‍ കാലത്തെ അതിജീവിക്കുന്ന ഒട്ടേറെ മനോഹരഗാനങ്ങള്‍ കഴിഞ്ഞ അന്‍പതുവര്‍ഷങ്ങളായി മലയാളികള്‍ കേട്ടുകൊണ്ടിരിക്കുന്നു, ഇന്നും.

പിന്നിട്ട അമ്പതു വര്‍ഷങ്ങളായി ശ്രീ. പി. ജയചന്ദ്രന്‍ ആലപിച്ച ആയിരക്കണക്കിന് മലയാളചലച്ചിത്രഗാനങ്ങളില്‍ ഞാന്‍ തിരഞ്ഞെടുത്ത അതിസുന്ദരങ്ങളായ മുപ്പത് പഴയ അപൂര്‍വ്വഗാനങ്ങള്‍ ഇതാ:

1. പകലുകള്‍ വീണു (മാപ്പുസാക്ഷി, 1972) ശ്രീകുമാരന്‍ തമ്പി എം. എസ്. ബാബുരാജ്
2. ശൃംഗാരഭാവനയോ (സപ്തസ്വരങ്ങള്‍, 1974) ശ്രീകുമാരന്‍ തമ്പി വി. ദക്ഷിണാമൂര്‍ത്തി
3. നീരാട്ടുകടവിലെ നീരജങ്ങള്‍ (കല്യാണസൗഗന്ധികം, 1975) പി. ഭാസ്‌കരന്‍ പുകഴേന്തി
4. മാരി പൂമാരി (ബോയ്ഫ്രണ്ട്, 1975) ശ്രീകുമാരന്‍ തമ്പി ജി. ദേവരാജന്‍
5. കളഭചുമരു വച്ച മേട (അവള്‍ ഒരു തുടര്‍ക്കഥ, 1975) വയലാര്‍ എം. എസ്. വിശ്വനാഥന്‍
6 . പഞ്ചമി പാലാഴി (പഞ്ചമി, 1976) യൂസഫലി കേച്ചേരി എം. എസ്. വിശ്വനാഥന്‍
7. സ്വരങ്ങള്‍ നിന്‍ പ്രിയസഖികള്‍ (കന്യാദാനം, 1976) ശ്രീകുമാരന്‍ തമ്പി എം. കെ. അര്‍ജ്ജുനന്‍
8. നിശാസുന്ദരീ നില്‍ക്കൂ (ലൈറ്റ് ഹൗസ്, 1976) ശ്രീകുമാരന്‍ തമ്പി എം. കെ. അര്‍ജ്ജുനന്‍
9. ആരെടാ വലിയവന്‍ (നീലസാരി, 1976) ചെറി വിശ്വനാഥ്‌വി. ദക്ഷിണാമൂര്‍ത്തി
10. വര്‍ണ്ണച്ചിറകുള്ള വനദേവതേ (സഖാക്കളേ മുന്നോട്ട്, 1977) മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ജി. ദേവരാജന്‍
11. സുഗന്ധീ സുമുഖീ (കര്‍ണ്ണപര്‍വ്വം, 1977)മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ജി. ദേവരാജന്‍
12. തല കുലുക്കും ബൊമ്മ (ആരാധന, 1977) ബിച്ചു തിരുമല കെ. ജെ. ജോയ്
13. നീലമേഘമാളികയില്‍ (യത്തീം, 1977) പി. ഭാസ്‌കരന്‍എം. എസ്. ബാബുരാജ്
14. മംഗലപ്പാല തന്‍ (മധുരസ്വപ്നം, 1977) ശ്രീകുമാരന്‍ തമ്പി എം. കെ. അര്‍ജ്ജുനന്‍
15. ഉത്സവകൊടിയേറ്റകേളി (വരദക്ഷിണ, 1977) ശ്രീകുമാരന്‍ തമ്പി ജി. ദേവരാജന്‍
16. രഘുവംശരാജപരമ്പരയ്ക്കഭിമാനം (രഘുവംശം, 1978) അന്‍വര്‍ സുബൈര്‍എ. റ്റി. ഉമ്മര്‍
17. ഞായറും തിങ്കളും (രണ്ടു പെണ്‍കുട്ടികള്‍, 1978) ബിച്ചു തിരുമലഎം. എസ്. വിശ്വനാഥന്‍
18. ശ്രുതിമണ്ഡലം(രണ്ടു പെണ്‍കുട്ടികള്‍, 1978) ബിച്ചു തിരുമലഎം. എസ്. വിശ്വനാഥന്‍
19. സദാചാരം സദാചാരം (ഇതാണെന്റെ വഴി, 1978) ബിച്ചു തിരുമലകെ. ജെ. ജോയ്
20. അഞ്ജനശിലയിലെ വിഗ്രഹമേ (കൃഷ്ണപ്പരുന്ത്, 1978) ഓണക്കൂര്‍ രാധാകൃഷ്ണന്‍ ശ്യാം
21. മധുമാസം ഭൂമി തന്‍ മണവാട്ടി ചമഞ്ഞു (ഏഴാം കടലിനക്കരെ, 1979) പി. ഭാസ്‌കരന്‍ എം. എസ്. വിശ്വനാഥന്‍
22. സ്വപ്നമേ നിനക്കു നന്ദി (അവള്‍ എന്റെ സ്വപ്നം, 1979) ശശി പേരൂര്‍ക്കട വി. ദക്ഷിണാമൂര്‍ത്തി
23. മധ്യവേനല്‍ രാത്രിയില്‍ (അശോകവനം, 1979) ശ്രീകുമാരന്‍ തമ്പിവി. ദക്ഷിണാമൂര്‍ത്തി
24 . വിഷാദസാഗരതിരകള്‍ (തീരം തേടുന്നവര്‍, 1980) സത്യന്‍ അന്തിക്കാട്എം.എസ്.വിശ്വനാഥന്‍
25 . പാല്‍ക്കുടമേന്തിയ രാവ് (ഗ്രീഷ്മജ്വാല, 1981) പൂവച്ചല്‍ ഖാദര്‍ എ.റ്റി. ഉമ്മര്‍
26 . സിന്ദൂരച്ചെപ്പു തട്ടി മറിഞ്ഞു (കാമശാസ്ത്രം, 1981) ബിജു വി. വിശ്വനാഥന്‍
27 . കാഞ്ചനനൂപുരം (ചിലന്തിവല, 1982) പൂവച്ചല്‍ ഖാദര്‍ഗുണസിംഗ്
28 . സോപാനനടയിലെ (അദ്ധ്യായം, 1984) കാവാലം നാരായണപ്പണിക്കര്‍എം. എസ്. വിശ്വനാഥന്‍
29 . മനസ്സും മഞ്ചലും (കല്‍ക്കി, 1984) മലയാറ്റൂര്‍ രാമകൃഷ്ണന്‍ ജി. ദേവരാജന്‍
30. ആദിഭിക്ഷുവിനോടെന്ത് ചോദിക്കാന്‍ (സ്വരലയം, 1987) പൂവച്ചല്‍ ഖാദര്‍ കെ. വി. മഹാദേവന്‍