കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ തലശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ കീഴടങ്ങിയ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില മോശമാണെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. ജയരാജന് ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടെന്ന് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നേരത്തെ പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് ജയരാജനെ ജയിലിലേക്ക് അയച്ചത്. തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ഡോക്ടറും ഇക്കാര്യം സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റാണ് ആദ്യം തീരുമാനിച്ചതെങ്കിലും ഏറ്റവും അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റാണ് ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കിയത്.
വന്‍ പൊലീസ് സംഘത്തിന്റെ അകമ്പടിയിലാണ് ജയരാജനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചത്. മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയതിനെ തുടര്‍ന്നു കോടതിയില്‍ കീഴടങ്ങിയ ജയരാജനെ മാര്‍ച്ച് 11 വരെ റിമാന്‍ഡ് ചെയ്യാന്‍ കോടതി ഉത്തരവിട്ടിരുന്നു. പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നും ഡിസ്ചാര്‍ജായ ജയരാജന്‍ തലശേരി എകെജി സഹകരണ ആശുപത്രിയിലെത്തിയശേഷമാണ് കോടതിയിലെത്തി കീഴടങ്ങിയത്.

അതിനിടെ കതിരൂര്‍ മനോജ് വധക്കേസില്‍ പി.ജയരാജനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ സിബിഐ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കി. മൂന്നു ദിവസത്തെ കസ്റ്റഡി വേണമെന്നാണ് അപേക്ഷയില്‍ സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് തിങ്കളാഴ്ച കോടതി പരിഗണിക്കും.

യുഎപിഎ നിയമപ്രകാരമാണ് ഒരു മാസത്തേക്ക് റിമാന്‍ഡ് ചെയ്തത്. നേരത്തെ, ആരോഗ്യ പ്രശ്‌നങ്ങളുള്ള ജയരാജനെ ആശുപത്രിയിലേക്ക് മാറ്റണമെന്ന അദ്ദേഹത്തിന്റെ അഭിഭാഷകന്റെ വാദം തള്ളിയാണ് ഒരു മാസത്തേക്ക് റിമാന്‍ഡ് ചെയ്യാനുള്ള കോടതി ഉത്തരവ്. ഏത് ആശുപത്രിയില്‍ ചികിത്സ തുടരും മുതലായ കാര്യങ്ങള്‍ ജയില്‍ സൂപ്രണ്ടിന്റെ വിവേചനാധികാരത്തിന് വിടുന്നതായും കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ജയരാജനെ ആശുപത്രിയിലേക്ക് മാറ്റുന്നത്.

സിപിഎം നേതാക്കളെ കള്ളക്കേസുകളില്‍ കുടുക്കാനുള്ള കൃത്യമായ ഗൂഢാലോചനയുടെ ഭാഗമാണ് തനിക്കെതിരെ യുഎപിഎ ചുമത്താനുള്ള നീക്കമെന്ന് പി.ജയരാജന്‍ ആരോപിച്ചു. തന്നെ കള്ളക്കേസില്‍ കുടുക്കാനും യുഎപിഎ ചുമത്താനുമുള്ള ആര്‍എസ്എസ് ഗൂഢാലോനയ്ക്ക് ഉമ്മന്‍ചാണ്ടി കൂട്ടുനിന്നതായും ജയരാജന്‍ തലശേരി സെഷന്‍സ് കോടതി പരിസരത്തു മാധ്യമങ്ങളോട് പറഞ്ഞു. സിപിഎമ്മിന്റെ ഉത്തരവാദിത്തപ്പെട്ട പ്രവര്‍ത്തകനായതിനാലണു തന്നെ ആര്‍എസ്എസ് നോട്ടമിടുന്നത്. ആര്‍എസ്എസില്‍ നിന്നും കൂടുതല്‍ അംഗങ്ങള്‍ ചോര്‍ന്നുപോകുമെന്ന ഭീതിയാണ് ഇത്തരം കേസുകള്‍ പടച്ചുണ്ടാക്കാന്‍ കാരണം. ഇതു വ്യക്തിപരമായ നീക്കമെന്നതിേനക്കാള്‍ രാഷ്ട്രീയപരമായ ആക്രമണമാണ്. സിപിഎമ്മിനെ ഒരു ഭീകരസംഘടനയായി പൊതുജനമധ്യത്തില്‍ അവതരിപ്പിക്കാനാണ് എതിരാളികളുടെ ശ്രമമെന്നും ജയരാജന്‍ ആരോപിച്ചു.

കതിരൂര്‍ മനോജ് വധക്കേസില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ തീവ്രവാദ പ്രവര്‍ത്തന നിരോധന നിയമം (യുഎപിഎ) അനുസരിച്ച് ആരോപണമുന്നയിക്കുന്നതില്‍ പ്രഥമദൃഷ്ട്യാ തെറ്റില്ലെന്നു ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. യുഎപിഎ പ്രകാരം മുന്‍കൂര്‍ ജാമ്യത്തിനു വിലക്കുള്ളതിനാല്‍ ജസ്റ്റിസ് കെ.ടി. ശങ്കരന്‍, ജസ്റ്റിസ് കെ.പി. ജ്യോതീന്ദ്രനാഥ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ജയരാജന്റെ അപ്പീല്‍ തള്ളുകയും ചെയ്തിരുന്നു. നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണെന്നും ജയരാജന്റെ യോഗ്യതകള്‍ മാനിച്ചു പ്രത്യേക പരിഗണന നല്‍കാനാവില്ലെന്നും അഭിപ്രായപ്പെട്ടുകൊണ്ടാണ് ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയത്.

തലശേരി സെഷന്‍സ് കോടതി 2016 ജനുവരി 30ന് മുന്‍കൂര്‍ ജാമ്യം തള്ളിയതിനെതിരെയായിരുന്നു ജയരാജന്റെ അപ്പീല്‍. സിബിഐ ആറു വാല്യമായി ഹാജരാക്കിയ കേസ് ഡയറി കോടതി പരിശോധിച്ചു. മനോജ് വധത്തിന്റെ ആസൂത്രകനും ബുദ്ധികേന്ദ്രവും മുഖ്യകണ്ണിയും ജയരാജന്‍ ആണെന്നു സിബിഐ ആരോപിച്ചിരുന്നു. കൊല നടത്താനും ബോംബ് പൊട്ടിച്ചു ജനങ്ങളില്‍ ഭീതി പരത്താനുമുള്ള ഗൂഢാലോചനയില്‍ ജയരാജന്റെ പങ്കിനു തെളിവുണ്ടെന്നുള്ള സിബിഐ വാദം അംഗീകരിച്ചാണു കോടതി നടപടി.