യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ താരസംഘടനയായ അമ്മയുടെ പ്രതികരണം വികാരപരം മാത്രമാണെന്നു പത്മപ്രിയ.അമ്മയിലെ അംഗങ്ങള്‍ ഇ-മെയില്‍ വഴി പ്രതികരണങ്ങള്‍ അറിയിക്കുന്നുണ്ട്. ഇവയെല്ലാം വികാരപരമായ കാര്യങ്ങള്‍ മാത്രമാണ് എന്നും നടി പറയുന്നു .
മുമ്പൊരിക്കല്‍ ഒരു നടിക്കു ഡ്രൈവറുടെ ആക്രമണം നേരിടേണ്ടി വന്നു, തന്നെ കടന്നു പിടിച്ച ഡ്രൈവര്‍ക്കെതിരെ നടി പരാതിയുമായി സംവിധായകന്റെ അടുത്ത് എത്തി . എന്നാല്‍ പ്രഗത്ഭനായ സംവിധായകന്‍ അവളോടു പ്രശ്‌നം ഉണ്ടാക്കരുത് എന്നു നിര്‍ദേശിച്ചു. അതുകൊണ്ട്  സംഭവം സിനിമയെ പ്രതികുലമായി ബാധിക്കരുത് എന്നു കരുതി സംവിധായകന്റെ നിര്‍ദേശത്തിനു നടി വഴങ്ങി. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളിലും അവളുടെ വണ്ടി ഓടിച്ചത് അതേ ഡ്രൈവര്‍ തന്നെയായിരുന്നു എന്നും പത്മപ്രിയ പറയുന്നു.

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിലേയ്ക്കു നല്ലൊയൊരു വരുമാനം നല്‍കുന്ന വ്യവസായമാണു സിനിമ. ഇങ്ങനെ ഉള്ള ഒരു മേഖലയില്‍ സ്ത്രീയ്ക്ക് ഇത്തരം ഒരു ദുരനുഭവം ഉണ്ടായപ്പോള്‍ അവര്‍ക്കു സ്വന്തം സംഘടനയില്‍ നിന്ന് എന്തു പിന്തുണയാണ് ലഭിച്ചത് എന്നും പത്മപ്രിയ ചോദിക്കുന്നു. അടുത്തിടെ സെയ്ഫ് അലിഖാനൊപ്പം ഷെഫ് എന്ന ഹിന്ദി ചിത്രത്തില്‍ അഭിനയിച്ചു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യ പ്രധാന്യമുള്ള സെറ്റായിരുന്നു. എല്ലാ മേഖലകളിലും സ്ത്രീകളുടെ സാന്നിധ്യം ഉണ്ട്. അന്നുണ്ടായ സന്തോഷവും കരുത്തും വേറെ തന്നെ. സ്ഥിരം പ്രശ്‌നങ്ങളായ ടോയ്‌ലറ്റ്, ഡ്രസിങ്ങ് റും, വാഷ് റും എന്നീ  പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായില്ലെന്നും പത്മപ്രിയ പറയുന്നു. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഇവര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.