ന്യൂഡല്‍ഹി: പദ്മാവതിന് രാജ്യമെമ്പാടും പ്രദര്‍ശനത്തിന് അനുമതി നല്‍കി സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. പദ്മാവതിന് വിലക്ക് ഏര്‍പ്പെടുത്തി ബി.ജെ.പി ഭരിക്കുന്ന നാല് സംസ്ഥാനങ്ങളുടെ ഉത്തരവ് കോടതി റദ്ദാക്കി. സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയ ചിത്രങ്ങള്‍ വിലക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ല. ക്രമസമാധാനത്തിന്റെ പേരിലാണെങ്കില്‍ പോലും വിലക്കാന്‍ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരാളുടെ വ്യക്തി സ്വാതന്ത്ര്യം കോടതി സംരക്ഷിക്കുമെന്നും ഇടക്കാല ഉത്തരവില്‍ ചൂണ്ടിക്കാട്ടി. ക്രമസമാധാനം പാലിക്കേണ്ടത് സംസ്ഥാനങ്ങളുടെ ചുമതലയാണ്. സിനിമ പ്രദര്‍ശിപ്പിക്കുമ്പോള്‍ ക്രമസമാധാന പ്രശ്‌നമുണ്ടായാല്‍ അത് നേരിടേണ്ടത് സംസ്ഥാനങ്ങളാണ്.

സിനിമ പ്രദര്‍ശിപ്പിക്കുന്നതില്‍ ക്രമസമാധാന പ്രശ്‌നമുണ്ടെന്നും അത് സെന്‍സര്‍ ബോര്‍ഡിന്റെ പരിഗണനയില്‍ വരണമെന്നില്ലെന്നും വിലക്കേര്‍പ്പെടുത്തിയ സംസ്ഥാനങ്ങളായ ഗുജറാത്ത്, ഹരിയാന, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവയ്ക്ക് വേണ്ടി തുഷാര്‍ മേത്ത വാദിച്ചു. സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കി എന്നു കരുതി എല്ലാ ഇടങ്ങളിലും പ്രദര്‍ശിപ്പിക്കണമെന്നില്ലെന്നും സംസ്ഥാനങ്ങള്‍ ഉന്നയിച്ചു.

എന്നാല്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച പോലെ എല്ലാ മാറ്റങ്ങളും സിനിമയില്‍ കൊണ്ടുവന്നു. ഇനിയും വിലക്ക് ഏര്‍പ്പെടുത്തുന്നത് ഭരണഘടനാ ലംഘനമാണെന്ന് നിര്‍മ്മാതാക്കള്‍ക്ക് വേണ്ടി ഹാജരായ ഹരീഷ് സാല്‍വേ ചൂണ്ടിക്കാട്ടി. ഇത് പരിഗണിച്ചാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.