ന്യൂസ് ഡെസ്ക്

ഭീകരരെ തീറ്റിപ്പോറ്റി ചാവേറുകളായി ഇന്ത്യയിലേയ്ക്ക് കയറ്റുമതി ചെയ്ത് സാധാരണ ജനങ്ങളെ കൊന്നൊടുക്കാൻ കൂട്ടുനിന്ന പാക്കിസ്ഥാന് ഇന്ത്യ നല്കിയത് ചുട്ട മറുപടി. ഇന്ത്യൻ സൈനികരെ ചാവേറാക്രമണത്തിൽ കൊന്നൊടുക്കിയ ശേഷം കൈയും കെട്ടി കളി കണ്ടിരുന്ന പാക് ഭരണകൂടം ഉറക്കം വിട്ടെണീറ്റു. ഇന്ത്യൻ സൈന്യത്തിന്റെ അപ്രതീക്ഷിത നീക്കത്തിൽ വിരണ്ട ഭീകര പ്രസ്ഥാനങ്ങളുടെ പിന്തുണക്കാർ സ്വന്തം മാനം കാക്കാൻ ഇന്ത്യയോട് ചർച്ചയ്ക്ക് തയ്യാറാവുന്നു.

ഇന്ത്യൻ അതിർത്തി കടന്ന് ബോംബ് വർഷിക്കാൻ പാക് സൈനിക വിമാനങ്ങൾ ശ്രമിച്ച സമയത്തും ഇന്ത്യയോട് കൊമ്പുകോർക്കാൻ തന്നെയായിരുന്നു പാക്കിസ്ഥാന്റെ ഭാവം. തങ്ങളുടെ തടവിൽ രണ്ടു  ഇന്ത്യൻ പൈലറ്റുമാർ ഉണ്ടെന്ന് വെളിപ്പെടുത്തിയ പാക് സൈനിക വക്താവ് ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഒരു പൈലറ്റ് മാത്രമേ ഉള്ളു എന്ന് അറിയിച്ചു. കസ്റ്റഡിയിലുള്ള വിംഗ് കമാൻഡർ അഭിനന്ദൻ വർധമാനെ വച്ച് വിലപേശാനായിരുന്നു പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ആദ്യ ശ്രമം.

സമാധാന ചർച്ചയ്ക്ക് തയ്യാറാവുകയാണെങ്കിൽ ഇന്ത്യൻ പൈലറ്റിനെ മോചിപ്പിക്കുന്ന കാര്യം പരിഗണിക്കാമെന്ന് ഇമ്രാന്റെ ഓഫർ. തകർന്നു വീണ ഫൈറ്ററിൽ നിന്നും പാരച്യൂട്ടിൽ പറന്നിറങ്ങിയ അഭിനന്ദനെ വളഞ്ഞിട്ട് പിടിക്കാൻ ജനക്കൂട്ടം ആർത്തിരമ്പുകയായിരുന്നു. പാക്കിസ്ഥാന്റെ ഇരുപതുകോടി വരുന്ന ജനത ഇന്ത്യയുടെ ഒരു സൈനികനെതിരെ എന്ന സ്ഥിതിവിശേഷം. ഭാരതാംബയുടെ വീരയോദ്ധാവിനെ കൈകളും കാലുകളും ബന്ധിച്ച് ലോകത്തിന് മുൻപിൽ പ്രദർശിപ്പിച്ച് ലോക മനസാക്ഷിക്കു മുൻപിൽ പാക്കിസ്ഥാൻ വീണ്ടും നാണം കെട്ടു.  ജനീവ കൺവൻഷൻ എന്നതു പോയിട്ട് നിരായുധനായ ഒരാളോട് എങ്ങനെ മനുഷ്യത്വപരമായി പെരുമാറണമെന്ന് പോലും ഒരു രാജ്യത്തിന്റെ ഭരണാധികാരികൾക്ക് അറിയില്ലെന്ന് ആ രാജ്യം ലോകത്തെ മുഴുവൻ അറിയിച്ചു. അഭിനന്ദനെ ജനക്കൂട്ടം മർദ്ദിക്കുന്ന വീഡിയോ പ്രചരിക്കുന്നത് തടയാൻ പാക് ഭരണകൂടം ഒരു നടപടിയുമെടുത്തില്ല.

ഭാരതത്തിന്റെ അഖണ്ഡതയും സ്വാതന്ത്ര്യവും സംരക്ഷിക്കാൻ പോരിനിറങ്ങി തടവിലായ അഭിനന്ദൻ വർധമാൻ ലോകത്തിനു മുൻപിൽ ഇന്ത്യയുടെ അഭിമാനമുയർത്തിപ്പിടിച്ചു. ജനീവ കൺവൻഷൻ ധാരണയനുസരിച്ച് പൈലറ്റിനെ വിട്ടുനൽകണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടപ്പോൾ, സമാധാനം പുനസ്ഥാപിക്കാൻ ഒരു ഔദാര്യമെന്ന നിലയിൽ അക്കാര്യം പരിഗണിക്കാമെന്ന നിലപാടായിരുന്നു പാക്കിസ്ഥാന്റേത്.

ഇതിനിടയിൽ ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കാൻ എന്തു നടപടിയും സ്വീകരിക്കാൻ ഇന്ത്യൻ സൈന്യത്തിന് ഇന്ത്യാ ഗവൺമെന്റ് സ്വാതന്ത്ര്യം നല്കുമെന്ന് പാക്കിസ്ഥാൻ മനസിലാക്കി. ഇന്ത്യൻ പ്രധാനമന്ത്രിയടക്കമുള്ള ഭരണരംഗത്തെ പ്രമുഖരാരും പ്രതികരിക്കാതെയിരുന്നതും ഇന്ത്യൻ വ്യോമ കര നാവിക സേനാ മേധാവികൾ സംയുക്തമായി വാർത്താ സമ്മേളനം വിളിച്ചതും പെട്ടെന്ന് മനസ്സു മാറ്റാൻ പാക്കിസ്ഥാനെ പ്രേരിപ്പിച്ചു. ഇന്നിംഗ്സ് തോൽവി ഒഴിവാക്കാൻ സമനിലയ്ക്കായി അങ്ങനെ ഇമ്രാൻഖാൻ എന്ന സ്പിന്നർ ഓഫർ വച്ചു, വെള്ളിയാഴ്ച അഭിനന്ദൻ വർധമാനെ ഇന്ത്യക്ക് കൈമാറുമെന്ന്.