ഇസ്ലാമാബാദ്: ന്യൂനപക്ഷങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നരേന്ദ്ര മോദിയ്ക്ക് കാണിച്ചു കൊടുക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.

ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ വിവേചനം അനുഭവിക്കുന്നുണ്ടെന്നാണ് ആളുകള്‍ പറയുന്നത്. ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷിതത്വവും തുല്യ നീതിയും ഉറപ്പു വരുത്തുന്ന സര്‍ക്കാരാകും തന്റേതെന്നും അദ്ദേഹം പറഞ്ഞു. ലാഹോറില്‍ പാക് പഞ്ചാബ് സര്‍ക്കാരിന്റെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഇമ്രാന്‍ ഖാന്‍.

രാജ്യത്തെ ആള്‍ക്കൂട്ട ആക്രമണങ്ങളെ കുറിച്ചുള്ള നസ്റുദ്ദീന്‍ ഷായുടെ വിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് പാക് പ്രധാനമന്ത്രിയുടെ പരാമര്‍ശം.

ആള്‍ക്കൂട്ട ആക്രമണത്തില്‍ പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച്, പോലീസ് ഉദ്യോഗസ്ഥന്റെ ജീവനെക്കാള്‍ വിലപ്പെട്ടതാണോ പശുവിന്റെ ജീവനെന്ന് നസറുദ്ദീന്‍ ഷാ ചോദിച്ചിരുന്നു. ഇതിനെതിരെ ചില സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

എന്നാല്‍ ആള്‍ക്കൂട്ട ആക്രമത്തില്‍ ദുഃഖിക്കുന്ന ഒരു ഇന്ത്യക്കാരനെന്ന നിലയിലാണ് ബുലന്ദ്ശഹര്‍ സംഭവത്തില്‍ പ്രതികരിച്ചതെന്നും സ്‌നേഹിക്കുന്ന രാജ്യത്തെപ്പറ്റിയുള്ള ആശങ്ക പ്രകടിപ്പിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നും കഴിഞ്ഞ ദിവസം നസറുദ്ദീന്‍ ഷാ അജ്മീറില്‍ പ്രതികരിച്ചു.