ബാലാക്കോട്ട് ആക്രമണത്തിന് ശേഷം അനിശ്ചിത കാലത്തേക്ക് അടച്ചിട്ട പാക് വ്യോമപാത ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കായ് തുറന്ന് കൊടുത്ത് പാകിസ്ഥാൻ. ഭീകരക്യാംപുകൾക്ക് നേരെ ഇന്ത്യ നടത്തിയ ആക്രമണ ശേഷം വ്യോമപാതയ്ക്ക് പുറമെ ഇന്ത്യാ–പാക് അതിർത്തി വഴിയുള്ള എല്ലാ സർവീസുകളും നിർത്തി വെച്ചിരുന്നു. മോദിയുടെ യാത്രക്കായ് വ്യോമപാത പ്രത്യേകം തുറക്കാമെന്നാണ് പാകിസ്ഥാന്‍ അറിയിച്ചിരിക്കുന്നത്. നേരത്തെ മുൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജും ഇതു വഴി പറന്നിരുന്നു.

ഈ മാസം 13,14 തിയ്യതികളിൽ കസാഖിസ്ഥാനിൽ നടക്കുന്ന എസ്.സി.ഒ ഉച്ചകോടിയിൽ പങ്കെടുക്കാനാണ് പാക് വ്യോമപാത വഴി നരേന്ദ്രമോദി പറക്കുക. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഉച്ചകോടിക്കെത്തും. ഇന്ത്യയിൽ നിന്നുള്ള അഭ്യർത്ഥന മാനിച്ചാണ് നടപടിയെന്ന് പാക് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതിലൂടെ എട്ട് മണിക്കൂർ യാത്ര നാല് മണിക്കൂറാക്കി ചുരുക്കി സമയം ലാഭിക്കാം.

കഴിഞ്ഞ മൂന്ന് മാസമായി പാകിസ്ഥാൻ വ്യോമപാത അടച്ചിട്ടതിനെ തുടർന്ന് നിരവധി വിമാന സർവീസുകൾ റദ്ദാക്കിയിരുന്നു. ചില സർവീസുകൾ വഴി മാറി പറക്കുകയായിരുന്നു. ഒപ്പം എയർ ഇന്ത്യ ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾക്ക് കോടികളുടെ നഷ്ടമുണ്ടായതായും റിപ്പോർട്ടുകളുണ്ട്.