ദാമ്പത്യബന്ധങ്ങള്‍ ശിഥിലമാകുമ്പോള്‍ ഇല്ലാതാകുന്നത് വരും തലമുറകൂടിയാണ്. പാലക്കാട് ചിറ്റൂരില്‍ ഭാര്യയോടുളള വഴക്കിന്റെ പേരിലാണ് ഗൃഹനാഥന്‍ രണ്ടു മക്കളെ കൊലപ്പെടുത്തിയത്.

തൊഴിലിടങ്ങളില്‍ ശാന്തനായ മാണിക്യന്‍ ഭാര്യയോടുളള വഴക്കിന്റെ പേരില്‍ എന്തിനാണ് മക്കളെ കൊലപ്പെടുത്തിയത്. പൊലീസുകാരുടെ ആവര്‍ത്തിച്ചുളള ഇൗ ചോദ്യത്തിന് മാണിക്യന് ഒരോയൊരു ഉത്തരമേ ഉണ്ടായിരുന്നുളളു.

‘മക്കൾ വലുതാകുമ്പോള്‍ അമ്മയെ കൊന്നത് എന്തിനാണെന്ന് അവര്‍ ചോദിക്കാതിരിക്കാനാണ് അവരെയും കൊന്നത്’. പത്താംക്ളാസില്‍ പഠിക്കുന്ന പതിനാലു വയുസളള മകൻ മനോജും ആറാം ക്ളാസില്‍ പഠിക്കുന്ന പന്ത്രണ്ടു വയസുളള മകൾ മേഘയുമാണ് അരുംകൊലയ്ക്ക് ഇരയായത്. ഞായറാഴ്ച രാത്രി ഭക്ഷണത്തിനുശേഷം ഭാര്യയും മക്കളും ഉറങ്ങിയെങ്കിലും മാണിക്യന്‍ രാത്രി 12 വരെ ഉച്ചത്തിൽ ടിവിയില്‍ പാട്ട് കേട്ടിരിക്കുകയായിരുന്നു. പുലര്‍ച്ചെ 3ന് മുന്‍പാണ് കൊലപാതകം നടത്തിയത്. വെട്ടുകത്തി ഉപയോഗിച്ച് മൂവരെയും ഉറക്കത്തിൽ തന്നെ കൊലപ്പെടുത്തിയതിനാൽ ശബ്ദങ്ങളൊന്നും ആരും പുറത്ത് കേട്ടില്ല. മൂന്നുപേരുടെയും കഴുത്തിലാണ് വെട്ടിയത്. പക്ഷേ മകന്‍ മനോജ് തടയാൻ ശ്രമിച്ചു. മകൻ മനോജിന്റെ കൈകളില്‍ വെട്ടേറ്റിരുന്നു. കൊലപാതകത്തിനുശഷം മാണിക്യന്‍ ചിറ്റൂര്‍ ചന്ദനപ്പുറത്തുള്ള ചെറിയമ്മയുടെ വീട്ടിലെത്തി തിരിച്ചറിയൽ രേഖകളും 25000 രൂപയും ഏൽപ്പിച്ചു.രാവിലെ ചിറ്റൂരിലെത്തി കടയില്‍ നിന്ന് ചായകുടിച്ച ശേഷമാണ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.