ലാഹോർ: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ഹാഫിസ് സയീദിനൊപ്പം വേദി പങ്കിട്ടതില്‍ മടക്കിവിളിച്ച പലസ്തീന്‍ സ്ഥാനപതിയെ തിരികെ നിയമിച്ചതായി പാകിസ്താന്‍. പലസ്തീന്‍ സ്ഥാനപതി വാലിദ് അബു അലിയെ പാകിസ്താനില്‍ തന്നെ തിരികെ നിയമിച്ചതായി പാകിസ്താൻ ഉലേമ കൗൺസിൽ (പിയുസി) ചെയർമാൻ മൗലാനാ താഹിർ അഷ്റഫി  അറിയിച്ചതായാണ് റിപ്പോർട്ട്. വാലിദ് അബു അലിയെ പാകിസ്താനിലേക്ക് മടക്കി അയയ്ക്കണമെന്ന് താന്‍ പലസ്തീന്‍ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസിനോട് ആവശ്യപ്പെട്ടിരുന്നെന്നും അഷ്‌റഫി വ്യക്തമാക്കി. ഇതേത്തുടര്‍ന്നാണ് അബു അലിയെ പുനര്‍നിയമിച്ച് മഹമ്മൂദ് അബ്ബാസ് ഉത്തരവിട്ടതെന്നാണ് അവകാശവാദം. ബുധനാഴ്ച വീണ്ടും വാലിദ് അബു അലി പാകിസ്താനിലെ പലസ്തീന്‍ കാര്യാലയത്തിലെത്തി ചുമതലയേല്‍ക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

റാവല്‍പിണ്ടിയില്‍ സംഘടിപ്പിച്ച സയീദിന്റെ റാലിയില്‍ വാലിദ് അബു അലി പങ്കെടുത്തതില്‍ ഇന്ത്യ കടുത്ത പ്രതിഷേധം അറിയിച്ചതിനു പിന്നാലെയാണ് പലസ്തീന്‍ തങ്ങളുടെ പാക്ക് സ്ഥാനപതിയെ പിന്‍വലിച്ചത്. സംഭവത്തില്‍ അതീവ ഖേദം പ്രകടിപ്പിച്ച പലസ്തീന്‍, ഇന്ത്യയുടെ പ്രതികരണം വന്നു മണിക്കൂറുകള്‍ക്കകം തന്നെ സ്ഥാനപതിയെ പിന്‍വലിക്കുകയായിരുന്നു.

നേരത്തെ, ഡല്‍ഹിയില്‍ പലസ്തീന്‍ സ്ഥാനപതി അഡ്‌നാന്‍ അബു അല്‍ ഹൈജയെ വിദേശകാര്യ മന്ത്രാലയത്തിലേക്കു വിളിച്ചുവരുത്തിയാണ് അബു അലി ഹാഫിസ് സയീദിനൊപ്പം റാലിയില്‍ പങ്കെടുത്തതിലുള്ള പ്രതിഷേധം ഇന്ത്യ അറിയിച്ചത്. ഇതേത്തുടര്‍ന്ന് ഇന്ത്യയുമായുള്ള ബന്ധം ഏറെ പ്രധാനമാണെന്നും ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യയ്‌ക്കൊപ്പമാണെന്നും പ്രഖ്യാപിച്ച് സ്ഥാനപതിയെ പലസ്തീന്‍ പിന്‍വലിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ഫെബ്രുവരിയില്‍ പലസ്തീന്‍ സന്ദര്‍ശിക്കാനിരിക്കേയാണ്, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ അലോസരമുണ്ടാക്കാതെ പലസ്തീന്റെ ത്വരിത നടപടി. ഇതിനു പിന്നാലെയാണ് സ്ഥാനപതിയെ പുനര്‍നിയമിച്ചുവെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

ഹാഫിസ് സയീദിന്റെ സംഘടനയായ ജമാഅത്തുദ്ദവ ഉള്‍പ്പെടെ ഭീകരസംഘടനകളുടെ സഖ്യമായ ‘ഡിഫന്‍സ് ഓഫ് പാകിസ്താന്‍’ ആണു റാവല്‍പിണ്ടിയിലെ ലിയാഖത്ത് ബാഗില്‍ റാലി നടത്തിയത്. വാലിദ് അബു അലി റാലിയില്‍ പങ്കെടുത്തതിനു പുറമേ ഹാഫിസ് സയീദുമായി വേദി പങ്കിട്ടു. പ്രസംഗത്തില്‍ സയീദ് ഇന്ത്യയെ ശക്തമായി വിമര്‍ശിക്കുകയും കശ്മീര്‍, കുല്‍ഭൂഷണ്‍ ജാദവ് തുടങ്ങിയ വിഷയങ്ങള്‍ പരാമര്‍ശിക്കുകയും ചെയ്തു.