നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി. പള്‍സര്‍ സുനിക്കൊപ്പം കൂട്ടുപ്രതികളായ ഡ്രൈവര്‍ മാര്‍ട്ടിന്റെയും പ്രദീപിന്റെയും ജാമ്യാപേക്ഷയും കോടതി തള്ളി. പള്‍സര്‍ സുനിയുടെ പശ്ചാത്തലം കുറ്റകൃത്യം നിറഞ്ഞതാണ്. ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ് സുനി. ഇയാള്‍ക്ക് ജാമ്യം നല്‍കിയാല്‍ അത് വിചാരണയെ ദോഷകരമായി ബാധിക്കുമെന്ന് കോടതി അറിയിച്ചു.

വിചാരണയ്ക്ക് തന്നെ സുനിയെ ലഭിക്കുമോ എന്ന സംശയമുണ്ടെന്നും സുനി ഒളിവില്‍ പോകുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഈ വാദം ശരിവെച്ചു കൊണ്ടാണ് കോടതി ജാമ്യം നിഷേധിച്ചത്. സുപ്രധാന തെളിവുകള്‍ സുനി നശിപ്പിച്ചുവെന്ന പ്രോസിക്യൂഷന്‍ വാദവും കോടതി ശരിവെച്ചു. സംഭവത്തില്‍ നേരിട്ട് ബന്ധമുള്ള പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുണ്ട്.നേരിട്ട് ബന്ധമുള്ള പ്രതികള്‍ക്കെതിരെ ശാസ്ത്രീയ തെളിവുകളും സാഹചര്യത്തെളിവുകളും ലഭിച്ചിട്ടുണ്ടെന്നും കോടതി പറഞ്ഞു. പള്‍സര്‍സുനിക്കൊപ്പം ജാമ്യം നിഷേധിക്കപ്പെട്ട മാര്‍ട്ടിന്‍ മുമ്പും ജാമ്യാപേക്ഷയുമായി എത്തിയിരുന്നു. നടിയെ ആക്രമിക്കുമ്പോള്‍ ആദ്യം വാഹനം ഓടിച്ചിരുന്നത് ചാലക്കുടി സ്വദേശി മാര്‍ട്ടിനായിരുന്നു.