കൈയേറ്റവും ഒഴിപ്പിക്കലുമായി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന ഇടുക്കിയിലെ പാപ്പാത്തിച്ചോല, ആരുടെയും മനസ് കൈയേറുന്ന സുന്ദരഭൂമിയാണ്. മൂന്നാറില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ നാഗമലയും കൊളുക്കുമലയും അതിരിടുന്ന മനോഹരമായ പുല്‍മേട്. നോക്കെത്താ ദൂരത്തോളം പശ്ചിമഘട്ടത്തിന്റെ സൗന്ദര്യം ആവാഹിച്ച മഞ്ഞുമൂടിയ മലമുകള്‍.
1
ചിന്നക്കനാല്‍ പഞ്ചായത്തിലെ സൂര്യനെല്ലിയില്‍ നിന്ന് ഏഴു കിലോമീറ്റര്‍ അകലെയാണ് പാപ്പത്തിച്ചോല സ്ഥിതി ചെയ്യുന്നത്. ഹാരിസണ്‍ കമ്പനിയുടെ ഏലം, തേയില തോട്ടങ്ങള്‍ക്കിടയിലൂടെയുള്ള പാതയിലൂടെ വേണം മലമുകളില്‍ എത്താന്‍. പ്രദേശത്തെ ഉയരം കൂടിയ മേഖലയാണിത്.

2
വിശാലമായ പുല്‍മേടുകളാല്‍ സമൃദ്ധമായ പാപ്പാത്തിച്ചോലയില്‍ നിന്നാല്‍ ബോഡിമെട്ട്, ചിന്നക്കനാല്‍ എന്നിവിടങ്ങളിലെ നയനമനോഹരമായ കാഴ്ചകള്‍ കാണാം. മലയുടെ മുകളില്‍ നിന്ന് ഉത്ഭവിക്കുന്ന ചോലയ്ക്കു സമീപം പാപ്പാത്തി എന്ന മുത്തശ്ശി താമസിച്ചിരുന്നു എന്നാണ് പേരിനു പിന്നിലെ നാട്ടുകഥ.