ആംബുലന്‍സ് ജീവനക്കാര്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളില്‍ ഇരട്ടി വര്‍ദ്ധന. ഇതേത്തുടര്‍ന്ന് പാരാമെഡിക്കുകള്‍ക്ക് സ്വയരക്ഷയ്ക്ക് പരിശീലനം നല്‍കാന്‍ തീരുമാനം. ആക്രമണങ്ങള്‍ക്ക് ഇരയാകുന്ന ആബുലന്‍സ് ജീവനക്കാരുടെ കോളുകള്‍ക്ക് പോലീസ് ശരിയായ വിധത്തില്‍ പ്രതികരിക്കാത്തതാണ് ഈ നീക്കത്തിന് കാരണം. പോലീസില്‍ നിന്ന് കാര്യമായ സഹായം ലഭിക്കാത്തതിനാല്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് സ്വയം പ്രതിരോധത്തിനുള്ള പരിശീലനം നല്‍കുകയാണെന്ന് സൗത്ത് വെസ്റ്റേണ്‍ ആംബുലന്‍സ് സര്‍വീസ് അറിയിച്ചു. സര്‍വീസിലെ അഞ്ചു ശതമാനം ജീവനക്കാര്‍ക്ക് ഇപ്പോള്‍ പരിശീലനം നല്‍കിക്കഴിഞ്ഞു. ബാക്കിയുള്ളവര്‍ക്ക് രണ്ടു വര്‍ഷത്തിനുള്ളില്‍ പരിശീലനം പൂര്‍ത്തിയാക്കാനാണ് തീരുമാനം. സൗത്ത് വെസ്റ്റേണ്‍ ആംബുലന്‍സ് സര്‍വീസ് ജീവനക്കാര്‍ക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ ഒരു വര്‍ഷത്തിനിടെ ഇരട്ടിയായി ഉയര്‍ന്നു എന്നാണ് കണക്ക്. 2017-18 വര്‍ഷത്തില്‍ 1049 സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ഈ പരിശീലനത്തില്‍ പ്രൊഫഷണലായുള്ള ചില ആശങ്കകള്‍ ഉണ്ടെന്ന് യുണൈറ്റ് ഹെല്‍ത്ത് വര്‍ക്കേഴ്‌സ് യൂണിയന്‍ അറിയിച്ചു. രണ്ടു കാര്യങ്ങളാണ് ഇത്തരമൊരു രീതി അനുവര്‍ത്തിക്കുന്നതിലേക്ക് ആംബുലന്‍സ് സര്‍വീസിനെ എത്തിച്ചതെന്ന് എസ്ഡബ്ല്യുഎഎസ് ചീഫ് എക്‌സിക്യൂട്ടീവ് കെന്‍ വെന്‍മാന്‍ പറഞ്ഞു. ജനങ്ങള്‍ ക്ഷുഭിതരാകുന്ന സന്ദര്‍ഭങ്ങളില്‍ പരിഹാരത്തിന് പോലീസ് സഹായം വേണ്ടത്ര ലഭിക്കാറില്ല. അതു കൂടാതെ മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ള രോഗികളെ കൈകാര്യം ചെയ്യാന്‍ പാരാമെഡിക്കുകള്‍ക്ക് ഈ പരിശീലനം ആവശ്യമാണെന്ന് തങ്ങള്‍ വിലയിരുത്തുകയാണെന്നും ബോര്‍ഡ് മീറ്റിംഗിലെ മിനിറ്റ്‌സ് ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. സ്വബോധമില്ലാതെ രോഗികള്‍ ഓടുകയോ മറ്റോ ചെയ്താല്‍ അത്തരം സന്ദര്‍ഭങ്ങള്‍ കൈകാര്യം ചെയ്യാന്‍ പരിശീലനം ആവശ്യമാണ്. അല്ലെങ്കില്‍ പൊതുജനങ്ങളുടെ വിമര്‍ശനം ആംബുലന്‍സ് ജീവനക്കാരുടെ നേരെ ഉയരുമെന്നും അദ്ദേഹം പറഞ്ഞു.

പാരാമെഡിക്കുകള്‍ക്കും മറ്റുള്ളവര്‍ക്കും ഇത്തരം രോഗികളില്‍ നിന്ന് പരിക്കേല്‍ക്കാനുള്ള സാധ്യതകള്‍ ഈ പരിശീലനം കുറയ്ക്കുമെന്ന് കോളേജ് ഓഫ് പാരാമെഡിക്‌സ് പ്രതികരിച്ചു. പ്രതിരോധത്തിനിടയില്‍ പോലീസിനെ വിളിക്കാനുള്ള സാവകാശം ലഭിക്കും. എന്നാല്‍ സൗത്ത് വെസ്റ്റ് പോലീസിന്റെ പ്രതികരണ സമയം കൂടിക്കൊണ്ടിരിക്കുകയാണെന്നാണ് വിലയിരുത്തല്‍. ഗ്ലോസ്റ്റര്‍ഷയര്‍, സ്വിന്‍ഡന്‍, വില്‍റ്റ്ഷയര്‍, ബ്രിസ്‌റ്റോള്‍, ബാത്ത്, സൗത്ത് ഗ്ലോസ്റ്റര്‍ഷയര്‍, സോമര്‍സെറ്റ്, ഡോര്‍സെറ്റ്, ഡെവണ്‍, കോണ്‍വാള്‍, ഐല്‍സ് ഓഫ് സില്ലി തുടങ്ങിയ പ്രദേശങ്ങളിലാണ് സൗത്ത് വെസ്റ്റ് ആംബുലന്‍സ് സര്‍വീസ് സേവനം നല്‍കുന്നത്.