തിരുവനന്തപുരം പള്ളിവളപ്പിൽ കടന്നു ബൈക്ക് യാത്രികരെ പിടികൂടാനെത്തിയ പെ‍ാലീസിനെ ഒരു മണിക്കൂറേ‍ാളം പൂട്ടിയിട്ടു. ഇന്നലെ രാത്രി 9.00നു ചെരുവാരക്കോണത്താണു സംഭവം. പ്രതിഷേധത്തെ തുടർന്നു രാത്രി 10.30ഒ‍ാടെ ചർച്ചകൾക്കു ശേഷം മാപ്പു പറഞ്ഞു പുറത്തേക്കിറങ്ങിയ എസ്ഐ സഞ്ചരിച്ചിരുന്ന ജീപ്പ് ആക്രമിക്കാൻ ശ്രമിച്ചതു ലാത്തിചാർജിന് ഇടയാക്കി.

മൂന്നുപേരുമായെത്തിയ ബൈക്കിനെ പിടികൂടാൻ പട്രോ‍ളിങ്ങിനു പേ‍ാകുകയായിരുന്ന പെ‍ാലീസ് ശ്രമിക്കവെ ഒരാൾ പള്ളിവളപ്പിലേക്ക് ഒ‍ാടിക്കയറിയതാണു സംഭവങ്ങൾക്കു തുടക്കം. പിന്തുടർന്നെത്തിയ എസ്ഐയും സംഘവും പള്ളിവളപ്പിൽ കയറി പിടികൂടാൻ ശ്രമിച്ചു. ക്രിസ്മസ് പരിപാടികൾക്കായി പള്ളിവളപ്പിൽ പുൽക്കൂട് ഒരുക്കുകയായിരുന്ന യുവാക്കളാണു ബൈക്കിൽ പേ‍ായതെന്ന് അറിയിച്ചെങ്കിലും വിടാൻ പെ‍ാലീസ് തയാറായില്ല.

ഇതിനിടെ പള്ളിവളപ്പിൽ അകാരണമായി പെ‍ാലീസ് കടന്നതിനെ വന്നുകൂടിയവർ ചേ‍ാദ്യം ചെയ്തു. സംഭവം വഷളാകുന്നതു കണ്ടു വൈദികർ പെ‍ാലീസുകാരെ കമ്മിറ്റിഒ‍ാഫിസിലേക്ക് എത്തിച്ചതേ‍ാടെ പിന്തുടർന്നെത്തിയ ജനക്കൂട്ടം ഒ‍ാഫിസ് വളഞ്ഞതു സ്ഥിതിഗതികൾ രൂക്ഷമാക്കി. വൈദികരും, ഇടവക ഭാരവാഹികളും ഇടപെട്ടെങ്കിലും പിരിഞ്ഞു പേ‍ാകാൻ ആരും തയാറായില്ല.
പാറശാല സിഐ സ്ഥലത്തെത്തി പള്ളി വളപ്പിൽ പെ‍ാലീസ് കടക്കില്ലെന്ന് എഴുതി നല്കിയെങ്കിലും എസ്ഐ മാപ്പു പറയാതെ വിടില്ലെന്ന നിലപാടിലായിരുന്നു വിശ്വാസികൾ. രാത്രി 10.30ഒ‍ാടെ എസ്ഐ മാപ്പു പറയാൻ തയ്യാറായതിനെ തുടർന്നാണു രംഗം ശാന്തമായത്.
കൂടുതൽ പെ‍ാലീസെത്തി എസ്ഐയെ ജീപ്പിലെത്തിച്ചു റേ‍ാഡിലേക്ക് ഇറങ്ങവേ ജിപ്പിനു നേരെ കല്ലേറുണ്ടായി. ഇതേ‍ാടെ സ്ഥലത്തുണ്ടായിരുന്ന പെ‍ാലീസ് സംഘം ലാത്തി ചാർജ് നടത്തി. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശവാസികളായ ചില യുവാക്കളെ കഞ്ചാവു വിൽപന നടത്തുവെന്ന് ആരേ‍ാപിച്ചു പെ‍ാലീസ് പിടികൂടി മർദിച്ചിരുന്നതായി നാട്ടുകാർ പറയുന്നു.