പാറശാലയിൽ യുവാവിനെ കൊലപ്പെടുത്തി ചാക്കിൽക്കെട്ടി സുഹൃത്തിന്റെ പുരയിടത്തിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതകളേറുന്നു. ആറയൂർ ആർകെവി ഭവനിൽ വിനു(41)ൻെറ മൃതദേഹം ചൊവ്വ വൈകിട്ടാണ് കടമ്പാട്ടുവിളയിലുള്ള സുഹൃത്ത് ഷാജിയുടെ വാഴത്തോട്ടത്തിൽ കാണപ്പെട്ടത്. ഷാജിയുടെ പിതാവ് വിമുക്തഭടനായിരുന്ന കൃഷ്ണനെ അഞ്ച് വർഷം മുമ്പ് കാണാതായിരുന്നു. പിതാവുമായി ഷാജിക്ക് അഭിപ്രായ ഭിന്നതകളുണ്ടായിരുന്നതിനാൽ ഈ തിരോധാനത്തിൽ നേരത്തെ തന്നെ ഒട്ടേറെ അഭ്യുഹങ്ങളുയർന്നിരുന്നു

ഇത് ജനങ്ങളുടെ മനസ്സിൽ നിലനിൽക്കെയാണ് വിനുവിന്റെ വധം ഞായറാഴ്ച വിനു കൊല്ലപ്പെട്ടുവെന്നാണ് കരുതുന്നത്. കൊലപ്പെടുത്തി രണ്ടു ദിവസത്തിനു ശേഷവും മൃതദേഹം മറവ് ചെയ്തിരുന്നില്ല. വെള്ളിയാഴ്ച ആറയുരിലെ റേഷൻകടയിൽ നിന്ന് ഒരു ബാരൽ മണ്ണെണ്ണ മോഷണം പോയെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം കത്തിച്ചുകളയാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമാണോ ഈ മോഷണമെന്നു സംശയിക്കുന്നുണ്ട്.

മാസങ്ങൾക്ക് മുമ്പ് ഷാജിയെ പരശുവയ്ക്കലിന് സമീപമുള്ള ഗുണ്ടാസംഘം പിടികൂടി ചാക്കിൽകെട്ടി മർദിച്ചു. ഷാജിയെ മരിച്ചെന്ന് കരുതി ഇടിച്ചക്കപ്ളാമുടിന് സമീപം ഉപേക്ഷിക്കുകയായിരുന്നു. വിനുവാണ് ഷാജിയെ ഗുണ്ടാസംഘത്തിൻെറ പക്കലെത്തിച്ചതെന്നും, ഇതിലുള്ള വൈരാഗ്യമാകാം കൊപ‍ാതകമെന്ന സാധ്യതയും പെ‍ാലീസ് പരിശോധിക്കുന്നുണ്ട്

ലോറി ഡ്രൈവറായിരുന്ന വിനുവിനെ ഞായർ മുതൽ കാണാനില്ലായിരുന്നു. ഞായർ രാവിലെ ഷാജിയുടെ വീട്ടിൽ മദ്യപിക്കാനെത്തിയവരുടെ കൂട്ടത്തിൽ വിനുവിനെ കണ്ടിരുന്നതായി പരിസരവാസികൾ മെ‍ാഴി നല്കി. കെ‍ാലപാതകം ഞായറാഴ്ച നടന്നെങ്കിലും തിങ്കൾ രാവിലെ വരെ ഷാജിയുംകൂട്ടാളികളും വീടിന് സമീപത്തുണ്ടായിരുന്നു. സംഭവദിവസം അകരത്ത് വിള സ്വദേശിയായ വിനയകുമാറിനെ വീട്ടിലേക്ക് വിളിപ്പിച്ച് ശുചിമുറിയുടെ സ്‌ലാബ് മാറ്റാൻ അവശ്യപ്പെട്ടതാണ് കെ‍ാലപാതക വിവരം പുറത്താക്കിയത്.

വീട്ടിലെത്തിപ്പോൾ രക്തത്തിൽ കുളിച്ച ഒരാൾ കമിഴ്ന്ന് കിടക്കുന്നത് കണ്ട് ഒ‍ാടി രക്ഷപ്പെടാൻ ശ്രമിച്ച വിനയകുമാറിനെ ഷാജിയും സംഘവും പിടികൂടി ചുറ്റിക കെ‍ാണ്ട് ക്രൂരമായി മർദിച്ചു. നിലവിളി കേട്ട് സമീപവാസികൾ എത്തിയപ്പോഴാണ് വിട്ടയച്ചത്. ഷാജിയുടെ അക്രമത്തിൽ നിന്ന് രക്ഷപ്പെട്ട് വിവരങ്ങൾ നൽകിയ വിനയകുമാർ പെ‍ാലീസ് കസ്റ്റഡിയിലാണ്. ഷാജിയോടെ‍ാപ്പം വീട്ടിലുണ്ടായിരുന്ന പ്രദേശവാസികളായ മൂന്നു പേരും ഒളിവിലാണ്. വിനുവിൻെറ മൃതദേഹം ഇന്നലെ ഉച്ചയോടെ സംസ്കരിച്ചു