ലണ്ടന്‍: സര്‍ക്കാര്‍ ആവശ്യപ്പെടുന്നത് പ്രകാരം കുട്ടികളുടെ വിവരങ്ങള്‍ നല്‍കരുതെന്ന് അദ്ധ്യാപകരുടെ സംഘടന. കുട്ടികളുടെ ദേശീയത, ജന്മസ്ഥലം തുടങ്ങിയ വിവരങ്ങള്‍ നല്‍കരുതെന്നാണ് നാഷണല്‍ യൂണിയന്‍ ഓഫ് ടീച്ചേഴ്സ് രക്ഷിതാക്കളോട് ആവശ്യപ്പെടുന്നത്. ഇമിഗ്രേഷന്‍ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ഈ വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന ആശങ്കയാണ് സംഘടന പങ്കുവെക്കുന്നത്. നാഷണണല്‍ പ്യൂപ്പിള്‍സ് ഡേറ്റബേസില്‍ കുട്ടികളേക്കുറിച്ചുള്ള ഇത്തരം വിവരങ്ങള്‍ ചേര്‍ക്കാനുള്ള എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ നീക്കത്തെ സംഘടന അപലപിച്ചു.

ഹോം ഓഫീസിനു പോലീസിനും ഈ വിവരങ്ങള്‍ കൈമാറാനുള്ള സാധ്യതയുണ്ടെന്നും വംശീയതയുടെ അടിസ്ഥാനത്തില്‍ കുടിയേറ്റ നിയന്ത്രണങ്ങള്‍ വരുത്തുമ്പോള്‍ ഈ വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുമെന്നും വാര്‍ഷിക കോണ്‍ഫറന്‍സിലെ സംഘടനയുടെ പ്രമേയം ആശങ്ക അറിയിക്കുന്നു. റെയ്ഡുകളും നാടുകടത്തലുകള്‍ വരെയും ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഉണ്ടായേക്കാമെന്നതാണ് സംഘടന ഉയര്‍ത്തുന്ന പ്രധാന ആശങ്ക.

ടേംലി സ്‌കൂള്‍ സെന്‍സസിന്റെ ഭാഗമായി 2016 സെപ്റ്റംബര്‍ മുതലാണ് സ്റ്റേറ്റ് സ്‌കൂകളുകളില്‍ പഠിക്കുന്ന കുട്ടികളുടെ വിവരങ്ങള്‍ നല്‍കണമെന്ന് എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ആവശ്യപ്പെട്ടു തുടങ്ങിയത്. എന്നാല്‍ ഇത് നല്‍കുന്നതിന് രക്ഷിതാക്കളെ നിര്‍ബന്ധിക്കാന്‍ കഴിയില്ല. നിയമാപരമായി വിവരങ്ങള്‍ നല്‍കാന്‍ രക്ഷിതാക്കള്‍ ബാധ്യസ്ഥരുമല്ല. പോലീസിന്റെയും ഹോം ഓഫീസിന്റെയും ആവശ്യപ്രകാരം ഇത്തരം വിവരങ്ങള്‍ എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് നല്‍കിത്തുടങ്ങിയതോടെയാണ് ഇത് വിവാദമായി മാറിയത്.