സൂര്യനെ തൊടാനൊരുങ്ങി നാസ; സൗരാന്തരീക്ഷത്തെക്കുറിച്ച് പഠിക്കാനായി പാര്‍ക്കര്‍ സോളാര്‍ പ്രോബ് വിക്ഷേപിച്ചു

സൂര്യനെ തൊടാനൊരുങ്ങി നാസ; സൗരാന്തരീക്ഷത്തെക്കുറിച്ച് പഠിക്കാനായി പാര്‍ക്കര്‍ സോളാര്‍ പ്രോബ് വിക്ഷേപിച്ചു
August 13 06:19 2018 Print This Article

സൂര്യനിലെ രഹസ്യങ്ങള്‍ തേടി നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബ് വിക്ഷേപിച്ചു. ഫ്ളോറിഡയിലെ കേപ് കനാവറല്‍ സ്റ്റേഷനില്‍ നിന്നാണ് വിക്ഷേപണം നടന്നത്. ശനിയാഴ്ച നടത്താനിരുന്ന വിക്ഷേപണം സാങ്കേതിക തകരാറുകളെത്തുടര്‍ന്ന് ഞായറാഴിചയിലേക്ക് മാറ്റുകയായിരുന്നു. 1.5 ബില്യന്‍ ഡോളറാണ് പദ്ധതിയുടെ ചെലവ്. 7 വര്‍ഷം കൊണ്ട് സൂര്യനെ 24 തവണ ചുറ്റാന്‍ ഇതിന് സാധിക്കും. സെക്കന്റില്‍ 190 കിലോമീറ്റര്‍ വരെ വേഗം കൈവരിക്കാന്‍ കഴിയുന്ന തരത്തിലാണ് ഇതിന്റെ രൂപകല്‍പ്പന. മനുഷ്യന്‍ ഇന്നേവരെ നിര്‍മ്മിച്ചിട്ടുള്ളതില്‍ ഏറ്റവും വേഗമേറിയ വസ്തുവെന്ന നേട്ടവും ഇതോടെ പാര്‍ക്കര്‍ സോളാര്‍ പ്രോബിന്റെ പേരിലായി.

കോറോണയെന്ന പേരില്‍ അറിയപ്പെടുന്ന സൗരാന്തരീക്ഷത്തെക്കുറിച്ചായിരിക്കും പാര്‍ക്കര്‍ സോളാര്‍ പഠിക്കുക. അതിശക്തമായ ചൂടിനെ പ്രതിരോധിക്കാനുള്ള പ്രത്യേക കവചവും പേടകത്തിനുണ്ടാവും. 4.5 ഇഞ്ച് കനത്തിലുള്ള താപ കവചമാണ് പേടകത്തിന് നല്‍കിയിരിക്കുന്നത്. കാര്‍ബണ്‍ ഫോം ഉപയോഗിച്ച് നിര്‍മിച്ചിരിക്കുന്ന ഈ കവചം പേടകത്തെ സൂര്യന്റെ കടുത്ത ചൂടില്‍ നിന്ന് സംരക്ഷിക്കും. 1370 ഡിഗ്രി സെല്‍ഷ്യസ് ചൂട് വരെ ഇതിന് അഭിമുഖീകരിക്കേണ്ടി വരുമെന്നാണ് കരുതുന്നത്. സൗരവാതങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയ ആസ്‌ട്രോഫിസിസിസ്റ്റ് യൂജിന്‍ പാര്‍ക്കറുടെ പേരാണ് പേടകത്തിന് നല്‍കിയിരിക്കുന്നത്. ഇതാദ്യമായാണ് ജീവിച്ചിരിക്കുന്ന ഒരാളുടെ പേര് ഒരു ബഹിരാകാശ ദൗത്യത്തിന് നാസ നല്‍കുന്നത്.

സൗരവാതങ്ങളെ കുറിച്ചുള്ള വിദഗ്ദ്ധ പഠനമാണ് പേടകത്തിന്റെ പ്രധാന ലക്ഷ്യം. സൂര്യന് ഏതാണ്ട് 3.8 ദശലക്ഷം മൈല്‍ അടുത്ത് ചെല്ലാന്‍ പേടകത്തിന് പ്രാപ്തിയുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ഭൂമിയും സൂര്യനും തമ്മില്‍ 93 മില്യന്‍ മൈല്‍ അകലമുണ്ട്. സൂര്യനെക്കുറിച്ചുള്ള പഠനത്തിനായി യൂറോപ്യന്‍ യൂണിയനും ബ്രിട്ടനും പദ്ധതികള്‍ ആവിഷ്‌കരിച്ചുകൊണ്ടിരിക്കുയാണ്. 2020ല്‍ പദ്ധതി വിക്ഷേപിക്കാനാണ് ബ്രിട്ടന്‍ ഉദ്ദേശിക്കുന്നത്. ഇന്ത്യയും ആദിത്യ എല്‍ വണ്‍ എന്ന പേരില്‍ സൗരപദ്ധതികള്‍ വികസിപ്പിക്കുന്നുണ്ട്.

  Article "tagged" as:
  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles