പാര്‍ലമെന്റിനു സമീപം കാര്‍ ഇടിച്ചു കയറി മൂന്ന് പേര്‍ക്ക് പരിക്കേറ്റ സംഭവം പരാജയപ്പെട്ട ഭീകരാക്രമണ ശ്രമമെന്ന് റിപ്പോര്‍ട്ട്. വെസ്റ്റ്മിന്‍സ്റ്ററിനു നേരെ 17 മാസങ്ങള്‍ക്കിടെയുണ്ടാകുന്ന ആറാമത് ആക്രമണ ശ്രമമാണ് കഴിഞ്ഞ ദിവസം ഉണ്ടായതെന്ന് സുരക്ഷാ വിദഗ്ദ്ധര്‍ പറയുന്നു. 2017 മാര്‍ച്ചില്‍ വെസ്റ്റ്മിന്‍സ്റ്റര്‍ പാലത്തില്‍ വെച്ച് ഖാലിദ് മസൂദ് എന്ന ഭീകരന്‍ ആളുകള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചു കയറ്റുകയും പിന്നീട് കത്തി ഉപയോഗിച്ച് നിരവധി പേരെ ആക്രമിക്കുകയും ചെയ്ത സ്ഥലത്തിന് തൊട്ടടുത്താണ് ഇന്നലെ കാര്‍ ഇടിച്ച് മൂന്നു പേര്‍ക്ക് പരിക്കേറ്റത്. ബ്രിട്ടനില്‍ ഐസിസ് ഉത്തരവാദിത്തമേറ്റെടുത്ത ആദ്യ ആക്രമണം കൂടിയായിരുന്നു കഴിഞ്ഞ വര്‍ഷം നടന്നത്. പിന്നീട് നാല് ആക്രമണങ്ങള്‍ കൂടി ബ്രിട്ടനില്‍ നടന്നു.

വാഹനങ്ങള്‍ ഉപയോഗിച്ച് ആക്രമണം നടത്തുന്ന ഈ രീതി പിന്നീട് ലോകത്തിന്റെ പല ഭാഗങ്ങളിലും ആവര്‍ത്തിക്കപ്പെട്ടു. വെസ്റ്റ്മിന്‍സ്റ്ററാണ് യുകെയില്‍ ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ നടന്നിട്ടുള്ള പ്രദേശം. ആദ്യത്തെ ആക്രമണത്തിനു ശേഷം പരാജയപ്പെടുത്തിയിട്ടുള്ള 13 ഇസ്ലാമിക് ഭീകരാക്രമണങ്ങളില്‍ നാലെണ്ണവും വെസ്റ്റ്മിന്‍സ്റ്ററില്‍ ഒരേ പ്രദേശത്താണ് നടന്നിട്ടുള്ളത്. 2017 ഏപ്രിലില്‍ പാര്‍ലമെന്റിലേക്ക് കത്തികളുമായി കടക്കാന്‍ തയ്യാറെടുത്ത മുന്‍ താലിബാന്‍ ബോംബ് വിദഗ്ദ്ധന്‍ ഖാലിദ് അലിക്ക് ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. വെസ്റ്റ്മിന്‍സ്റ്ററില്‍ കത്തി ഉപയോഗിച്ച് ആക്രമണത്തിന് ശ്രമിച്ച ബ്രിട്ടനിലെ ആദ്യ വനിതാ ജജിഹാദി സെല്ലും പിന്നാലെ പിടിയിലായിരുന്നു.

ലണ്ടനില്‍ പലയിടങ്ങളില്‍ ഒരേസമയം ആക്രമണം നടത്താന്‍ കുട്ടികളെ പരിശീലിപ്പിച്ച ഉമര്‍ ഹഖ് എന്ന ഭീകരനും വെസ്റ്റ്മിന്‍സ്റ്റര്‍ ലക്ഷ്യമിട്ടിരുന്നു. ഡൗണിംഗ് സ്ട്രീറ്റില്‍ ചാവേര്‍ ബോംബാക്രമണം നടത്താനായിരുന്നു നവംബറില്‍ ഒരു ജിഹാദി ശ്രമിച്ചത്. യുകെയുടെ രാഷ്ട്രീയ ഹൃദയമായതിനാല്‍ വെസ്റ്റ്മിന്‍സ്റ്റര്‍ തീവ്രവാദികളുടെ പ്രധാന ആക്രമണ ലക്ഷ്യമായിരിക്കുമെന്ന് റോയല്‍ യുണൈറ്റഡ് സര്‍വീസസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഇന്റര്‍നാഷണല്‍ സെക്യൂരിറ്റി ഡയറക്ടറായ റഫേലോ പാന്റൂച്ചി പറഞ്ഞു.