വിവാദങ്ങളില്‍ നിറഞ്ഞ് നില്‍ക്കുമ്പോഴും സ്വന്തം കഴിവിലും തീരുമാനങ്ങളിലും ഉറച്ച് നടി പാര്‍വ്വതി. സിനിമാ മേഖലയില്‍ കസബാ വിവാദങ്ങള്‍ കത്തിപ്പടരുമ്പോഴും പാര്‍വ്വതിയെ സംബന്ധിച്ചടുത്തോളം പുരസ്‌കാരങ്ങളുടേയും അംഗീകാരങ്ങളുടേയും വര്‍ഷമായിരുന്നു 2017. ഗോവന്‍ ചലചിത്ര മേളയില്‍വരെ മലയാള ചലചിത്രലോകം പാര്‍വ്വതിയിലൂടെ തിളങ്ങിയ വര്‍ഷം.

എന്നാല്‍ സൈബര്‍ ആക്രമണങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമിപ്പുറം നിലപാടുകളില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കി നടി പാര്‍വതി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. കസബ വിവാദത്തില്‍ മമ്മൂട്ടി പ്രതികരിക്കാന്‍ തയ്യാറായതില്‍ സന്തോഷമുണ്ടെങ്കിലും അദ്ദേഹത്തിന്റെ മറുപടിയില്‍ പൂര്‍ണ തൃപ്തിയില്ലെന്ന് പാര്‍വതി പറഞ്ഞു. ഇക്കണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതി മമ്മൂട്ടിക്കെതിരെ തുറന്നടിച്ചത്.

കസബ വിവാദത്തിന് ശേഷം പ്രതികരണങ്ങളില്‍ മിതത്വം പാലിക്കാന്‍ പലരും ഉപദേശിച്ചു. തനിക്കെതിരെ സിനിമയില്‍ ലോബിയുണ്ടാവുമെന്ന് പറഞ്ഞു. എന്നാല്‍ സിനിമയില്‍ അവസരങ്ങള്‍ നഷ്ടമാകുമെന്ന് പേടിച്ച് മിണ്ടാതിരിക്കാനാവില്ല. 12 വര്‍ഷമായി സിനിമയാണ് തന്റെ ലോകം. സ്വന്തം നിലയ്ക്ക് വന്ന്, കഠിനാധ്വാനവും മനോധൈര്യവും കൊണ്ട് നിലനില്‍ക്കുന്നു. പ്രതികരിച്ചതിന്റെ പേരില്‍ അവസരങ്ങള്‍ നഷ്ടപ്പെട്ടാല്‍ അവസരങ്ങളുണ്ടാക്കാന്‍ ശ്രമിക്കും. തടസ്സങ്ങളുണ്ടായേക്കും. എന്നാലും എവിടെയും പോകില്ലെന്നും സ്ത്രീവിരുദ്ധതയെ ഇനിയും ചോദ്യംചെയ്യുമെന്നും പാര്‍വതി വ്യക്തമാക്കി.