മനില: യാത്രക്കാര്‍ നിറഞ്ഞ വിമാനത്തേക്കാള്‍ അടുത്തസീറ്റില്‍ ആളില്ലാത്ത വിമാനയാത്ര എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്. എന്നാല്‍ ഫിലിപ്പൈന്‍സ് എയര്‍ലൈന്‍സിന്റെ ഒരു വിമാനത്തില്‍ യാത്ര ചെയ്ത ഒരാള്‍ക്ക് ലഭിച്ചത് ഇതിനേക്കാള്‍ മികച്ചത് സ്വപ്‌നങ്ങളില്‍ മാത്രം എന്ന് അവകാശപ്പെടാവുന്ന ഭാഗ്യമാണ്. മനിലയില്‍ നിന്ന് ബൊറാകായ് ദ്വീപിലേക്ക് പോയ ആഭ്യന്തര വിമാനത്തില്‍ യാത്രക്കാരനായി ഉണ്ടായിരുന്നത് ഇദ്ദേഹം മാത്രമാണ്. ആസ്‌ട്രേലിയന്‍ ട്രാവല്‍ ബ്ലോഗറായ അലക്‌സ് സൈമണ്‍ എന്ന 28കാരനാണ് ഈ ഭാഗ്യം ലഭിച്ചത്. സാധാരണ ടിക്കറ്റില്‍ സ്വാകാര്യ ജെറ്റില്‍ പറക്കുന്ന അനഭവമാണ് എയര്‍ലൈന്‍ കമ്പനി ഈ യാത്രക്കാരന് നല്‍കിയത്.
വിമാനത്തില്‍ ഇയാളെ കൂടാതെ രണ്ട ഫ്‌ളൈറ്റ് അറ്റന്‍ഡര്‍മാരും രണ്ട് പൈലറ്റുമാരുമാണ് ഉണ്ടായിരുന്നത്. നിങ്ങള്‍ക്ക് എവിടെ വേണമെങ്കിലും ഇരിക്കാം. കാരണം നിങ്ങള്‍ മാത്രമാണ് യാത്രക്കാരനായി ഉള്ളതെന്ന് ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് പറഞ്ഞതായി സൈമണ്‍ കുറിച്ചു. സൈമണിന്റെ ഏകാംഗ യാത്ര ജീവനക്കാരിലൊരാള്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ സൈമണ്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തു.

ലോകത്തിലെ ഏറ്റവും മനോഹരമായ ആ ദ്വീപിലേക്കുളള ആ യാത്ര മറക്കാനാകാത്തതാണെന്ന് അലക്‌സ് പിന്നീട് പറഞ്ഞു. തനിച്ചുളള ആ യാത്ര തന്നെ ഒരു സൂപ്പര്‍സ്റ്റാറാക്കി. ഒറ്റയ്ക്കുളള ഈ യാത്ര ഒരു സ്വപ്‌നം പോലെയാണ് തനിക്ക് തോന്നിയത്. ഫിലിപ്പൈന്‍സിന്റെ തലസ്ഥാനമായ മനിലയില്‍ നിന്ന് 200 മൈല്‍ അകലെയുളള ഒരു ദ്വീപാണ് ബൊറാകായ്. നാലുകീലോമീറ്റര്‍ നീളമുളള വൈറ്റ് ബീച്ച് ലോകത്തിലെ ഏറ്റവും മികച്ച കടല്‍ത്തീരങ്ങളില്‍ ഒന്നാണെന്ന ബഹുമതിയും നേടിയിട്ടുണ്ട്.