ലണ്ടന്‍: രോഗികളില്‍ ജീവരക്ഷക്കായി ഘടിപ്പിക്കുന്ന മെഡിക്കല്‍ ഇംപ്ലാന്റുകളില്‍ മിക്കവയും സുരക്ഷിതമല്ലെന്ന് റിപ്പോര്‍ട്ട്. യു.കെയിലെ വിവിധ ആശുപത്രികളില്‍ നടക്കുന്ന ശസ്ത്രക്രിയയില്‍ ഇത്തരം സുരക്ഷിതമല്ലാത്ത ഇംപ്ലാന്റുകള്‍ ഉപയോഗിക്കുന്നതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. പേസ്മേക്കറുകള്‍, സ്പൈന്‍ റോഡ്സ് (നട്ടെല്ലിലെ തകരാറുകള്‍ പരിഹരിക്കുന്നതിനായി ഘടിപ്പിക്കുന്ന റോഡുകള്‍), കൃത്രിമ കാല്‍മുട്ടുകള്‍, കൃത്രിമ ഇടുപ്പുകള്‍ തുടങ്ങിയവ ശരിയായ പരീക്ഷണങ്ങള്‍ക്കു ശേഷമല്ല ഉപയോഗിക്കപ്പെടുന്നതെന്നാണ് ബിബിസിയും 58 മാധ്യമ സ്ഥാപനങ്ങളുടെ കണ്‍സോര്‍ഷ്യമായ ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റ്‌സും ചേര്‍ന്നു നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത്.

ഇത് ആയിരങ്ങളുടെ ജീവന്‍ അപകടത്തിലാക്കുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. യു.കെയില്‍ മാത്രമായി ആയിരങ്ങളാണ് പേസ്മേക്കറുകള്‍ ഉപയോഗിക്കുന്നത്. സുരക്ഷിതമല്ലാത്ത ഇത്തരം ഉപകരണങ്ങള്‍ ഇവരുടെ ജീവന്‍ തന്നെ നഷ്ടപ്പെടുത്തിയേക്കും. ബബൂണ്‍ കുരങ്ങുകളില്‍ പരീക്ഷിച്ച് പരാജയപ്പെട്ട ഉപകരണങ്ങളാണ് മാര്‍ക്കറ്റിലെത്തുന്നവയില്‍ മിക്കവയും. ഇതു കൂടാതെ മൃതശരീരങ്ങളിലും പന്നികളിലും മാത്രമേ ഇവ പരീക്ഷിച്ചിട്ടുള്ളു. മനുഷ്യ ശരീരത്തില്‍ ഇവയുണ്ടാക്കുന്ന ഫലങ്ങളെക്കുറിച്ചോ പാര്‍ശ്വഫലങ്ങളെക്കുറിച്ചോ ഇതുവരെ ശാസ്ത്രീയ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. അതേസമയം ഈ ഉപകരണങ്ങള്‍ മില്യണിലധികം ആളുകളുടെ ജീവിതം രക്ഷിച്ചിട്ടുണ്ടെന്ന് മെഡിക്കല്‍ വ്യവസായ മേഖല അവകാശപ്പെടുന്നുണ്ട്. മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന തങ്ങളുടെ ഉപകരണങ്ങള്‍ തികച്ചും സുരക്ഷിതമാണെന്നാണ് കമ്പനികളുടെ വാദം. എന്നാല്‍ ഇതിന് ശാസ്ത്രീയമായ വിശദീകരണമില്ലെന്ന് മാത്രം.

ലോകത്താകമാനം ഇത്തരം നിരവധി ഉപകരണങ്ങള്‍ ദിനംപ്രതി രോഗികളുടെ ശരീരത്തില്‍ സ്ഥാപിക്കപ്പെടുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എസ്സെക്സ് സ്വദേശിനിയായ മൗറീന്‍ മക്ലേവ് എന്ന 82കാരിയിലാണ് ആദ്യമായി ‘നാനോസ്റ്റിം’ പേസ്മേക്കര്‍ സ്ഥാപിക്കപ്പെടുന്നത്. സാധാരണ രീതിയിലുള്ള പേസ്മേക്കറുകള്‍ ബാറ്ററികളിലാണ് പ്രവര്‍ത്തിക്കുന്നത്. ഇവയുടെ കേബിളുകള്‍ വിച്ഛേദിക്കപ്പെടാന്‍ സാധ്യതയുണ്ട്. എന്നാല്‍ അഡ്വാന്‍സ്ഡ് ‘നാനോസ്റ്റിം’ പേസ്മേക്കറുകള്‍ ഈ പോരായ്മയെ മറികടക്കാന്‍ കഴിവുള്ളവയാണ്. ആദ്യമായി ‘നാനോസ്റ്റിം’ പേസ്മേക്കര്‍ ശരീരത്തിലെത്തിയപ്പോള്‍ താനൊരു ‘നല്ല ഗിനിപന്നിയായി’ മാറിയത് പോലെയാണ് തോന്നിയതെന്ന് മൗറീന്‍ മക്ലേവ് പറയുന്നു. മെഡിക്കല്‍ രംഗത്ത് വലിയ മുന്നേറ്റങ്ങള്‍ നടത്തുന്നതിന് ഇത്തരം ഉപകരണങ്ങള്‍ കാരണമായിട്ടുണ്ടെങ്കിലും ഇവയുടെ ശാസ്ത്രീയത വലിയ ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്.