രോഗികളെ നിരീക്ഷിക്കാന്‍ നൂതനമായ പദ്ധതികള്‍ എന്‍എച്ച്എസ് തയ്യാറാക്കുന്നു. ബാര്‍ കോഡുകളും സ്മാര്‍ട്ട്‌ഫോണ്‍ ആപ്പും ഉപയോഗിച്ചായിരിക്കും ഇത് സാധ്യമാക്കുക. ഹെല്‍ത്ത് സെക്രട്ടറി സ്ഥാനമേറ്റെുത്ത ശേഷം ആദ്യമായി നടത്താനിരിക്കുന്ന പ്രസംഗത്തില്‍ മാറ്റ് ഹാന്‍കോക്ക് ആണ് ഇക്കാര്യം അറിയിക്കും. ഹെല്‍ത്ത് സര്‍വീസിനെ ലോകത്തെ ഒന്നാം നിരയിലേക്കെത്തിക്കുന്ന സംവിധാനങ്ങളാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതിനായി 500 മില്യന്‍ പൗണ്ടാണ് വകയിരുത്തിയിരിക്കുന്നത്. ബാര്‍കോഡുകളും റിസ്റ്റ്ബാന്‍ഡുകളും നല്‍കുന്നതിലൂടെ രോഗികള്‍ ഏതൊക്കെ ആശുപത്രികളില്‍ പോയാലും അവരെ നിരീക്ഷിക്കാനാകും.

രക്തസമ്മര്‍ദ്ദം തുടങ്ങിയ വൈറ്റലുകള്‍ നിരീക്ഷിക്കാനായിരിക്കും മൊബൈല്‍ ആപ്പ് ഉപയോഗിക്കുന്നത്. വീട്ടിലുള്ള രോഗികളുടെ പരിശോധന നടത്താന്‍ ഇതുപയോഗിച്ച് സാധിക്കും. രോഗികളെ ആശുപത്രികളില്‍ നിന്ന് നേരത്തേ ഡിസ്ചാര്‍ജ് ചെയ്യാനും ഇത് സഹായിക്കും. എന്‍എച്ച്എസ് ഏറ്റവും പുതിയ സാങ്കേതികവിദ്യകളായിരിക്കും ഉപയോഗിക്കുകയെന്ന് ജെറമി ഹണ്ടിനു ശേഷം ഹെല്‍ത്ത് സെക്രട്ടറി സ്ഥാനത്തെത്തിയ ഹാന്‍കോക്ക് ഉറപ്പു നല്‍കുന്നു. മിക്ക ആശുപത്രികളും ഫാക്‌സ് മെഷീനുകളും 15 വര്‍ഷത്തോളം പഴക്കമുള്ള കമ്പ്യൂട്ടര്‍ സംവിധാനങ്ങളുമാണ് ഇപ്പോഴും ഉപയോഗിക്കുന്നതെന്ന് കഴിഞ്ഞയാഴ്ച സര്‍ജന്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

രോഗികളുടെ സുരക്ഷയാണ് തന്നെ സംബന്ധിച്ചിടത്തോളം പ്രധാനമെന്നാണ് ഹാന്‍കോക്ക് പറയുന്നത്. ഇത് ശക്തമാക്കാന്‍ ആധുനിക സാങ്കേതികവിദ്യകള്‍ക്ക് സാധിക്കും. സെന്‍ട്രല്‍ ലണ്ടനിലെ സ്‌പെഷ്യലിസ്റ്റ് ക്യാന്‍സര്‍ ഹോസ്പിറ്റലായ റോയല്‍ മാഴ്‌സ്‌ഡെന്‍ ഇപ്പോള്‍ മൊബൈല്‍ ആപ്പ് ഉപയോഗിക്കുന്നുണ്ട്. താനും വിര്‍ച്വല്‍ ജിപി കണ്‍സള്‍ട്ടേഷന്‍ ആപ്പ് ഉപയോഗിക്കുന്നുണ്ടെന്നും ഹാന്‍കോക്ക് പറയുന്നു.