സ്വന്തം നാട്ടില്‍ വോളി ടൂര്‍ണമെന്റിന്റെ ഉദ്ഘാടനത്തിനിടെ കൂവി വിളിച്ച നാട്ടുകാരെ സ്വതസിദ്ധമായ ശൈലിയില്‍ തെറി വിളിച്ച് പിസി ജോര്‍ജ്ജ്. പൂഞ്ഞാറില്‍ ചേന്നാട്ട് കവലയില്‍ നടന്ന ഈരാറ്റ്‌പോട്ട വോളി ടൂര്‍ണമെന്റിന്റെ ഉദ്ഘാടനത്തിനിടെയാണ് പൂഞ്ഞാര്‍ എംഎല്‍യെ നാട്ടുകാര്‍ കൂവി നാണം കെടുത്തിയത്. കാണികള്‍ ഒന്നടങ്കം കൂവിവിളിച്ചതോടെ കണ്‍ട്രോള് പോയ പിസി ജോര്‍ജ്ജും മൈക്കിലൂടെ തിരിച്ചു കൂവി. പിന്നെ നല്ല മുട്ടന്‍ തെറിവിളിയും നടത്തി.

‘നീയൊക്കെ കൂവി ചാവുമെടാ തെണ്ടികളേ. ഇതാണോ മര്യാദ വൃത്തികെട്ടവന്മാരേ, ഇവിടെ ജനിച്ചു വളര്‍ന്നവനാ ഞാന്‍. നിന്നെക്കാളൊക്കെ വലിയ ചന്തയാ ഞാനും. നീ ചന്തയാണെങ്കില്‍ പത്ത് ചന്തയാ ഞാന്‍. നിന്നെക്കാളൊക്കെ കൂടിയ ചന്ത. കൂവിയാല്‍ പേടിച്ച് ഓടുന്നവനല്ല ഞാന്‍. അങ്ങനെയൊന്നും ഓടിക്കാന്‍ നോക്കണ്ട. കൂവിയാല്‍ നീയൊക്കെ കൂവിക്കൊണ്ടേയിരിക്കും. മര്യാദ വേണം നിനക്കൊക്കെ. നീ കൂവിയാല്‍ ഞാനും കൂവും അത്ര തന്നെ.’ എന്നായിരുന്നു കൂവിയ നാട്ടുകാരോട് പിസിയുടെ പ്രതികരണം. കാണികളുടെ കൂവലിനിടയില്‍ പറഞ്ഞതെല്ലാം മുങ്ങിപ്പോയതോടെ നില്‍ക്കളിയില്ലാതായ പിസി ഒടുവില്‍ പരിപാടി ഉദ്ഘാടനം ചെയ്തതായി അറിയിക്കുന്നു എന്നുപറഞ്ഞ് സ്ഥലംവിട്ടു.

സ്ത്രീവിരുദ്ധമടക്കമുള്ള പിസിയുടെ നിലപാടുകള്‍ എപ്പോഴും വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. എന്നാല്‍ പൂഞ്ഞാറുകാര്‍ തനിക്കൊപ്പമുണ്ടെന്നും നാട്ടുകാര്‍ക്ക് തന്നെ അറിയാമെന്നും പറയാറുള്ള പിസിയെ അവസാനം നാട്ടുകാരും തള്ളുന്ന കാഴ്ചയാണ് കണ്ടത്. ദിലീപ് വിഷയത്തിലെ അനുഭാവ നിലപാടുകളും ഏറ്റവുമൊടുവിലായി പീഡനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോയ്ക്ക് വേണ്ടി രംഗത്തിറങ്ങിയതുമൊക്കെ നാട്ടുകാരെയും അക്ഷരാര്‍ത്ഥത്തില്‍ വെറുപ്പിച്ചിട്ടുണ്ട്. അധിക്ഷേപം പതിവാക്കിയ പിസി ജോര്‍ജ്ജിനെതിരെ ‘വായ മൂടെടാ പിസി’ എന്ന ഹാഷ്ടാഗില്‍ സോഷ്യല്‍മീഡിയ ക്യാംപയിന്‍ വരെ സംഘടിപ്പിച്ചിട്ടുണ്ട്.

[ot-video][/ot-video]