പി.സി.ജോര്‍ജിന്റെ പ്രസ്താവനയില്‍ ദുഃഖവും അമര്‍ഷവുമുണ്ടെന്ന് ആക്രമിക്കപ്പെട്ട നടി. വനിത കമ്മീഷന് മുമ്പാകെയാണ് നടി ഇക്കാര്യം പറഞ്ഞത്. പ്രസ്താവന തുടരുന്നത് ഏറെ വേദനിപ്പിക്കുന്നു. ജനപ്രതിനിധിയില്‍ നിന്നും ഇത്തരം പരാമര്‍ശം പ്രതീക്ഷിച്ചില്ലെന്നും നടി പറഞ്ഞു.

പി.സി ജോര്‍ജിനെതിരായ പരാതിയില്‍ ഇന്നു രാവിലെയാണ് നടിയുടെ വീട്ടിലെത്തി വനിതാ കമ്മീഷന്‍ മൊഴിയെടുത്തത്. സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന മോശം പരാമര്‍ശങ്ങള്‍ക്കെതിരായ പരാതിയിലും നടിയുടെ മൊഴി രേഖപ്പെടുത്തി. അതേ സമയം ഇക്കാര്യങ്ങള്‍ വനിതാ കമ്മീഷന്‍ രേഖപ്പെടുത്തിയിട്ടില്ല. തുടര്‍ നടപടികള്‍ കൈക്കൊള്ളുന്നത് വനിതാ കമ്മീഷന്‍ സ്വമേധയാ ആണെന്നത് കൊണ്ടാണ് ഇക്കാര്യങ്ങള്‍ സാങ്കേതികമായി രേഖപ്പെടുത്താത്തത് എന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട കേസുകളുമായി മുന്നോട്ട് പോകുന്ന ചലചിത്ര രംഗത്തെ വനിതാ കൂട്ടായ്മയോടൊപ്പം താനും ഉണ്ട്. വനിതാ കമ്മീഷനും സര്‍ക്കാരും വനിതാ കൂട്ടായ്മയും എടുക്കുന്ന എല്ലാ തീരുമാനങ്ങളിലും ഉറച്ച് നില്‍ക്കുമെന്നും നടി കമ്മീഷന്‍ അധ്യക്ഷക്ക് ഉറപ്പ് നല്‍കി. പി.സി.ജോര്‍ജിന്റെ പ്രസ്താവനക്കെതിരെ നടി നേരത്തെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.

നടിക്കെതിരായി നിരന്തരം അപകീര്‍ത്തി പരാമര്‍ശങ്ങള്‍ നടത്തുന്ന പി.സി ജോര്‍ജ് എംഎല്‍എയ്‌ക്കെതിരായ പരാതി നിയമസഭാ എത്തിക്‌സ് കമ്മിറ്റി വിടാന്‍ തീരുമാനിച്ചതായി സ്പീക്കര്‍ പറഞ്ഞിരുന്നു.

ആക്രമിക്കപ്പെട്ട നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പി.സി.ജോര്‍ജ് എംഎല്‍എയുടെ ആവര്‍ത്തിച്ചുള്ള പ്രസ്താവനകള്‍ക്കെതിരെ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. പിസി ജോര്‍ജിന്റെ നിലപാട് മനുഷ്യത്വവിരുദ്ധമാണെന്നാണ് സ്പീക്കര്‍ പറഞ്ഞത്. ജോര്‍ജിനെതിരെ സ്പീക്കര്‍ എന്ന നിലയില്‍ സാധ്യമായ എല്ലാ നടപടികള്‍ സ്വീകരിക്കും. ഉന്നത പദവി വഹിക്കുന്നവര്‍ നിരുത്തരവാദപരമായി പെരുമാറരുതെന്നും അദ്ദേഹം പറഞ്ഞു. നടിയെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ പി.സി.ജോര്‍ജ് ആവര്‍ത്തിച്ചതിനോടാണ് സ്പീക്കറുടെ പ്രതികരണം.

ഇതിന് പിന്നാലെ സ്പീക്കർക്കെതിരെ പി.സി.ജോര്‍ജ് വിമര്‍ശനമുന്നയിച്ചു. എല്ലാവരെയും ഒരേ പോലെ കാണാന്‍ ബാധ്യതയുള്ള ഒരാൾ, ഒരാളെ മാത്രം തിരഞ്ഞുപിടിച്ചു പരാമശിക്കുന്നതു ശരിയല്ല. തന്നെ വിമർശിക്കുന്നതിനു പിന്നിൽ രാഷ്ട്രീയമാണ്. എം.എം.മണി മൂന്നാറിൽ പെമ്പളൈ ഒരുമൈ പ്രവർത്തകരെ അപമാനിച്ചപ്പോൾ ഈ പ്രതിഷേധം ഉണ്ടായില്ല. മാത്രമല്ല, കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി ഒരു എംഎൽഎയുടെ ഡ്രൈവർ കൂടിയായിരുന്നുവെന്നും പി.സി.ജോർജ് ഓർമിപ്പിച്ചു.

പി.സി.ജോർജിന്റെ നിലപാടിനെതിരെ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ രംഗത്തെത്തിയിരുന്നു. ജോർജിനെ വിമർശിച്ച് രണ്ട് കുറിപ്പുകളാണ് സ്പീക്കർ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നത്. ജോർജിന്റെ പരാമർശങ്ങൾ മനുഷ്യത്വ വിരുദ്ധമാണെന്നും സാധ്യമായ എല്ലാ നടപടിയുമെടുക്കുമെന്നും സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ വ്യക്തമാക്കിയിരുന്നു. അർധരാത്രിയിൽ വിശ്വസിച്ചു കയറിയ വാഹനത്തിനുള്ളിൽ അതിക്രൂരമായ അനുഭവങ്ങളിലൂടെ കടന്നുപോയ ഒരു സഹോദരിയുടെ വേദനയെ ചവുട്ടിത്തേയ്ക്കുന്ന വിടുവായത്തം സകല അതിരുകളും കടന്നിരിക്കുകയാണെന്നാണ് സ്പീക്കർ‌ അഭിപ്രായപ്പെട്ടത്.

ജോർജിന്റെ പരാമർശങ്ങൾ നിയമസഭാ എത്തിക്സ് കമ്മിറ്റിയുടെ പരിശോധനയ്ക്കു വിടാന്‍ തീരുമാനിച്ചിരുന്നു. നിയമസഭാ സമ്മേളനം അവസാനിക്കുന്ന ഓഗസ്റ്റ് 24നു ശേഷമാകും എത്തിക്സ് കമ്മിറ്റി ചേരുന്നത്. എത്തിക്സ് കമ്മിറ്റിയിൽ പി.സി.ജോർജും അംഗമായതിനാൽ അന്വേഷണവേളയിൽ അദ്ദേഹത്തിനോടു മാറിനിൽക്കാൻ ആവശ്യപ്പെടും.

നടിക്കെതിരായ പരാമര്‍ശങ്ങളില്‍ പി.സി.ജോര്‍ജിനെ സ്പീക്കര്‍ നേരത്തെയും വിമര്‍ശിച്ചിരുന്നു. വിടുവായത്തം സകല അതിരും കടന്നിരിക്കുകയാണെന്നും സാംസ്കാരിക കേരളത്തിന്റെ മുഖത്ത് കാര്‍ക്കിച്ചുതുപ്പലാണ് പിസി ജോർജ് ഇപ്പോൾ ചെയ്യുന്നതെന്നുമാണ് സ്പീക്കര്‍ പറഞ്ഞത്. മുഖത്ത് തുപ്പുന്നവരോട് എങ്ങനെ പ്രതികരിക്കണമെന്ന് കീഴ്‍വഴക്കമുണ്ട് ആരും അത് മറക്കരുതെന്നും സ്പീക്കർ പറഞ്ഞു.

നടിക്കെതിരായ പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുന്നതായി പി.സി ജോര്‍ജ് നേരത്തെയും വ്യക്തമാക്കിയിരുന്നു. നടിയുടെ പരാതിയോടെ ദിലീപ് നിരപരാധിയാണെന്ന് തെളിഞ്ഞു. പരാതിയെ ഭയപ്പെടുന്നില്ല. പള്‍സര്‍ സുനി പറയുന്നത് വിശ്വസിക്കരുത്. സുനി പിണറായിയുടെ പേര് പറഞ്ഞാല്‍ അറസ്റ്റ് ചെയ്യുമോ എന്നും പി.സി ജോര്‍ജ് ചോദിച്ചു. തനിക്കെതിരെ പി.സി. ജോര്‍ജ് ഉള്‍പ്പെടെയുള്ളവര്‍ നടത്തുന്ന അപകീര്‍ത്തികരമായ പ്രസ്താവനകള്‍ക്കെതിരെ നടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനു പിന്നാലെയാണ് നിലപാടു കടുപ്പിച്ച് ജോര്‍ജിന്റെ രംഗപ്രവേശം.

യോഗ്യത ഇല്ലാത്തവരാണ് വനിതാ കമ്മീഷന്റെ തലപ്പത്ത് ഇരിക്കുന്നത്. പല തവണ തോറ്റവരെയല്ല കമ്മീഷന്റെ തലപ്പത്ത് ഇരുത്തേണ്ടത്. തനിക്കെതിരെ ഒരു കുന്തവും ചെയ്യാന്‍ കഴിയില്ലെന്നും പി.സി ജോര്‍ജ്. പറഞ്ഞു. നടി പരാതി നല്‍കിയ സ്ഥിതിക്ക് ദിലീപ് നിരപരാധിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അല്ലെങ്കില്‍ പരാതി നല്‍കുന്നതെന്തിനാണെന്നും പി.സി. ജോര്‍ജ് ചോദിച്ചു.

ആക്രമണത്തിന് ഇരയാക്കപ്പെട്ട നടി ആരെന്ന് എനിക്കറിയില്ല. എനിക്ക് അറിയാവുന്നത് പൊലീസ് പറഞ്ഞ ഇരയെ മാത്രമാണ്. നടി ആരെന്ന് അറിയാതെ നടിയെപ്പറ്റി ആക്ഷേപമുന്നയിക്കുന്നത് എങ്ങനെയാണ്. ഏതെങ്കിലുമൊരു നടി പരാതി നല്‍കിയെന്നു പറഞ്ഞ് അവരെങ്ങനെയാണ് ഇരയാകുന്നത്. ഇരയെ അറിഞ്ഞുകഴിഞ്ഞാല്‍ നടിയെക്കുറിച്ച് ഞാന്‍ പറയാം. സിനിമ മേഖലയിലുള്ളവരെ ആരെയെങ്കിലും ഈ പറയുന്നവര്‍ ആക്രമിച്ചിട്ടുണ്ടെങ്കില്‍ അവരെ കസ്റ്റഡിയിലെടുത്ത് പരമാവധി ശിക്ഷ നല്‍കണമെന്നാണ് തന്റെ ആഗ്രഹം. പക്ഷേ ഒരു നിരപരാധിയെ കുറ്റവാളിയാക്കിയെന്നു പറഞ്ഞതിന് എന്നെ ആക്രമിച്ചു നാടുകടത്താമെന്നു വച്ചാല്‍ അതങ്ങു മനസില്‍ വച്ചാല്‍ മതിയെന്നും പി.സി. ജോര്‍ജ് പറഞ്ഞിരുന്നു.