പി. ഡി. ബൗസാലി

ആഗസ്റ്റ് പതിനഞ്ചാം തീയതി ഞങ്ങൾക്കു വളരെ തിരക്കുള്ള ഒരു ദിനമായിരുന്നു. ഞങ്ങൾ താമസിക്കുന്നിടത്തുനിന്നും ഏതാണ്ട് 30 കി. മീ. ദൂരത്തുള്ള നൈസാ എലിഫന്റ് പാർക്കിലേയ്ക്കാണ് ആദ്യം പോയത്. ആനകളെ പ്രത്യേകമായി സംരക്ഷിക്കുന്ന ഈ ആന സങ്കേതം ടുറിസ്റ്റുകളുടെ ഒരു ആകർഷണ കേന്ദ്രമാണ്. സന്ദർശകർ എത്തുമ്പോൾ ആനകൾ ഒരു പ്രത്യേക സ്ഥലത്തു വന്ന് വാരിവരിയായി നിൽക്കും. അവർക്കു കൊടുക്കാനുള്ള പഴവും മറ്റും കുട്ടകളിൽ വാങ്ങാൻ അവിടെ ലഭിക്കും . കൈവെള്ളയിൽ പഴമോ ആപ്പിൾ കഷണങ്ങളൊ വച്ചു നീട്ടിയാൽ തുമ്പിക്കൈയുടെ അറ്റം കൊണ്ട് കൃത്യമായി ആന എടുക്കുമ്പോൾ നമുക്കുണ്ടാകുന്ന ഭയവും രോമാഞ്ചവും കലർന്ന അനുഭവം ഒന്നു വേറേ തന്നെ. അവിടെ ആനകളുടെ കൂടെ നടക്കാം, ആനയെ തൊടാം ഫോട്ടോയെടുക്കാം.

 

അവിടെനിന്നും കുറച്ചു ദൂരത്തുള്ള മങ്കീസ് പാർക്കിലേയ്ക്കാണ് പിന്നീടു പോയത്‌. 400 – ൽ പരം വ്യത്യസ്ഥ ഇനങ്ങളിൽ പെട്ട കുരങ്ങുകളുടെ ലോകം. അമേരിക്കയിൽ നിന്നും ബ്രസീലിൽ മറ്റും കൊണ്ടു വന്നിട്ടുള്ള പല വലിപ്പവും ശരീരഘടനകളുമുള്ള കുരങ്ങൻമാർ. അവർക്കു ഭക്ഷണം കൊടുക്കുന്നതിനുള്ള പ്രത്യേകം സജ്ജമാക്കിയ സ്ഥലങ്ങൾ ; ഏതു മരത്തിൽ നോക്കിയാലും ചാടിക്കളിക്കുന്ന കുരങ്ങിൻ കൂട്ടങ്ങൾ. ഇവ ഈ വന ഭാഗത്തുനിന്നും വെളിയിൽ പോകാതിരിക്കാൻ ഉയരത്തിൽ കമ്പി വേലികളാൽ ചുറ്റപ്പെട്ടിരിക്കുന്നു.

മങ്കീ ലാൻഡിൽ നിന്നും ഞങ്ങൾ പക്ഷി കേന്ദ്രത്തിലേക്കാണു പോയത്‌. പന്ത്രണ്ടേക്കറോളം വരുന്ന വനഭാഗം പ്രത്യേകമായ ഇരുമ്പുവേലികൊണ്ട് ചുറ്റിലും, മുകൾ ഭാഗത്തും കവർ ചെയ്തിരിക്കുന്നു. ആഫ്രിക്കയുടെ ദേശീയ പക്ഷിയായ ബ്ലൂ ക്രെയിനും, ഫ്ലെമിംഗോ പക്ഷികളും, പലനിറങ്ങളിലും വലിപ്പത്തിലുമുള്ള പക്ഷികളുടെ ഒരു പറുദീസ. പിന്നീട് ഞങ്ങളുടെ ലക്ഷ്യസ്ഥാനം ജുകാനി വൈൽഡ് ക്യാറ്റ് റിസേർവ് ആയിരുന്നു . ഇവിടെയല്ലാം പ്രത്യേകം ടിക്കറ്റെടുത്താണ് പ്രവേശനം. ഞങ്ങളുടെ കു‌ടെ ഒരു ഗൈഡ് വന്നു. ഓരോയിനം മൃഗങ്ങളെയും പ്രത്യേകമായി തീർത്ത ഇരുമ്പു വേലികളാൽ ചുറ്റപ്പെട്ടവനഭാഗത്ത് സൂക്ഷിച്ചിരിക്കുന്നു. ഞങ്ങൾ ചെന്നപ്പോൾ സിംഹങ്ങൾക്ക് ആഹാരം നൽകുന്ന സമയം ആയിരുന്നു. വലിയ ഒരു ഇറച്ചിക്കഷണവുമായി ഞങ്ങൾ നിൽക്കുന്ന വേലിക്കടുത്തേയ്ക്ക് ഓടിക്കുതിച്ചു വന്ന സിംഹത്തിനെ കണ്ട്‌ ഞങ്ങളെല്ലാവരും ഒന്നു പതറി ; അവന്റെ ഗാംഭീര്യത്തോടെയുള്ള നോട്ടവും മുരളലും കേട്ടു ഞങ്ങൾ പതുങ്ങിപ്പോയി. അവൻ വേലി ചാടിയാലോ? അങ്ങിനെ സംഭവിക്കില്ലന്നു ഗൈഡു ഞങ്ങളെ സമാധാനിപ്പിച്ചു. കടുവയും, പുലിയും, ജഗ്വാറും, പുള്ളിപ്പുലികളും, പൂമായും എല്ലാം ധാരാളമായുള്ള റിസേർവ് ഏരിയ. ആ വന്യമായ അന്തരീക്ഷത്തിൽ നിന്ന് ഞങ്ങൾ വെളിയിലിറങ്ങി. ഞങ്ങൾ താമസിച്ചിരുന്ന നൈസാ റിസോർട്ടിലേക്കു മടങ്ങിപ്പോയി, രാത്രി ഭക്ഷണം കഴിച്ചു വിശ്രമിച്ചു.

തുടരും….

 

 

പി. ഡി. ബൗസാലി

ഫെഡറൽ ബാങ്കിൻെറ സീനിയർ മാനേജർ ആയിരുന്നു .  കൂടാതെ മുൻ ഫെഡറൽ ബാങ്ക് ഓഫീസേഴ്സ് അസ്സോസിയേഷൻെറ പ്രസിഡന്റ് , FISAT സ്ഥാപകഡയറക്ടർ തുടങ്ങി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട് .ഇപ്പോൾ Yesmen Club, union Arts Society, Banker’s Club, മുതലായവയുടെ ഭാരവാഹിയാണ്. വിദ്യാർത്ഥികൾക്ക്മോട്ടിവേഷൻ ക്ലാസുകൾഎടുക്കാറുണ്ട് .നാടകം, കഥ, കവിത, ലേഖനങ്ങൾ തുടങ്ങിയവയുടെ രചയിതാവാണ് .ധാരാളം വിദേശ യാത്രകൾ നടത്തുകയും യാത്രാ വിവരണങ്ങൾ എഴുതുകയും, പ്രസിദ്ധികരിക്കുകയും ചെയ്തിട്ടുണ്ട്. തിരുവല്ലയിലെ മുത്തൂർ സ്വദേശി