മലയാള സിനിമാതാരങ്ങള്‍ ആഢംബര വാഹനങ്ങള്‍ സ്വന്തമാക്കുന്ന കാലമാണിത്. മിക്കവരും ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ലിയുവിന്‍റെ മോഡലുകളാണ് തങ്ങളുടെ ഗാരേജിലെത്തിക്കുന്നത്. അത്തരം നിരവധി വാര്‍ത്തകളാണ് അടുത്തകാലത്ത് പുറത്തുവരുന്നത്. ആ ശ്രേണിയിലേക്കിതാ ഒരു യുവനടിയും.

മിനി സ്ക്രീനിലൂടെ മലയാളികള്‍ക്കു മുന്നിലെത്തി സിനിമാരംഗത്ത് സാന്നിധ്യമുറപ്പിച്ച യുവതാരമാണ് പേളി മാണി. ജയസൂര്യയുടെ പ്രേതം ഉള്‍പ്പെടെ പലസിനിമകളിലേയും പേളിയുടെ പ്രകടനങ്ങള്‍ മലയാളി പ്രേക്ഷകര്‍ അത്രെളുപ്പം മറക്കില്ല. ആ പേളിയുടെ യാത്രകള്‍ ഇനി മുതല്‍ അരക്കോടിയുടെ ബിഎംഡബ്ലിയു കാറിലാണ്.

ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ലിയുവിന്റെ 5 സീരീസ് സെഡാന്‍ 520i ലക്ഷ്വറി മോഡലാണ് പേളി സ്വന്തമാക്കിയത്. പേളി തന്നെയാണ് ഫേസ്ബുക്കിലൂടെ ഈ വിവരം പങ്കുവച്ചത്. ബിഎം‍ഡബ്ല്യു സ്വന്തമാക്കാൻ കഴിഞ്ഞതിൽ പ്രേക്ഷകരോടും ദൈവത്തോടും ഫേസ്ബുക്ക് പോസ്റ്റിൽ പേളി നന്ദിയും അറിയിച്ചു. കൊച്ചിയിലെ പ്രീ ഓൺഡ് ലക്ഷ്വറി കാറുകളുടെ ഷോറൂമായ ഹർമൻ മോട്ടോഴ്സില്‍ നിന്നുമാണ് പേളി വാഹനം സ്വന്തമാക്കിയത്.  ഏകദേശം 52 ലക്ഷം രൂപയാണ് ഫൈഫ് സീരീസിലെ ഈ ആഡംബര വാഹനത്തിന്‍റെ എക്‌സ്‌ഷോറൂം വില.

2 ലിറ്റര്‍ എന്‍ജിനാണ് 520i-ക്ക് കരുത്ത് പകരുന്നത്. 1998 സിസി ട്വിന്‍ പവര്‍ ടര്‍ബോ ഫോര്‍ സിലിണ്ടര്‍ എന്‍ജിന്‍ 5000 ആര്‍പിഎമ്മില്‍ 184 ബിഎച്ച്പി കരുത്തും 1250-4500 ആര്‍പിഎമ്മില്‍ 270 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. എട്ട് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. 14.04 കിലോമീറ്റര്‍ ഇന്ധന ക്ഷമതയും ലഭിക്കും. വെറും 7.9 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ഈ 5 സീരീസിന് സാധിക്കും. മണിക്കൂറില്‍ 231 കിലോമീറ്ററാണ് പരമാവധി വേഗത.

സുരക്ഷ ഉറപ്പാക്കാന്‍ എയര്‍ബാഗുകള്‍ക്കൊപ്പം ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷന്‍, ബ്രേക്ക് അസിസ്റ്റ്, ഹില്‍ അസിസ്റ്റ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി പ്രോഗ്രാം തുടങ്ങിയ നിരവധി സംവിധാനങ്ങള്‍ 520i-യില്‍ ഉണ്ട്. 5 സീറ്റര്‍ വാഹനത്തില്‍ 520 ലിറ്ററാണ് ബൂട്ട് സ്‌പേസ് കപ്പാസിറ്റി. 158 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും 2968 എംഎം വീല്‍ബേസും വാഹനത്തിനുണ്ട്.