ലണ്ടന്‍: 65 വയസിന് മുമ്പ് റിട്ടയര്‍ ചെയ്യാന്‍ തയ്യാറാകുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവെന്ന് കണക്കുകള്‍. കഴിഞ്ഞ ഏഴ് വര്‍ഷങ്ങള്‍ക്കിടെ 25 ശതമാനം കുറവാണ് ഇക്കാര്യത്തിലുണ്ടായതെന്ന് അവിവ നല്‍കുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നു. ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കനുസരിച്ച് 65 വയസാകുന്നതിനു മുമ്പ് റിട്ടയര്‍ ചെയ്യുന്നവരുടെ എണ്ണം ഈ വര്‍ഷത്തോടെ 1.2 മില്യന്‍ ആയി മാറിയിട്ടുണ്ട്. 2011ല്‍ ഇത് 1.6 മില്യനായിരുന്നു. ഹൗസ് ഓഫ് കോമണ്‍സ് ലൈബ്രറി നല്‍കുന്ന വിവരമനുസരിച്ച് സ്‌റ്റേറ്റ് പെന്‍ഷന്‍ പദ്ധതിയിലെ മാറ്റങ്ങള്‍ മൂലം 7.6 മില്യന്‍ പെന്‍ഷന്‍കാര്‍ക്ക് 10,000 പൗണ്ടായിരിക്കും ലഭിക്കുക. ഈ ആശങ്കയാണ് ജീവനക്കാരെ കൂടുതല്‍ കാലം സര്‍വീസില്‍ തുടരാന്‍ പ്രേരിപ്പിക്കുന്നതെന്നാണ വിലയിരുത്തല്‍.

65 വയസിനു മുകളിലും ജോലി ചെയ്യുന്നവരുടെ എണ്ണത്തില്‍ 2017 ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ 38,000ത്തിന്റെ വര്‍ദ്ധനയുണ്ടായിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 10.1 മില്യന്‍ ആളുകളാണ് ഇപ്പോള്‍ ജീവനക്കാരായിട്ടുള്ളത്. ഇവരില്‍ 70 ലക്ഷത്തോളം പേര്‍ 65 വയസിന് മുകളിലുള്ളവരാണ്. പത്ത് വര്‍ഷം മുമ്പ് ഇത്തരക്കാരുടെ എണ്ണം 4,34,000 മാത്രമായിരുന്നു. ജീവിതദൈര്‍ഘ്യം വര്‍ദ്ധിക്കുന്നതും പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിച്ചതും ഫൈനല്‍ സാലറി പെന്‍ഷന്‍ പദ്ധതി അവസാനിപ്പിച്ചതുമൊക്കെയാണ് ജീവനക്കാര്‍ പരമാവധി ജോലികളില്‍ തുടരാന്‍ ശ്രമിക്കുന്നതിന് കാരണമായി പെന്‍ഷന്‍ വിദഗദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഈ ട്രെന്‍ഡ് തുടരാനാണ് സാധ്യതയെന്നും വിഗഗ്ദ്ധര്‍ വിലയിരുത്തുന്നു.

70 വയസിനു മുകളിലും സര്‍വീസില്‍ തുടരുന്നവരുടെ എണ്ണം ഏഴ് വര്‍ഷത്തിനുല്ള്ളില്‍ ഇരട്ടിയാകുമെന്നും പ്രതീക്ഷിക്കുന്നു. 1953 ഡിസംബര്‍ 6ന് മുമ്പ് ജനിച്ചവര്‍ക്ക് 65 വയസാണ് നിലവിലുള്ള സ്റ്റേറ്റ് പെന്‍ഷന്‍ പ്രായം. 1950 ഏപ്രില്‍ 6നും 1953 ഡിസംബര്‍ 5നുമിടയില്‍ ജനിച്ച സ്ത്രീകള്‍ക്ക് 60നും 65നുമിടയിലാണ് പെന്‍ഷന്‍ പ്രായമായി നിര്‍ണ്ണയിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം മുതല്‍ 2020 വരെ സ്ത്രീകളുടെയും പുരുഷന്‍മാരുടെയും പെന്‍ഷന്‍ പ്രായം 66 ആയി ഉയരും. 2028ഓടെ ഇത് 67 വയസായി മാറുമെന്നും കരുതപ്പെടുന്നു.