ബ്രിട്ടനിലെ 10 മില്യനോളം ജീവനക്കാര്‍ റിട്ടയര്‍മെന്റിന് തയ്യാറാകില്ലെന്ന് സൂചന. ശാരീരികാവശതകള്‍ മൂലം ജോല ചെയ്യാന്‍ കഴിയാത്ത അവസ്ഥ വരെ ഇവര്‍ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവരില്‍ മൂന്ന് മില്യന്‍ ആളുകള്‍ വാര്‍ദ്ധക്യാവശതകളാല്‍ ജോലിയിലിരിക്കെത്തനെന മരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്ന് മു തല്‍ നിലവില്‍ വരുന്ന പുതിയ പെന്‍ഷന്‍ സമ്പ്രദായമാണ് റിട്ടയര്‍മെന്റില്‍ നിന്ന് ജീവനക്കാരെ പിന്തിരിപ്പിക്കുന്നത്. സമാധാനപരമായ ഒരു റിട്ടയര്‍മെന്റ് ഈ പദ്ധതിയിലെ ആശങ്കകള്‍ മൂലം സാധിക്കില്ലെന്നാണ് ഇവരില്‍ ബഹുഭൂരിപക്ഷവും കരുതുന്നത്.

51 ശതമാനം ജോലിക്കാരും റിട്ടയര്‍മെന്റ് പ്രായത്തിനു ശേഷവും പാര്‍ട്ട് ടൈം ആയി ജോലിയില്‍ തുടര്‍ന്നേക്കും. ഇങ്ങനെ ചെയ്യേണ്ടി വരുന്നതാണെന്ന് 18 ശതമാനം പേര്‍ അഭിപ്രായപ്പെടുന്നു. 65 വയസില്‍ റിട്ടയര്‍ ചെയ്യാന്‍ തയ്യാറാകുക വെറും 25 ശതമാനം ആളുകള്‍ മാത്രമായിരിക്കുമെന്ന് സ്‌കോട്ടിഷ് വിഡോസ് നടത്തിയ പഠനം വ്യക്തമാക്കുന്നു. റിട്ടയര്‍മെന്റി സമയത്തേക്കുള്ള സമ്പാദ്യമായി നിര്‍ദേശിക്കപ്പെടുന്ന 12 ശതമാനം സമാഹരിക്കാന്‍ 44 ശതമാനം പേര്‍ക്കും സാധിക്കുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

പെന്‍ഷന്‍ മിനിമം കോണ്‍ട്രിബ്യൂഷന്‍ തുകയിലാണ് ഇന്ന് മുതല്‍ വര്‍ദ്ധന വരുത്തിയിരിക്കുന്നത്. അഞ്ച് ശതമാനമാണ് വരുത്തിയിരിക്കുന്ന വര്‍ദ്ധന. ഇത് ലക്ഷക്കണക്കിന് ജീവനക്കാരെ പ്രതികൂലമായി ബാധിക്കാനിടയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സമ്പാദ്യം നഷ്ടമാകുമെന്ന ഭീതി മൂലം റിട്ടയര്‍ ചെയ്ത് വിശ്രമിക്കാനുള്ള പ്രായത്തിലും കൂടുതല്‍ കാലം ജോലി ചെയ്യാന്‍ തങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് ജീവനക്കാര്‍ പറയുന്നു.