അമൃത്സര്‍: രാജ്യത്തെ ഞെട്ടിച്ച് അമൃത്സര്‍ തീവണ്ടി ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത് ജനങ്ങളുടെ സെല്‍ഫി ഭ്രാന്ത്. ദസ്സറാ ആഘോഷത്തിനിടെ ആള്‍ക്കൂട്ടത്തിലേക്ക് തീവണ്ടി ഇടിച്ചുകയറുമ്പോള്‍ നിരവധി ആളുകള്‍ മൊബൈല്‍ഫോണുകളില്‍ വീഡിയോയും ഫോട്ടോയും എടുക്കുന്ന തിരക്കിലായിരുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. തീവണ്ടി നിരവധി പേരുടെ ജീവനെടുത്തതിന് ശേഷവും ചിലര്‍ സെല്‍ഫിയെടുക്കുന്നത് തുടര്‍ന്നതായും വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നു. അറുപതിലധികം പേരാണ് അപകടത്തില്‍ മരിച്ചത്. മരണനിരക്ക് ഇനിയും കൂടാനാണ് സാധ്യത.

ദസ്സറ ആഘോഷങ്ങളിലെ പ്രധാനപ്പെട്ട ചടങ്ങുകളിലൊന്നാണ് രാവണ രൂപം കത്തിക്കുകയെന്നത്. കൂറ്റന്‍ രാവണ കോലം പടക്കങ്ങള്‍ കോര്‍ത്തിണക്കി നിര്‍മ്മിച്ചവയാകും. ഇത് കത്തിക്കുമ്പോള്‍ വലിയ ശബ്ദത്തില്‍ പടക്കങ്ങളും പൊട്ടും. ഈ വര്‍ണാഭമായ കാഴ്ച്ച പകര്‍ത്തുന്ന തിരക്കിലായിരുന്നു എല്ലാവരും. തീവണ്ടി ഹോണ്‍ അടിച്ചിട്ട് പോലും ആരുടെയും ശ്രദ്ധ ട്രാക്കിലേക്ക് മാറിയില്ല. തൊട്ടടുത്ത് എത്തിയപ്പോള്‍ മാത്രമാണ് പലരും തീവണ്ടി കാണുന്നത്. ഇത് ദുരന്തത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചു. ജലന്ധര്‍ അമൃത്സര്‍ എക്സ്പ്രസിന്റെ അമിത വേഗവും ദുരന്തത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കാന്‍ കാരണമായി.

സെല്‍ഫി സംസ്‌കാരം ഇത്തരം അപകടങ്ങളിലേക്ക് കാരണമാകുന്നതായി ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ചൂണ്ടിക്കാണിച്ചു. കൂടാതെ അശ്രദ്ധമൂലമാണ് ഈ അപകടമുണ്ടായതെന്നും ഒഴിവാക്കാമായിരുന്ന ദുരന്തമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തീവണ്ടി ഇടിച്ചുകയറുമ്പോഴും ജനങ്ങള്‍ സെല്‍ഫി പകര്‍ത്തുന്നത് അവസാനിപ്പിച്ചില്ല എന്നത് അവിശ്വസനീയമാണെന്ന് ആംആദ്മി പാര്‍ട്ടി നേതാവ് പ്രീതി ശര്‍മ്മ മേനോന്‍ അഭിപ്രായപ്പെട്ടു. സെല്‍ഫിയെടുക്കുന്നതിനിടെ ലോകത്താകമാനം നിരവധി അപകട മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആളുകള്‍ ജീവന്‍ പോലും മറന്നാണ് ഇത്തരം സെല്‍ഫി ഭ്രാന്തിനടിമകളാകുന്നതെന്ന് ഈ രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നു.

വീഡിയോ കാണാം.