പുണെ: ആദ്യരാത്രിയില്‍ വധുവിന്റെ കന്യകാത്വം പരിശോധിക്കാന്‍ തീരുമാനിച്ച നാട്ടുപഞ്ചായത്തിന്റെ നടപടി ചോദ്യം ചെയ്ത യുവാക്കള്‍ക്ക് മര്‍ദ്ദനം. കഞ്ചര്‍ഭട്ട് ഗോത്രത്തിലാണ് കന്യകാത്വ പരിശോധനയെന്ന പ്രാകൃത നിയമം നിലനില്‍ക്കുന്നത്. പൂണെയിലെ പിംപ്രിയിയില്‍ അനാചാരങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന യുവാക്കളുടെ കൂട്ടായ്മയായ സ്റ്റോപ് ദ വി-റിച്വലിലെ അംഗങ്ങള്‍ക്കാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. യുവാക്കളെ അക്രമിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

സ്റ്റോപ് ദ വി-റിച്വല്‍ കൂട്ടായ്മയിലെ പ്രവര്‍ത്തകരായ പ്രശാന്ത് അങ്കുഷ് ഇന്ദ്രേകറിനും സുഹൃത്തുക്കള്‍ക്കും നേരെയാണ് അക്രമം ഉണ്ടായത്. ഞായറാഴ്ച്ച രാത്രി ഒരു വിവാഹത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഇവര്‍. രാത്രി 9 മണിയോട വിവാഹച്ചടങ്ങുകള്‍ അവസാനിച്ചു, തുടര്‍ന്ന് നാട്ടു പഞ്ചായത്തിന് വിവാഹ നടന്ന കുടുംബം നല്‍കേണ്ട പണത്തിനെക്കുറിച്ചും കന്യകാത്വ പരിശോധനയെക്കുറിച്ചും ചര്‍ച്ച നടക്കുകയായിരുന്നു.

കന്യകാത്വ പരിശോധഘന ചടങ്ങുകളുടെ ഭാഗമാണെന്നും ഗ്രാമത്തിലെ ആചാരങ്ങളില്‍ പ്രധാനപ്പെട്ടതാണെന്നും ചിലര്‍ വാദിച്ചു. തുടര്‍ന്ന് അവിടെ നില്‍ക്കുകയായിരുന്ന തന്റെ സുഹൃത്തുക്കളോട് ഇനിയുമിവിടെ നില്‍ക്കുന്നതെന്തിനെന്ന് ചോദിച്ച് ഗ്രാമത്തിലെ ചിലര്‍ തട്ടിക്കയറി. പിന്നീട് അവരെ കയ്യേറ്റം ചെയ്തതോടെ താന്‍ ഇടപെട്ടു. അപ്പോള്‍ വധുവിന്റെ സഹോദരനടക്കമുള്ളവര്‍ ചേര്‍ന്ന് തന്നെയും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ആക്രമണത്തിന് ഇരയായ ഇന്ദ്രേകര്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

കന്യകാത്വ പരിശോധന ചോദ്യം ചെയ്തതിനെത്തുടര്‍ന്നാണ് കയ്യേറ്റവും മര്‍ദ്ദനവും നടന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി ഡെപ്യൂട്ടി കമ്മീഷണര്‍ ഗണേഷ് ഷിന്‍ഡെ പറഞ്ഞു. കേസില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.