പെരുമ്പാവൂരില്‍ കാറും ബസും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിക്കാനിടയായ സംഭവത്തിന്റെ നടുക്കത്തിലാണ് ഒരു ഗ്രാമം. കാര്‍ ഡ്രൈവറുടെ അശ്രദ്ധയും അമിത വേഗതയുമെന്ന് പ്രാഥമിക നിഗമനം. മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പ്രാഥമിക പരിശോധനയിലും തെളിവെടുപ്പിലുമാണ് ഇക്കാര്യം വ്യക്തമായത്. സ്ഥിരം അപകട മേഖലയിലാണ് ദുന്തം ഉണ്ടായത്. തടി ലോറിയെ ഓവര്‍ടേക്ക് ചെയ്യുമ്പോഴായിരുന്നു അപകടം. അതുകൊണ്ട് തന്നെ ഡ്രൈവറുടെ ഉറക്കമല്ല മരണകാരണമെന്നാണ് പൊലീസും നല്‍കുന്ന സൂചന.

അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമല്ല. കാര്‍ യാത്രികരായ ഇടുക്കി ഏലപ്പാറ സ്വദേശികളായ ജെറിന്‍ (22),ഉണ്ണി (21), വിജയ്, കിരണ്‍ (21), ജനീഷ് (22) എന്നിവരാണ് മരിച്ചത്. ആന്ധ്രയില്‍നിന്നുള്ള അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന ബസുമായി ഇവരുടെ കാര്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ സുജിത്, ജിബിന്‍ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജിബിനെ ഒമാനിലേക്ക് യാത്രയയ്ക്കാന്‍ വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു ഇവര്‍. വ്യാഴാഴ്ച അര്‍ധരാത്രി 12.45 ഓടെയായിരുന്നു അപകടം. അഞ്ചുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ജെറിന്റെ സഹോദരനാണ് ജിബിന്‍. മറ്റുള്ളവര്‍ ബന്ധുക്കളും സുഹൃത്തുക്കളുമാണ്. ആകെ ഏഴുപേരാണ് കാറിലുണ്ടായിരുന്നത്. പെരുമ്പാവൂര്‍ വല്ലത്ത് വെച്ച് ഒരു തടിലോറിയെ മറികടന്ന് എത്തിയ കാര്‍ ബസില്‍ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കാര്‍ പൂര്‍ണമായും ബസിനുള്ളിലേക്ക് ഇടിച്ചു കയറി. ഇടിയുടെ ആഘാതത്തില്‍ ബസ് റോഡിന് കുറുകെയായി. കനത്ത മഴ രക്ഷാപ്രവര്‍ത്തനം തടസ്സപ്പെടുത്തി. മണിക്കൂറുകള്‍ക്ക് ശേഷമാണ് ബസ് റോഡില്‍ നിന്ന് മാറ്റിയത്. ഇത് ഗതാഗത തടസ്സത്തിനും കാരണമായിരുന്നു. അമിത വേഗതയാണ് വില്ലനായതെന്ന് ദൃക്‌സാക്ഷികളും പറയുന്നു. സ്ഥിരമായി അപകടമുണ്ടാകുന്ന സ്ഥലമാണ് ഇവിടമെന്നാണ് നാട്ടുകാര്‍ പറയുന്നത്. കനത്തമഴയും അപകടത്തിന്റെ വ്യാപ്തി കൂട്ടിയെന്നും കരുതുന്നു. ഡ്രൈവര്‍ മദ്യപിച്ചിരുന്നോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്.

ആന്ധ്രയില്‍ നിന്നും എത്തിയ തീര്‍ത്ഥാടക സംഘം ആഹാരം കഴിച്ച ശേഷം വീണ്ടും പുറപ്പെടാന്‍ ബസ് എടുത്തതേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടു തന്നെ ബസ് സാവധാനമായിരുന്നു വന്നതെന്നും വിമാനത്താവളത്തില്‍ സമയത്ത് ചെക്കിന്‍ ചെയ്യേണ്ടതുള്ളതിനാല്‍ അത് ലക്ഷ്യമിട്ട് ഡ്രൈവര്‍ കാര്‍ അമിത വേഗത്തില്‍ ഓടിച്ചിരിക്കാമെന്നും പൊലീസ് സംശയിക്കുന്നുണ്ട്. വലിയ വളവും എതിര്‍വശത്തു നിന്നും വരുന്ന വാഹനം കാണാന്‍ കഴിയാത്തതും അപകടകാരണമായിരിക്കാമെന്നാണ് വിലയിരുത്തല്‍. രണ്ടു വാഹനങ്ങളുടെയും മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്.

പെരുമ്പാവൂരില്‍ അഞ്ചുപേരുടെ മരണത്തിന് ഇടയാക്കിയ അപകടകാരണം കാറിന്‍റെ അമിതവേഗമെന്ന് പ്രാഥിമിക നിഗമനം. കാര്‍ അമിതവേഗത്തില്‍വന്ന് ബസില്‍ ഇടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍വെളിവാക്കുന്നു . മൃതദേഹങ്ങൾ പെരുമ്പാവൂരിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു….

കടപ്പാട് ; മനോരമ ന്യൂസ്