ലണ്ടന്‍: സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വീണ്ടും ഇന്ധന വില മത്സരം മുറുകുന്നു. മോറിസണ്‍ ഡീസല്‍ വില ഒരു പൗണ്ടിനും താഴെയായി കുറച്ചു. ആറ് വര്‍ഷത്തിനിടെ ആദ്യമാണ് മോറിസണില്‍ ഡീസല്‍ വില ഒരു പൗണ്ടിനും താഴെയെത്തുന്നത്. അസ്ദയും ടെസ്‌കോയും ഇന്ന് വിലകുറച്ചേക്കുമെന്ന് സൂചനയുണ്ട്. പുതുവര്‍ഷത്തില്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഇത്രയും വില കുറച്ച് ഡീസല്‍ നല്‍കാനാകുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നാണ് അസ്ദയുടെ സീനിയര്‍ പെട്രോള്‍ ഡയറക്ടര്‍ ആന്‍ഡി പീക്ക് പ്രതികരിച്ചത്. ഈ രംഗത്ത് വഴികാട്ടാന്‍ കഴിഞ്ഞതിലുളള ചാരിതാര്‍ത്ഥ്യവും അദ്ദേഹം പ്രകടിപ്പിക്കുന്നു.
ഡീസല്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് ഇതൊരു നല്ല വാര്‍ത്തയാണെന്ന് സെയിന്‍സ്ബറി തലവന്‍ അവിഷായ് മൂര്‍ പറഞ്ഞു. ഏതായാലും 2016 ഇവര്‍ക്ക് നല്ലൊരു തുടക്കമാകും. വാഹനമുടമകളുടെ ബജറ്റിനും ഇത് ഏറെ പ്രയോജനകരമാകും.
ആര്‍എസി വിലകുറയ്ക്കലിനെ സ്വാഗതം ചെയ്തു. എന്ത് കൊണ്ടാണ് ഇത് വ്യാപകമായ തോതിലുളള ഒരു വിലപേശലിന് വഴി വയ്ക്കാത്തതെന്ന ചോദ്യവും ആര്‍എസി ഉയര്‍ത്തുന്നു.

വന്‍കിട സൂപ്പര്‍മാര്‍ക്കറ്റുകളുടെ ഈ തീരുമാനത്തെ തീര്‍ച്ചയായും വാഹന ഉടമകള്‍ സ്വാഗതം ചെയ്യും. ഈ നടപടി എല്ലാ സൂപ്പര്‍മാര്‍ക്കറ്റുകളും ഡീലര്‍മാരും പിന്തുടരേണ്ടതുണ്ടെന്നും ഇവര്‍ പറയുന്നു. അസംസ്‌കൃത എണ്ണവില കുറഞ്ഞതിന്റെ ഫലം കിട്ടുന്ന എല്ലാവരും ഡീസല്‍ വില കുറയ്ക്കാന്‍ തയാറാകണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.