അമ്പരപ്പോടെ സൈബർ ഇടങ്ങൾ കണ്ടിരിക്കുകയാണ് ഇൗ മലയാളി യുവാവിന്റെ വിഡിയോ. ഭൂമിക്ക് ഭാരമായ പ്ലാസ്റ്റിക്കിൽ നിന്നും പെട്രോൾ ഉണ്ടാക്കിയിരിക്കുകയാണ് ഇദ്ദേഹം. വിഡിയോ പോസ്റ്റ് ചെയ്ത് ഒരു ദിവസത്തിനുള്ളിൽ തന്നെ വിഡിയോ യൂട്യൂബ് ട്രന്റിങ് ലിസ്റ്റിൽ രണ്ടാം സ്ഥാനത്തെത്തി. എം4ടെക് വ്ലോഗർ സിയോ ജോസഫിന്റെ വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

പെട്രോൾ പോലെയുള്ള ഒരു ഇന്ധനമാണ് പ്ലാസ്റ്റിക്കിൽ നിന്ന് നിർമിക്കുന്നത്. ഒരു ഓയിലിന്റെ തകര ക്യാൻ, അലൂമിനിയം ട്യൂബ്, ഗ്ലാസ് ജാർ എന്നിവയാണ് വേണ്ടത്. പ്ലാസ്റ്റിക് വേസ്റ്റുകൾ ക്യാനിലിട്ട് ഉരുക്കി ട്യൂബ് വഴി ജാറിലെത്തിക്കുന്നു. ജാറിലെത്തുന്ന വാതക രൂപത്തിലുളള ഇന്ധനം ഐസ് ഉപയോഗിച്ച് ദ്രാവക രൂപത്തിലേക്ക് മാറ്റുകയാണ്.

എന്നാൽ, ജാറിൽ എത്തുന്ന ഇന്ധനം പെട്രോളിയം രൂപത്തിലാണ്. ഈ ഇന്ധനം കൂടുതൽ ശുദ്ധീകരിച്ചതിന് ശേഷം മാത്രമാണ് പെട്രോൾ, ഡീസൽ, മണ്ണെണ്ണ രൂപത്തിൽ ഉപയോഗിക്കാൻ കഴിയൂ. പൈറോലിസിസ് രീതിയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഇത്തരത്തിൽ ഇന്ധനമുണ്ടാക്കുന്ന രീതിയെ പറയുന്നത് പൈറോലിസിസ് ഓഫ് പ്ലാസ്റ്റിക് എന്നാണ്. ഈ പ്ലാസ്റ്റിക് ഇന്ധനത്തിൽ നിന്നു വേണ്ട രീതിയിൽ മറ്റു ഇന്ധനങ്ങൾ വേർത്തിരിച്ചെടുക്കാനാകും.