ലണ്ടന്‍: സാധാരണയായി ബ്രിട്ടനില്‍ നടക്കുന്ന പല ക്യാംപെയിനുകളും കുടിയേറ്റക്കാരായ ആളുകളുടെ കുട്ടികളുടെ വിദ്യാഭ്യാസപരമായ മുന്നേറ്റത്തിന് വേണ്ടിയാണ്. പൊതുവില്‍ കുടിയേറ്റക്കാരുടെ കുട്ടികളില്‍ പഠന വൈദഗ്ദ്ധ്യം കുറവാണെന്ന ധാരണയാണ് ഇതിന് പിന്നില്‍. എന്നാല്‍ സമീപകാലത്ത് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം യു.കെ പൗരന്മാരായ വെള്ളക്കാരായ കുട്ടികള്‍ക്ക് വായിക്കാനുള്ള വൈദഗദ്ധ്യം കുടിയേറ്റക്കാരായ കുട്ടികളെ കുറവാണെന്ന് ബോധ്യമാകുന്നതാണ്. ഫോണിക്‌സ് പരീക്ഷയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 5 വയസുള്ള കുട്ടികളില്‍ നടത്തിയിരിക്കുന്ന പരീക്ഷാഫലം നിലവിലുണ്ടായിരിക്കുന്ന പല ധാരണകളെയും മാറ്റി മറിക്കുന്നതാണ്.

നിരവധി വാക്കുകള്‍ ഒന്നിച്ചുവെച്ച് കുട്ടികളോട് ശരിയായവ ചൂണ്ടിക്കാണിക്കാന്‍ ആവശ്യപ്പെടുന്നതാണ് ഫോണിക്‌സ് ടെസ്റ്റിന്റെ രീതി. സ്‌കൂള്‍ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള പ്രാഥമിക പരീക്ഷകളുടെ ഗണത്തില്‍പ്പെടുത്താവുന്നവയാണിത്. പരീക്ഷയില്‍ വളരെ ആത്മവിശ്വാസത്തോടെ പങ്കെടുത്തത് കുടിയേറ്റക്കാരുടെയും കുട്ടികളാണ്. മാതാപിതാക്കളില്‍ ആരെങ്കിലും യു.കെ പൗരന്മാരായിട്ടുള്ളവരുടെ കുട്ടികളും പരീക്ഷയില്‍ നന്നായി സ്‌കോര്‍ ചെയ്തു. 83.9 ശതമാനം കറുത്തവര്‍ഗക്കാരായ കുട്ടികള്‍ പരീക്ഷയില്‍ വിജയിച്ചു. മാതാപിതാക്കളില്‍ ആരെങ്കിലും യു.കെ പൗരന്മാരായിട്ടുള്ളവരുടെ കുട്ടികള്‍ 84.2 ശതമാനം വിജയം സ്വന്തമാക്കിയപ്പോള്‍ ഏഷ്യന്‍ വംശജരായ 85.5 ശതമാനം കുട്ടികള്‍ പരീക്ഷ വിജയിച്ചു.

അതേസമയം വെറും 82.6 ശതമാനം വെള്ളക്കാരായ വിദ്യാര്‍ത്ഥികള്‍ മാത്രമാണ് പരീക്ഷയില്‍ വിജയിച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ 79.2 ശതമാനം പേര്‍ ആണ്‍കുട്ടികളും 86.1 ശതമാനം പെണ്‍കുട്ടികളുമാണ്. മറ്റൊരു പ്രധാനകാര്യം വിജയിച്ചവരില്‍ എല്ലാ വിഭാഗക്കാരിലും മികച്ച പ്രകടനം നടത്തിയിരിക്കുന്നത് പെണ്‍കുട്ടികളാണ്. ഏഷ്യന്‍ വംശജരില്‍ 82.1 ശതമാനം മാത്രം ആണ്‍കുട്ടികള്‍ വിജയിച്ചപ്പോള്‍ 89.1 ശതമാനം പെണ്‍കുട്ടികളാണ് വിജയം സ്വന്തമാക്കിയിരിക്കുന്നത്. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കുടിയേറ്റ വിഭാഗങ്ങളുടെ പഠന സഹായത്തിനായി നിരവധി പദ്ധതികള്‍ ഇപ്പോള്‍ നടപ്പിലാക്കുന്നുണ്ട്. കുടിയേറ്റക്കാരുടെ വിദ്യഭ്യാസ കാര്യത്തിലുളള ‘പാവം’ മനോഭാവം മാറ്റേണ്ട സമയമാണിതെന്നും ഇക്കാര്യങ്ങളില്‍ അവര്‍ ഏറെ മുന്നേറിയിട്ടുണ്ടെന്നും റിയല്‍ എജ്യുക്കേഷന്‍ ക്യാംപെയിന്‍ ചെയര്‍മാന്‍ ചൂണ്ടിക്കാണിച്ചു.