കൊറോണ വൈറസ് ബാധ ലോകം മുഴുവന്‍ പടരുന്നതിനിടെ ഏറ്റവും അധികം തിരിച്ചടി നേരിട്ടിരിക്കുന്ന സ്ഥാപനങ്ങളിലൊന്നായി മാറിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്. ഐപിഎല്‍ ഏതുവിധേനയും നടത്തിയാല്‍ തന്നെ ഇനി ഉദ്ദേശം 1500 കോടി രൂപയാണ് ബിസിസിഐയ്ക്ക് നഷ്ടപ്പെടുക. ഐപിഎല്‍ ഉപേക്ഷിച്ചാല്‍ നഷ്ടം 10000 കോടി രൂപയായി ഉയരും.

മറ്റൊരു കലണ്ടര്‍ തിയതിയിലേക്ക് ഐപിഎല്‍ പുനര്‍നിശ്ചയിച്ചാല്‍ സ്പോണ്‍സര്‍ഷിപ്പ് ഇനത്തില്‍ 1,200 കോടിയോളം രൂപയാണ് ഒറ്റയടിക്ക് നഷ്ടമാകുക. അടച്ച സ്റ്റേഡിയത്തിലാണ് ഐപിഎല്‍ നടത്തുന്നതെങ്കില്‍ കരാറില്‍ നിന്നും പിന്മാറുമെന്ന് വിവോ, ആമസോണ്‍, ഫോണ്‍പേ തുടങ്ങിയ കമ്പനികള്‍ സൂചിപ്പിച്ചതായി ഇക്കണോമിക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്പോണ്‍സര്‍ഷിപ്പ് കരാറില്‍ ഭേദഗതി വേണമെന്ന് ആവശ്യപ്പെടുന്നവരും കുറവല്ല. നഷ്ടം സഹിച്ചായാലും ഐപിഎല്‍ നടത്തുന്നതിനെ കുറിച്ചാണ് ബിസിസിഐയുടെ ഇപ്പോഴത്തെ ചിന്ത

നിലവില്‍ ഏപ്രില്‍ 15 -നാണ് ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിക്കാനിരിക്കുന്നത്. പക്ഷെ കൊറോണ വൈറസ് ബാധ നിയന്ത്രണവിധേയമായിട്ടില്ല. ഈ സാഹചര്യത്തില്‍ ഏപ്രില്‍ 15 -ന് കളി നടക്കുമോയെന്ന കാര്യം സംശയത്തിലാണ്. ഇതോടെ ജൂലൈ – സെപ്തംബര്‍ മാസം ഐപിഎല്‍ നടത്തുന്നതിനെ കുറിച്ചു ബിസിസിഐ ഭാരവാഹികള്‍ ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു.

മറ്റൊരു തിയതിയിലേക്ക് മത്സരം വീണ്ടും നീട്ടുകയാണെങ്കില്‍ മത്സരക്രമം ബോര്‍ഡ് കാര്യമായി വെട്ടിച്ചുരുക്കും. നേരത്തെ, 2009 ഐപിഎല്‍ സീസണ്‍ അഞ്ചാഴ്ച്ച കൊണ്ടാണ് ബിസിസിഐ പൂര്‍ത്തിയാക്കിയത്. അന്ന് ദക്ഷിണാഫ്രിക്കയായിരുന്നു വേദി. സമാനമായ മത്സരക്രമമായിരിക്കും ഈ വര്‍ഷവും ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് കൈക്കൊള്ളുക.