മുംബൈ: മുംബൈയിലെ ജനവാസ മേഖലയില്‍ ചാര്‍ട്ടേഡ് വിമാനം തകര്‍ന്നു വീണ് അഞ്ച് പേര്‍ മരിച്ചു. ഘാട്കോപ്പറിലെ സര്‍വോദയ് നഗറില്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. ലാന്‍ഡിങ്ങിന് ശ്രമിക്കുന്നതിനിടെ തകര്‍ന്നുവീഴുകയായിരുന്നു. ബീച്ച്‌ക്രാഫ്റ്റ് കിങ് എയര്‍ സി 90 എന്ന വിമാനമാണ് തകര്‍ന്ന് വീണത്.

യു.പി സര്‍ക്കാരിന്റെ വിമാനമാണെന്നായിരുന്നു പ്രാഥമിക വിവരം. എന്നാല്‍ ഇത് സര്‍ക്കാര്‍ വൃത്തങ്ങള്‍ നിഷേധിച്ചു.

ഇതേ വിമാനം അലഹബാദില്‍ മറ്റൊരു അപകടത്തില്‍ പെട്ടിരുന്നു. ശേഷം സംസ്ഥാന സര്‍ക്കാര്‍  2014-ല്‍ വിമാനം മുംബൈ യു.വൈ ഏവിയേഷന് കൈമാറിയാതാണെന്നാണ് സര്‍ക്കാര്‍ വിശദീകരണം. പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചത്.

പണി നടന്ന് കൊണ്ടിരിക്കുന്ന ഒരു കെട്ടിടത്തിന് മുകളിലാണ് വിമാനം തകര്‍ന്ന് വീണത്. ആ സമയം അവിടെ തൊഴിലാളികള്‍ ഉണ്ടായിരുന്നു. കെട്ടിടത്തിന് ചുറ്റിലായി നിരവധി വീടുകളും ഫ്ളാറ്റുകളും ഉണ്ട്. വിമാനം വീണതിനെ തുടര്‍ന്ന് അവര്‍ക്കെന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. അപകടം നടന്ന പ്രദേശത്തെ ആളുകളെ ഒഴിപ്പിച്ചാണ് ഫയര്‍ഫോഴ്സ് രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്.