വൈദ്യുതി കമ്പികളിലും പോസ്റ്റുകളിലും, ട്രാഫിക് ലൈറ്റുകളിലും തട്ടി വിമാനം നിരവധി വാഹനങ്ങൾക്കു മുകളിലൂടെ തകർന്നു വീഴുന്ന ഞെട്ടിക്കുന്ന വിഡിയോ പുറത്തു വന്നു. വാഷിങ്ടണിലെ മകിൽടെയോയിൽ ഇന്നലെയായിരുന്നു സംഭവം. പൈൻ ഫീൽഡ് വിമാനത്താവളത്തിൽ നിന്നു പറന്നുയർന്ന  ഒറ്റ എൻജിൻ വിമാനമാണ് എൻജിൻ തകരാറിനെ തുടർന്ന് അപകടത്തിൽ പെട്ടത്. ഈ സമയം ഇതേ റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന ഒരു കാറിന്റെ ഡാഷ് കാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. തീയും പുകയും ഉയർന്നതോടെ വാഹനത്തിനുള്ളിൽ വരെ ചൂട് അനുഭവപ്പെട്ടതായി കാർ ഡ്രൈവർമാർ പറഞ്ഞു. നിരവധി വാഹനങ്ങൾക്ക് കേടു പറ്റിയിട്ടുണ്ട്. ഇന്ധനടാങ്ക് തകർന്നതാണ് സ്ഫോടനത്തിനിടയാക്കിയത്. എന്നാൽ പൈലറ്റും സഹയാത്രികരും അപകട സ്ഥലത്തു നിന്നു നടന്നു പോകുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മൂന്നു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെങ്കിലും ആരുടെയും പരുക്ക് ഗുരുതരമല്ല.