കാര്‍ഡിഫ്: അര്‍ജന്റീനന്‍ ഫുട്‌ബോളര്‍ എമിലിയാനോ സാല സഞ്ചരിച്ച വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. സ്വകാര്യ ഏജന്‍സി നടത്തിയ അന്വേഷണത്തില്‍ ഇംഗ്ലീഷ് ചാനലിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. അതേസമയം സാലയെക്കുറിച്ച് അദ്ദേഹത്തൊടപ്പം ഉണ്ടായിരുന്ന പൈലറ്റ് ഡേവിഡ് ഇബോടസണെക്കുറിച്ചും യാതൊരു വിവരവും ലഭിച്ചിട്ടില്ല. ഇരുവരും അപകടത്തില്‍ മരണപ്പെട്ടിരിക്കുമെന്നാണ് രാക്ഷാദൗത്യം നടത്തുന്നവര്‍ നല്‍കുന്ന സൂചന. ഇരുവര്‍ക്കും വേണ്ടിയുള്ള തെരച്ചില്‍ തുടരും. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ കാര്യം ഇരുവരുടെയും കുടുംബങ്ങളെ അറിയിച്ചിട്ടുണ്ട്. സ്വകാര്യ ഏജന്‍സി വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതോടെ അന്വേഷണം യു.കെ എയര്‍ ആക്‌സിഡന്റ് ഇന്‍വസ്റ്റിഗേഷന്‍ ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ കാര്‍ഡിഫ് സിറ്റിക്കുവേണ്ടി 19.3 ദശലക്ഷം ഡോളറിന് കരാര്‍ ഒപ്പിട്ടതിനു പിന്നാലെയാണ് എമിലിയാനോ സാലയെ കാണാതാവുന്നത്. കാര്‍ഡിഫിലേക്കുള്ള യാത്രാ മധ്യേ അദ്ദേഹത്തിന്റെ വിമാനവുമായുള്ള ബന്ധം നഷ്ട്ടപ്പെടുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. ചാനല്‍ ദ്വീപിന് സമീപം വെച്ച് റഡാറില്‍നിന്ന് വിമാനം അപ്രത്യക്ഷമാകുകയായിരുന്നു. പിന്നീട് അദ്ദേഹം വിമാനത്തില്‍ സഞ്ചരിച്ചുവെന്ന് കരുതുന്ന സ്ഥലത്ത് ദിവസങ്ങള്‍ നീണ്ട തെരച്ചില്‍ നടത്തിയ അധികൃതര്‍ സൂചനകളൊന്നും ലഭിക്കാതിരുന്നതോടെ ഔദ്യോഗിക അന്വേഷണം അവസാനിപ്പിച്ചു. തെരെച്ചില്‍ നിര്‍ത്തരുതെന്ന് ലോകഫുട്‌ബോളര്‍ മെസി ഉള്‍പ്പെടെയുള്ളവര്‍ അപേക്ഷയുമായി രംഗത്ത് വന്നു. അപേക്ഷ സര്‍ക്കാര്‍ വൃത്തങ്ങള്‍ തള്ളിയതോടെ സ്വകാര്യ ഏജന്‍സികളെ ഉപയോഗിച്ച് അന്വേഷണം തുടരാന്‍ സാലയുടെ കുടുംബം തീരുമാനിക്കുകയായിരുന്നു.

തെരച്ചിലിനായി നടത്തിയ ഫണ്ട് റൈസിംഗ് പരിപാടിക്ക് വലിയ പിന്തുണയാണ് ഓണ്‍ലൈന്‍ കൂട്ടായ്മകളില്‍ നിന്നും ലഭിച്ചത്. രണ്ട് ബോട്ടുകളുള്‍പ്പടെയുള്ള സംഘമാണ് സാലക്ക് വേണ്ടി തെരച്ചില്‍ നടത്തിയിരുന്നത്. ഫ്രാന്‍സ് ഫുട്‌ബോള്‍ താരം എംപാബെ ഉള്‍പ്പെടെയുള്ളവര്‍ തെരച്ചിലിനായി സാമ്പത്തിക സഹായം നല്‍കിയിരുന്നു. വിമാനം തകരുന്നതിന് മുമ്പ് സാല കുടുംബാംഗങ്ങുമായി നടത്തിയ സംസാരത്തിന്റെ പൂര്‍ണരൂപം നേരത്തെ പുറത്തുവന്നിരുന്നു. ‘ഒന്നര മണിക്കൂറിനുള്ളില്‍ എന്നെ കുറിച്ച് വിവരമൊന്നും നിങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെങ്കില്‍, എന്നെ കണ്ടെത്താന്‍ ആരെയെങ്കിലും പറഞ്ഞയക്കേണ്ടി വരുമോയെന്ന് എനിക്കറിയില്ല. എനിക്ക് ഭയമാകുന്നു’ എന്നായിരുന്നു സാലയുടെ അവസാന വാക്കുകള്‍.