ലണ്ടന്‍ : ഭക്ഷ്യ ധാന്യങ്ങളില്‍ പ്ലാസ്റ്റികിന്റെ അംശം കൂടുന്നതില്‍ ലോക വ്യാപകമായി ആശങ്കയുയരുന്നുണ്ട്. പ്ലാസ്റ്റിക് കലര്‍ന്ന മുട്ട ,അരി എന്നിവയൊക്കെ വളരെ നാളുകളായിസോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ പ്ലാസ്റ്റിക് ഭക്ഷണ ആശങ്ക യുകെയിലും എത്തുന്നു. ടെസ്‌കോയില്‍ നിന്നും വാങ്ങിയ കാബേജില്‍ പ്ലാസ്റ്റിക് അംശമുണ്ടെന്നാണ് പ്രചാരണം. കാബേജിന് തീകൊടുത്താല്‍ കത്തുന്നുവെന്നത് ഉപഭോക്താക്കക്കളെ ഭയപ്പെടുത്തുന്നു.

ഈ കാബേജിന് കട്ടി കൂടുതലാണെന്നും കത്തിയപ്പോള്‍ ഇതില്‍ നിന്നും പ്ലാസ്റ്റിക്കിന്റെ ഗന്ധം ഉയര്‍ന്നതായും ഉപഭോക്താവായ ടിന ഡെമിലി പറയുന്നു. ടെസ്‌കോ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ കാബേജ് പതിവില്ലാതെ കട്ടികൂടിയതായിരുന്നു. യഥാര്‍ത്ഥമല്ലെന്നും തോന്നിച്ചതോടെയാണ് ഇവര്‍ ഇത് മുറിച്ച് നോക്കിയത്. വിചിത്രമായ ഗന്ധത്തില്‍ സംശയം തോന്നി ഇവര്‍ കാബേജിന് തീകൊടുത്തു. തീകൊടുക്കുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ സമാന അനുഭവങ്ങളുമായി നിരവധി പേര്‍ രംഗത്ത് വന്നു. സൂപ്പര്‍മാര്‍ക്കറ്റുകളെ താന്‍ ഉപേക്ഷിക്കുകയാണെന്ന് സോമര്‍സെറ്റിലെ വെസ്‌റ്റോണ്‍-സൂപ്പര്‍-മെയറില്‍ നിന്നുമുള്ള രണ്ട് മക്കളുടെ അമ്മയായ 52-കാരി ഡെമിലി പറഞ്ഞു. ഫ്രഷ് റെഡ്മീയര്‍ ഫാംസ് കാബേജ് ഇനത്തില്‍ നിന്നുമാണ് ഡെമിലി കാബേജ് വാങ്ങിയത്.

എന്നാല്‍ കാബേജില്‍ പൊതിഞ്ഞിട്ടുള്ള പ്ലാസ്റ്റിക്കാവാം പ്രശ്‌നം സൃഷ്ടിക്കുന്നതെന്ന് ഒരു കൂട്ടര്‍ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത തീപോലെ പടര്‍ന്നുപിടിക്കുകയാണ്. എന്നാല്‍ ടെസ്‌കോ ആരോപണം തള്ളുകയാണ്. പ്ലാസ്റ്റിക് കാബേജ് വിവാദം മലയാളികളെയും ആശങ്കയിലാഴ്ത്തി. കാബേജിന്റെ ഏറ്റവും കൂടുതല്‍ ഉപഭോക്താക്കള്‍ മലയാളികളടക്കമുള്ളവരാണ്.