സ്വന്തം ലേഖകന്‍

യുകെ മലയാളികള്‍ക്കിടയിലെ ജനകീയ വിനോദമായ ചീട്ടുകളിയുടെ രാജാക്കന്മാരെ കണ്ടെത്താന്‍ കേരള ക്ലബ് നനീട്ടന്‍ നടത്തി വരുന്ന ഓള്‍ യുകെ ചീട്ടുകളി മത്സരം ശനിയാഴ്ച ചീട്ടുകളി പ്രേമികളില്‍ ആവേശമുണര്‍ത്തി സമാപിച്ചു. കെറ്ററിംഗ് സോഷ്യല്‍ ക്ലബ്ബില്‍ നടന്ന ചീട്ടുകളി മത്സരത്തില്‍ പങ്കെടുക്കുന്നതിനും കളി കാണാനും കളിക്കാരെ പ്രോത്സാഹിപ്പിക്കാനും മറ്റുമായി യുകെയുടെ പല ഭാഗങ്ങളില്‍ നിന്നായി നിരവധി മലയാളികള്‍ എത്തിച്ചേര്‍ന്നിരുന്നു. പ്രത്യേകം ടീം ജഴ്സിയണിഞ്ഞു മത്സരങ്ങള്‍ നിയന്ത്രിച്ച കേരള ക്ലബ് ഭാരവാഹികളും, ഗ്ലാസ്ഗോ റമ്മി ടീമും, മാഞ്ചസ്റ്റര്‍ സെവന്‍സ് ക്ലബ്ബും, ടോര്‍ക്കേയ് ടൈഗേഴ്സും മറ്റ് കളിക്കാരും കാണികളും ഒക്കെ ചേര്‍ന്നപ്പോള്‍ കാലത്ത് മുതല്‍ തന്നെ കെറ്ററിംഗില്‍ ഉത്സവപ്രതീതിയായിരുന്നു.

പങ്കെടുക്കാനെത്തിയ എല്ലാവര്‍ക്കും വേണ്ടി വിശാലമായ പാര്‍ക്കിംഗ് സൗകര്യവും, ഇവിടേക്ക് തെറ്റാതെ എത്തിച്ചേരാന്‍ വഴിയിലുടനീളം മാര്‍ക്കിംഗുകളും മറ്റുമായി സംഘാടകര്‍ എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നു. കാലത്ത് പത്തര മുതല്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. പന്ത്രണ്ട് മണിയോടെ ചീട്ടുകളി മത്സരത്തിന്‍റെ ഔപചാരിക ഉദ്ഘാടനം നടത്തി. യുക്മ പ്രസിഡന്റ് മാമന്‍ ഫിലിപ്പ്, മലയാളം യുകെ ചീഫ് എഡിറ്റര്‍ ബിന്‍സു ജോണ്‍, കെറ്ററിംഗ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സോബിന്‍, എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ചടങ്ങില്‍ കേരള ക്ലബ് ട്രഷറര്‍ ജിറ്റോ ജോണ്‍ സ്വാഗതവും, പ്രസിഡന്റ് ജോബി ഐത്തിയില്‍ നന്ദിയും പറഞ്ഞു.

തുടര്‍ന്ന് വാശിയേറിയ ലേലം മത്സരമായിരുന്നു ആദ്യം നടന്നത്. നിരവധി ടീമുകള്‍ പങ്കെടുത്ത ലേലം മത്സരം അത്യന്തം വീറും വാശിയും നിറഞ്ഞതായിരുന്നു. പതിനെട്ടടവുകളും ടീമുകള്‍ പുറത്തെടുത്ത മത്സരത്തിനൊടുവില്‍ ഓക്സ്ഫോര്‍ഡില്‍ നിന്നെത്തിയ പയസ്സും ജിമ്മിയും ഒന്നാമതെത്തി. ബിജുവും ജിമ്മിയും (ഹോര്‍ഷം) രണ്ടാമതെത്തിയപ്പോള്‍ ജോസ് മാത്യു (വാര്‍വിക് ), അജയ കുമാര്‍ (ബോള്‍ട്ടന്‍) എന്നിവരുടെ ടീം മൂന്നാമതെത്തി.

റമ്മി കളി മത്സരത്തില്‍ ഒന്നാമതെത്തിയത് ബര്‍മിംഗ്ഹാമില്‍ നിന്നുള്ള റെജി തോമസ്‌ ആണ്. ആതിഥേയ ടീമില്‍ നിന്നുള്ള സജീവ്‌ സെബാസ്റ്റ്യന് ആണ് രണ്ടാം സ്ഥാനം. അജയ കുമാര്‍ ബോള്‍ട്ടന്‍ മൂന്നാമതെത്തി.

ലേലം മത്സരത്തിലെയും, റമ്മി കളി മത്സരത്തിലെയും വിജയികള്‍ക്ക്  ഏറ്റവും ആകര്‍ഷകമായ സമ്മാനങ്ങളാണ് ഒരുക്കിയിരുന്നത്.രണ്ടിയിരത്തോളം പൗണ്ടാണ് വിജയികള്‍ക്ക് സമ്മാനിച്ചത് .റമ്മിയില്‍ ഒന്നാമത് എത്തിയ  ടീമിന്  £501 പൗണ്ടും ട്രോഫിയും  പൂവന്‍ താറാവുമാണ് ലഭിച്ചത് .രണ്ടാമത് എത്തിയ ടീമിന് £251 പൗണ്ടും ട്രോഫിയും ലഭിച്ചു. റമ്മിയിലെ മൂന്നാം സ്ഥാനക്കാര്‍ക്ക് £101 പൗണ്ടും ട്രോഫിയും ലഭിച്ചു.

ലേലത്തില്‍ ഒന്നാമത് എത്തിയ ടീമിനും £501 പൗണ്ടും ട്രോഫിയും പൂവന്‍ താറാവുമാണ് ലഭിച്ചത് രണ്ടാമത് എത്തിയ ടീമിന്  £251 പൗണ്ടും ട്രോഫിയും മൂന്നാം സ്ഥാനക്കാര്‍ക്ക് £101 പൗണ്ടും ട്രോഫിയും ലഭിച്ചു.

മത്സരങ്ങള്‍ സുഗമമായി നടത്തുന്നതില്‍ കേരള ക്ലബ് ഭാരവാഹികളും കെറ്ററിംഗ് മലയാളി അസോസിയേഷന്‍ ഭാരവാഹികളും അഭിനന്ദനാര്‍ഹമായ പരിശ്രമം ആയിരുന്നു കാഴ്ച വച്ചത്. കേരള ക്ലബ് ഭാരവാഹികളായ ജോബി ഐത്തിയില്‍, ജിറ്റോ ജോണ്‍, ബിന്‍സ് ജോര്‍ജ്ജ്, സെന്‍സ് കൈതവേലില്‍, സജീവ്‌ സെബാസ്റ്റ്യന്‍, കെറ്ററിംഗ് മലയാളി അസോസിയേഷന്‍ ഭാരവാഹികളായ സോബിന്‍, സിബു ജോസഫ്, മത്തായി തുടങ്ങിയവര്‍ സദാ സമയവും എല്ലാ കാര്യങ്ങളും ഭംഗിയായി നിര്‍വഹിച്ച് തങ്ങളുടെ കടമ നിറവേറ്റി.

രുചികരമായ ഭക്ഷണം ആയിരുന്നു മറ്റൊരു പ്രത്യേകത. കേരളീയ തനിമയില്‍ ഒരുക്കിയ വിവിധ ഭക്ഷണ വിഭവങ്ങള്‍ സമയാ സമയങ്ങളില്‍ ലഭ്യമാക്കി കളിക്കാര്‍ക്കും കാണികള്‍ക്കും നല്‍കുന്നതിലും സംഘാടകര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

കൂടുതല്‍ ചിത്രങ്ങള്‍ക്ക് താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക