സ്‌കൂളുകള്‍ അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായി കൂടുതല്‍ പണം അനുവദിക്കണമെന്ന ആവശ്യവുമായി കൗണ്‍സിലര്‍മാര്‍. ആയിരത്തിലേറെ കൗണ്‍സിലര്‍മാര്‍ എജ്യുക്കേഷന്‍ സെക്രട്ടറി ഡാമിയന്‍ ഹിന്‍ഡ്‌സിന് എഴുതിയ കത്തിലാണ് അധിക ഫണ്ട് അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. 2009-10 അധ്യയന വര്‍ഷത്തിനും 2017-18 വര്‍ഷത്തിനുമിടയില്‍ ഇഗ്ലണ്ടിലെ സ്‌കൂളുകളിലെ ഓരോ വിദ്യാര്‍ത്ഥിക്കും അനുവദിച്ചിരുന്ന ഫണ്ടിന്റെ നിരക്ക് എട്ടു ശതമാനമായി ഇടിഞ്ഞിട്ടുണ്ടെന്ന് കഴിഞ്ഞ വര്‍ഷം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസ്‌കല്‍ സ്റ്റഡീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫണ്ടുകള്‍ വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവുമായി കൗണ്‍സിലര്‍മാര്‍ രംഗത്തെത്തിയിരിക്കുന്നത്. കത്ത് ഇന്നലെ വെസ്റ്റ്മിന്‍സ്റ്ററിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ എജ്യുക്കേഷന്‍ ആസ്ഥാനത്തുവെച്ച് അധികൃതര്‍ക്ക് കൈമാറി.

2015 മുതല്‍ സ്റ്റേറ്റ് ഫണ്ടഡ് സ്‌കൂളുകള്‍ക്ക് ലഭിക്കാനുള്ള ബില്യന്‍ കണക്കിന് പൗണ്ടിന്റെ ഫണ്ടാണ് ഇല്ലാതായിരിക്കുന്നത്. എജ്യുക്കേഷന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്ക് അനുസരിച്ച് കൗണ്‍സിലുകള്‍ നടത്തുന്ന സ്‌കൂളുകളില്‍ മൂന്നിലൊന്നും അക്കാഡമികളില്‍ പത്തില്‍ എട്ടും കടത്തിലാണ്. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി രക്ഷിതാക്കളുടെ മുന്നില്‍ യാചിക്കേണ്ട ദുരവസ്ഥയിലാണ് ഹെഡ്ടീച്ചര്‍മാരെന്ന് കൗണ്‍സിലര്‍മാര്‍ പറയുന്നു. ചില സ്‌കൂളുകള്‍ അധ്യയന സമയം വെട്ടിച്ചുരുക്കിയിരിക്കുകയാണ്. സൗത്ത് വെസ്റ്റ് ലണ്ടനിലെ സേര്‍ബിറ്റണിലുള്ള ടോള്‍വര്‍ത്ത് ഗേള്‍സ് സ്‌കൂളിന്റെ ഹെഡ്ടീച്ചര്‍ സിയോബാന്‍ ലോവ് തനിക്ക് സ്‌കൂളിലെ ടോയ്‌ലെറ്റ് വൃത്തിയാക്കേണ്ടി വന്നതിന്റെയും ക്യാന്റീനില്‍ ഭക്ഷണം വിളമ്പേണ്ടി വന്നതിന്റെയും അനുഭവം വിവരിച്ചത് കഴിഞ്ഞ മാസമാണ്. പണമില്ലാത്തതിനാല്‍ ഒരു ഡെപ്യൂട്ടിയെ നിയമിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ് സ്‌കൂളിനെന്നും അവര്‍ പറഞ്ഞിരുന്നു.

സ്‌കൂളുകളുടെ ഫണ്ടുകള്‍ വെട്ടിക്കുറയ്ക്കുന്നത് ഇംഗ്ലണ്ടിലും വെയിസിലും ഒരു പകര്‍ച്ചവ്യാധിയുടെ സ്വഭാവത്തിലേക്ക് മാറിയിരിക്കുകയാണെന്ന് നാഷണല്‍ എജ്യുക്കേഷന്‍ യൂണിയന്റെ കൗണ്‍സിലേഴ്‌സ് നെറ്റ് വര്‍ക്ക് കണ്‍വീനര്‍ മാഗി ബ്രൗണിംഗ് പറഞ്ഞു. ഫണ്ടുകള്‍ വെട്ടിക്കുറയ്ക്കുന്നത് പാഠ്യപദ്ധതിയെ ഗുരുതരമായി ബാധിക്കുകയാണ്. ഡ്രാമ ആന്‍ഡ് ആര്‍ട്ട് പോലെയുള്ള വിഷയങ്ങള്‍ ഇതേത്തുടര്‍ന്ന് സ്‌കൂളുകള്‍ ഉപേക്ഷിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി.