ജീമോന്‍ റാന്നി, ഹൂസ്റ്റണ്‍.

ഹൂസ്റ്റണ്‍: അമേരിക്ക ആസ്ഥാനമായി ആഗോള അടിസ്ഥാനത്തില്‍ പ്രവാസി മലയാളികളെ ഒരു കുടക്കീഴില്‍ അണിനിരത്തി അവരുടെ ബഹുമുഖ ഉന്നമനത്തിന് ലക്ഷ്യമിട്ടും, അനുഭവിക്കുന്ന അവശതകളും അവഗണനകളും അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവന്ന് പരിഹാരം കണ്ടെത്തുന്നതിനും, രാഷ്ട്രീയ-മത-വര്‍ഗീയ-ജാതി ചിന്താഗതികള്‍ക്കതീതമായി 2008 ആഗസ്റ്റ് മാസം രൂപീകൃതമായ പ്രവാസി മലയാളി ഫെഡറേഷന്‍(പി.എം.എഫ്) ജനുവരി  6  നു സംഘടിപ്പിക്കുന്ന ആറാമത് ആഗോള കുടുംബസമ്മേളനത്തില്‍ പങ്കെടുക്കുന്ന പ്രതിനിധികളെ സ്വീകരിക്കുന്നതിന് നെടുമ്പാശേരി  സാജ് എർത്തു റിസോർട്  അണിഞ്ഞൊരുങ്ങുകയാണ്.

ചുരുങ്ങിയ കാലഘട്ടത്തിനുള്ളില്‍ പ്രവാസി മലയാളികളുടെ ആശയും ആവേശവുമായി മാറുവാന്‍ പ്രവാസി മലയാളി ഫെഡറേഷനു കഴിഞ്ഞു എന്നതിന് ഉത്തമ ഉദാഹരണമാണ് വിവിധ രാജ്യങ്ങളില്‍ നിന്ന് ലഭിക്കുന്ന സംഖ്യാതീതമായ അംഗത്വ അപേക്ഷകള്‍. ജന്മം കൊണ്ട് കേരളീയനാണെങ്കില്‍ ഉപജീവനാര്‍ത്ഥമോ, വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കോ വിദേശരാജ്യങ്ങളില്‍ കുടിയേറിയവര്‍ പ്രവാസി മലയാളികള്‍ ആണെന്നുള്ള നിര്‍വചനമാണ് ഇത്രയധികം അംഗങ്ങളെ സംഘടനയിലേക്ക് ആകര്‍ഷിക്കാനുള്ള അടിസ്ഥാന കാരണം.

അന്യരാജ്യങ്ങളില്‍ പ്രവാസികളായി കഴിയുന്നവരുടെ പ്രശ്നങ്ങള്‍ മാത്രമല്ല, ജീവിതത്തിന്റെ നല്ലൊരുഭാഗം വിദേശത്ത് ചിലവയിക്കുകയും കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കുകയും ചെയ്തതിനു ശേഷം കേരളത്തിലേക്ക് തിരിച്ചുവന്ന മലയാളികളുടെ ദൈനംദിന ജീവിതത്തില്‍ അനുഭവിക്കുന്ന നീറുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിന് പ്രവാസി മലയാളി ഫെഡറേഷന്‍ നിരവധി കര്‍മ്മ പരിപാടികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. പ്രവാസി മലയാളി ഫെഡറേഷന്‍ വോളണ്ടീയര്‍മാര്‍ ഇവരെ സന്ദര്‍ശിച്ച് ആവശ്യമായ നിര്‍ദ്ദേശങ്ങളും സഹായങ്ങളും നല്‍കിവരുന്നു.

അമേരിക്കയില്‍ തായ്‌വേരുറപ്പിച്ച് വിവിധ രാജ്യങ്ങളില്‍ പടര്‍ന്നു പന്തലിച്ചുകൊണ്ടിരിക്കുന്ന ഒരു വടവൃക്ഷമായി മാറുകയാണ് പ്രവാസി മലയാളി ഫെഡറേഷന്‍. അമേരിക്കയില്‍ താമസിച്ചു നിശബ്ദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ന്യൂയോര്‍ക്കില്‍ നിന്നുള്ള മാത്യു മൂലേച്ചേരില്‍ ഓസ്ട്രിയയില്‍ നിന്നുള്ള ജോസ് മാത്യു പനച്ചിക്കല്‍എന്നിവരാണ് ഈ ആശയത്തിന്റെ സൂത്രധാരർ .കൂടാതെ കഴിവും, പ്രാപ്തിയും, സത്യസന്ധതയും, നിസ്വാര്‍ത്ഥ സേവനവും കൈമുതലായുള്ള ഒരുകൂട്ടം സന്നദ്ധസേവകര്‍ ലോകത്തിന്റെ വിവിധരാജ്യങ്ങളിലിരുന്ന് ഈ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. അമേരിക്കയില്‍ നിന്നുള്ള ഡോ. ജോസ് കാനാട്ട്  സംഘടനയുടെ അഡ്വൈസറി ബോർഡ് ചെയര്‍മാനായും  , പി പി ചെറിയാൻ ഗ്ലോബൽ എക്സിക്യൂട്ടീവ് അംഗമായും, സൗദി അറേബിയയിൽ നിന്നുള്ള റാഫി പാങ്ങോട് പ്രസിഡന്റും,. ബഹറിനിൽ  നിന്നുള്ള ജോൺ ഫിലിപ്പ്  സെക്രട്ടറിയായും ,നൗഫൽ മടത്തറ ട്രെഷററായും  പ്രവര്‍ത്തിക്കുന്നു.

1992 മുതല്‍ ഓസ്ട്രിയയില്‍ കുടിയേറി സ്ഥിരോത്സാഹവും, കഠിന പ്രയത്നവും കൊണ്ട് നിരവധി വ്യവസായ സംരഭങ്ങള്‍ക്ക് തുടക്കമിടുകയും, സാമൂഹിക സേവനരംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തിട്ടുള്ള കൂത്താട്ടുകുളം പൂവംകുളത്ത് പനച്ചിക്കല്‍ ജോസ് മാത്യുവാണ് സംഘടനയുടെ ആഗോള കോര്‍ഡിനേറ്റര്‍. വിവിധ രാജ്യങ്ങളില്‍ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനും, സംഘടനയെ ഇന്നത്തെ നിലയില്‍ ലോക മലയാളി സംഘടനകളുടെ മുന്‍നിരയില്‍ എത്തിക്കുന്നതിനും സ്വാര്‍ത്ഥേച്ഛയില്ലാതെ കര്‍മ്മനിരതനായിട്ടുള്ള ജോസ് മാത്യു പനച്ചിക്കല്‍ പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു.  നെടുമ്പാശേരി  സാജ് റിസോർട് നടക്കുന്ന ആഗോള കുടുംബസംഗമം വിജയിപ്പിക്കുന്നതിന് കണ്‍വെന്‍ഷന്‍ സ്വാഗതം സംഘാംഗങ്ങള്‍ ജോസ് മാത്യുവിന്റെ നേതൃത്വത്തില്‍ ഭഗീരതപ്രയത്നത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.

ഉദ്‌ഘാടന സമ്മേളനത്തിനും, മാധ്യമ സമ്മേളനത്തിനും, ചര്‍ച്ചാ ക്ലാസ്സുകള്‍ക്കും, സംവാദങ്ങള്‍ക്കും, കലാപരിപാടികള്‍ക്കും നെടുമ്പാശേരി  സാജ് എർത്തു റിസോർട്ട് വേദിയാകുന്നു.

മാതൃരാജ്യത്തോടും, പിറന്നുവീണ മണ്ണിനോടും, കുടിയേറിയ രാജ്യത്തോടും കൂറുപുലര്‍ത്തുന്നതും തങ്ങളില്‍ അര്‍പ്പിതമായിട്ടുള്ള കര്‍ത്തവ്യങ്ങള്‍ നിറവേറ്റപ്പെടുന്നു എന്ന് ഉറപ്പാക്കുന്നതിനും ഇരുരാജ്യങ്ങളിലെയും സനാതന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനും അംഗങ്ങളെ സജ്ജാരാക്കുക എന്ന അലിഖിത നിയമങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നു എന്നുള്ളതാണ് മറ്റുള്ള സംഘടനകളില്‍ നിന്നും പ്രവാസി മലയാളി ഫെഡറേഷനെ വ്യത്യസ്തമാക്കുന്നത്. ഈ ലക്ഷ്യം നേടിയെടുക്കുന്നതിന് പ്രതിജ്ഞാബദ്ധമായിട്ടുള്ള പ്രവാസി മലയാളി ഫെഡറേഷന്‍ പ്രവര്‍ത്തനങ്ങളില്‍ നമുക്കും അണി ചേരാം!

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ജോസ് മാത്യു പനച്ചിക്കല്‍(ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍): (91)965-601-2399; (91)974-740-9309(ഇന്ത്യ)

ജിഷിന് പാലത്തിങ്കൽ (കണ്‍വീനര്‍):(91) 9995321010  (ഇന്‍ഡ്യ)

ബേബി  മാത്യു എലക്കാട്ടു:  (91)965-679-2467 (ഇന്‍ഡ്യ)