വർഗ്ഗീസ് ജോൺ

പിറന്ന നാടിന്റെ ഉന്നമനത്തിനും ഉപജീവനമാർഗ്ഗത്തിനും വേണ്ടി സ്വന്തം നാടിനെയും ബന്ധുക്കളെയും വിട്ട് മറുനാട്ടിൽ ജീവിതമാർഗ്ഗം തേടി പോകുകയും ഓരോ നാണയത്തുട്ടും വളരെ കഷ്ടപ്പെട്ട് സ്വരൂപിച്ച് സ്വന്തം നാട്ടിൽ തിരിച്ച് വരുമ്പോൾ ആർക്കും ബാധ്യതയാകാതെ ആർക്ക് മുന്നിലും കൈനീട്ടാതെ സ്വകുടുംബത്തെ സംരക്ഷിക്കുക എന്നത് ഓരോ പ്രവാസിയുടെയും ജീവിതാഭിലാഷമാണ്. പ്രവാസികളുടെ പുനഃരധിധിവാസത്തിന് എല്ലാ സഹായവും നൽകും എന്ന് പ്രഖ്യാപനങ്ങൾ മാത്രം നടത്തുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകൾ അവരുടെ വാക്കുകൾക്ക് എന്തെങ്കിലും നന്മയുണ്ടെങ്കിൽ പ്രവാസികൾക്ക് സ്വന്തം നാട്ടിൽ അവരുടെ ജീവിതം ചുവപ്പ് നാടകളിൽ കുരുങ്ങി തീരാതിരിക്കാൻ പ്രവാസികാര്യ വകുപ്പും നോർക്കയും ഉണർന്ന് പ്രവർത്തിക്കണം. അതിന് പ്രവാസി മലയാളി ഫെഡറേഷൻ പോലുള്ള ജനകീയ സംഘടനകൾ മുന്നിട്ടിറങ്ങണം.

ആന്തൂരില്‍ പാതിവഴിയിൽ ജീവൻ ത്വജിച്ച പ്രവാസി മലയാളി സാജന്റെ ആത്മാവിന് നിത്യശാന്തി നേർന്നു കൊണ്ടും പാറയിൽ കുടുംബത്തിന്റെ ദുഃഖത്തിൽ ലോകമെമ്പാടുമുള്ള പ്രവാസി മലയാളി ഫെഡറേഷൻ അംഗങ്ങളുടെ പ്രാർത്ഥനയും അനുശോചനവും രേഖപ്പെടുത്തുന്നു.

ഇനിയൊരിക്കലും ഒരു പ്രവാസിക്കും അവരുടെ കുടുംബത്തിനും ഇത്രമേൽ ആഘാതം ഉണ്ടാകാതിരിക്കാൻ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥർ മാനുഷിക പരിഗണനയെങ്കിലും നൽകണമെന്ന് പ്രവാസി മലയാളി ഫെഡറേഷൻ ആവശ്യപ്പെടുന്നു. രാജ്യത്തെ സംരക്ഷിച്ച് നിറുത്തുന്ന ധീര ജവാന്മാരും രാജ്യത്തിൻറെ സാമ്പത്തിക ഭദ്രത കൈവരിക്കുന്നതിനായി വിദേശത്ത് പോകുന്ന പ്രവാസികളും ഒരുപോലെയാണ്, ഇരുവരും രാജ്യത്തിൻറെ ഭദ്രതക്ക് വേണ്ടി ജീവിക്കുന്നു. ഇനി ഒരു പ്രവാസിക്കും ഇത്തരമൊരു ദുരനുഭവം ഉണ്ടാകാതിരിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു. പ്രവാസി മലയാളികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഭരണാധികാരികളുടെ പക്കൽ നിന്ന് സംരക്ഷണവും നീതിയും ലഭ്യമാക്കാൻ പ്രവാസി മലയാളി ഫെഡറേഷന്റെ കരങ്ങൾക്ക് ശക്തിപകരുവാൻ വരുംകാല പ്രവർത്തനങ്ങൾക്ക് നമുക്കും അണി ചേരാം.

സാജൻ പാറയിലിന്റെ വേർപാടിൽ പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ കമ്മിറ്റിയുടെ ബാഷ്‌പാഞ്‌ജലി.