ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കിനെ കബളിപ്പിച്ച കോടികള്‍ തട്ടിയെടുത്ത കേസില്‍ നീരവ് മോഡിക്കെതിരെ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. അതേസമയം നീരവ് മോഡിയെ ഇന്ത്യയിലെത്തിച്ച സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട ഹര്‍ജിയെ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍ രംഗത്തു വന്നു. കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി അറ്റോണി ജനറല്‍ കോടതിയെ അറിയിച്ചു.

പഞ്ചാബ് നാഷണല്‍ ബാങ്കിനെ കബളിപ്പിച്ച് 11,300 കോടി രൂപ വജ്ര വ്യവസായി നീരവ് മോദി തട്ടിയെടുത്തന്നെണ് കേസ്. ഹര്‍ജിയെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും കേസ് പരിഗണിക്കുന്നത് മാര്‍ച്ച് 16 ലേക്ക് മാറ്റിയെന്നും കോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് ദിപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

പിഎന്‍ബി, റിസര്‍വ് ബാങ്ക്, ധന, നിയമ മന്ത്രാലയങ്ങള്‍ എന്നിവയെ കക്ഷികളായി ഹര്‍ജിയില്‍ ചേര്‍ത്തിട്ടുണ്ട്. കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണം, പിഎന്‍ബിയിലെ ഉന്നതരുടെ അടക്കം പങ്ക് അന്വേഷിക്കണം, നീരവ് മോദിയെ ഇന്ത്യയില്‍ എത്തിക്കാനുള്ള നടപടികള്‍ തുടങ്ങാന്‍ നിര്‍ദേശിക്കണം തുടങ്ങിയവയാണ് ഹര്‍ജിയിലെ ആവശ്യം.